എകെജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ്: ശക്തി തിയറ്റേഴ്സും എഫ്ഐഒ എഫ്സിയും ജേതാക്കള്‍
Monday, December 1, 2014 10:04 AM IST
അബുദാബി: യുഎഇയിലെ കായികപ്രേമികള്‍ക്ക് ഏറെ ആവേശം പകര്‍ന്നുകൊണ്ട് അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന എകെജി സ്മാരക ഫോര്‍ എ സൈഡ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ സീനിയര്‍ വിഭാഗത്തില്‍ ശക്തി തിയറ്റേഴ്സ് അബുദാബിയും ജൂണിയര്‍ വിഭാഗത്തില്‍ എഫ്ഐഒ എഫ്.സിയും ജേതാക്കളായി.

മൂന്ന് ദിവസങ്ങളിലായി സെന്റര്‍ അങ്കണത്തില്‍ നടന്ന മത്സരത്തില്‍ യുഎ ഇയുടെ വിവിധ എമിറേറ്റുകളില്‍ നിന്നായി 75 ടീമുകള്‍ പങ്കെടുത്തു. സെവന്‍സ് ലെവല്‍സ് ഫുട്ബോളിന്റെ ആവേശം ഒട്ടും ചോര്‍ന്നുപോകാതെ നടന്ന ഫോര്‍ എ സൈഡ് ഫുട്ബോള്‍ ടൂര്‍ണമെന്റ് വീക്ഷിക്കുവാന്‍ ആയിരങ്ങളായിരുന്നു സെന്റര്‍ അങ്കണത്തിലെത്തിയത്.

സീനിയര്‍ വിഭാഗത്തില്‍ 18 ടീമുകളാണ് പങ്കെടുത്തത്. അവസാന നിമിഷം ഉദ്വോഗം നിലനിന്ന ഫൈനല്‍ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ നേടിക്കൊണ്ട് ടെയ്സി ദുബൈ യെ പരാജയപ്പെടുത്തിക്കൊണ്ടാണ് അബുദാബി ശക്തി തിയറ്റേഴ്സ് ട്രോഫിയില്‍ മുത്തമിട്ടത്.

57 ടീമുകള്‍ അണിനിരന്ന ജൂണിയര്‍ വിഭാഗത്തിലെ മത്സരത്തില്‍ എഫ്ഐഒഎഫ്സി വിജയിച്ചപ്പോള്‍ ഡൊമിനേറ്റേഴ്സിനായിരുന്നു റണ്ണര്‍ അപ്പ്.

ടൂര്‍ണമെന്റില്‍ സീനിയര്‍, ജൂണിയര്‍ വിഭാഗങ്ങളില്‍ യഥാക്രമം ഗോവന്‍ ബോയ്സ്, ബ്ളൌഗ്രാന്‍ എഫ്സി എന്നിവര്‍ മൂന്നാം സ്ഥാനത്തിനു അര്‍ഹരായി.

സീനിയര്‍ വിഭഗത്തില്‍ മികച്ച ഗോള്‍ കീപ്പര്‍ ടിറ്റോ (ടെയ്സി ദുബൈ), ടോപ്പ് സ്കോറര്‍ സുഹൈല്‍ (ടെയ്സി ദുബൈ), മികച്ച കളിക്കാരന്‍ റിഷാം (ശക്തി തിയറ്റേഴ്സ്), മികച്ച ഡിസിപ്ളിന്‍ ടീം മീന ബ്രദേഴ്സ് എന്നിവരേയും ജൂണിയര്‍ വിഭാഗത്തില്‍ മികച്ച ഗോള്‍ കീപ്പര്‍ സൌദ് (ബ്ളൌഗ്രാന്‍ എഫ്സി), ടോപ്പ് സ്കോറര്‍ അദ്നാന്‍, ജേക്കബ് (ഡൊമിനേറ്റേഴ്സ്), മികച്ച കളിക്കാരന്‍ ഹാഷിര്‍ ഹംസ (എഫ്ഐഒ എഫ്സി), മികച്ച നവാഗത കളിക്കാരന്‍ അദ്നാന്‍ അബ്ദുള്‍ മുജീബ് (എഫ്സി നിര്‍വാന), മികച്ച ഡിസിപ്ളിന്‍ ടീം ഡൊമിനേറ്റേഴ്സ് എന്നിവരേയും തെരഞ്ഞെടുത്തു. ഫൈനല്‍ മത്സരത്തില്‍ ആദ്യ ഗോള്‍ നേടുന്ന കളിക്കാരനുള്ള ഒഐസിസി മലപ്പുറം ഏര്‍പ്പെടുത്തിയ കാഷ് അവാര്‍ഡിന് അബുദാബി ശക്തി തിയറ്റേഴ്സിലെ അനസ് അര്‍ഹനായി.

എകെജി സ്മാരക എവര്‍ റോളിംഗ് ട്രോഫി ജേതാക്കള്‍ക്ക് കൈരളി ടിവി അശ്വമേധം ഫെയിം ഡോ. ജി.എസ്. പ്രദീപ് ശക്തി തിയറ്റേഴ്സിനു സമ്മാനിച്ചു.

കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം.യു. വാസു, ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, കായിക വിഭാഗം സെക്രട്ടറി റജീദ് പട്ടോളി, ടൂര്‍ണമെന്റ് കോഓര്‍ഡിനേറ്റര്‍ ബാബു ഷാജി എന്നിവര്‍ സമാപന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള