അറേബ്യന്‍ ജീനിയേഴ്സ് ഹണ്ട് ആദ്യമത്സരം അബുദാബിയില്‍
Monday, December 1, 2014 10:11 AM IST
അബുദാബി: പ്രമുഖ ക്വിസ് മാസ്റര്‍ ഡോ. ജി.എസ് പ്രദീപ് ഒരുക്കുന്ന അറേബ്യന്‍ ജീനിയേഴ്സ് ഹണ്ട് ക്വിസ് പരിപാടിയുടെ ആദ്യമത്സരം അബുദാബിയില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

യുഎഇ, ഖത്തര്‍, സൌദി അറേബ്യ, ഒമാന്‍, ബഹ്റിന്‍ എന്നീ രാജ്യങ്ങളില്‍ നടക്കുന്ന പ്രാഥമിക മത്സരങ്ങളില്‍നിന്നും വിജയികളാകുന്ന രണ്ടുപേര്‍ ഗ്രാന്‍ഡ് ഫിനാലയില്‍ പങ്കെടുക്കും. ഇതിലെ ഒന്നാം സ്ഥാനക്കാരായ വിദ്യാര്‍ഥിക്ക് പത്ത് ലക്ഷം രൂപ സമ്മാനമായി ലഭിക്കുമെന്ന് ജി.എസ് പ്രദീപ് പറഞ്ഞു.

മത്സരങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ഓരോ രാജ്യങ്ങളിലും ഐക്യു മെമ്മറി, ജനറല്‍ നോളജ് വര്‍ക് ഷോപ്പുകള്‍ എന്നിവ സംഘടിപ്പിക്കും. ഇന്ത്യയില്‍നിന്നും പ്രമുഖ വ്യക്തികള്‍ ക്ളാസുകള്‍ നയിക്കും.

ഡിസംബര്‍ രണ്ടാമത്തെ ആഴ്ച അബുദാബി ഇന്ത്യ സോഷ്യല്‍ സെന്ററിലാണ് അറേബ്യന്‍ ജീനിയേഴ്സ് ഹണ്ട് പരിപാടിക്ക് തുടക്കം കുറിക്കുക. തലസ്ഥാനത്തെ വിവിധ സ്കൂളുകളില്‍നിന്നുമെത്തുന്ന മൂവായിരത്തിലധികം വിദ്യാര്‍ഥികളില്‍നിന്നും വ്യത്യസ്തമായ ക്വിസ് മത്സരത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥി നേരിട്ട് ഫൈനല്‍ മത്സരത്തിലെത്തും.

മധ്യപൂര്‍വ ദേശങ്ങളിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ അറിവിന്റെയും ഓര്‍മശക്തിയുടെയും ഒരു നവോത്ഥാനത്തിന് വഴിയൊരുക്കുന്നതിനും വായനാ ശീലത്തിലേക്ക് കുട്ടികളെ മടക്കിക്കൊണ്ടുവരുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി ഒരുക്കുന്നതെന്നും സംഘാടകര്‍ വിശദീകരിച്ചു.

എന്‍ടിഎസ് ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് മാനേജര്‍ തനു താരിഖ്, എഫ്എഫ്സി ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ. സിജി അബ്ദീസോ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള