ഷാജന്‍ കുര്യാക്കോസിനെ വിജയിപ്പിക്കുക: ഷിക്കാഗോ മലയാളി ബിസിനസ് അസോസിയേഷന്‍
Monday, December 1, 2014 6:35 AM IST
ഷിക്കാഗോ: ഷിക്കാഗോ സിറ്റി കൌണ്‍സിലിലേക്ക് അമ്പതാം വാര്‍ഡില്‍ നിന്ന് മത്സരിക്കുന്ന ഷാജന്‍ കുര്യാക്കോസിനെ വിജയിപ്പിക്കുവാനുള്ള പ്രവര്‍ത്തനങ്ങളില്‍ അണിചേരുവാന്‍ ഷിക്കാഗോ മലയാളി ബിസിനസ് അസോസിയേഷന്‍ ഫോറം അഭ്യര്‍ത്ഥിച്ചു.

നവംബര്‍ 25-ന് ചൊവ്വാഴ്ച ഷിക്കാഗോയില്‍ മലയാളി ബിസിനസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന പൊതുയോഗം ഷാജന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. സിറ്റി കൌണ്‍സിലിലേക്ക് ഫെബ്രുവരി 15-ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഘടന സ്ഥാനാര്‍ത്ഥി ഷാജന്‍ കുര്യാക്കോസ് വിശദീകരിച്ചു. ഇതുവരെയുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണവും പിന്തുണയുമാണ് ലഭിക്കുന്നതെന്ന് ഷാജന്‍ കുര്യാക്കോസ് വിശദീകരിച്ചു.

ഷിക്കാഗോ കേന്ദ്രീകരിച്ച് ബിസിനസ് നടത്തുന്ന മലയാളികള്‍ ഇതുപോലെയുള്ള മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കടന്നുവരേണ്ടതിന്റെ ആവശ്യകത യോഗം ചര്‍ച്ച ചെയ്തു. പരിപാടികള്‍ക്ക് സിറിയക് കൂവക്കാട്ടില്‍, പീറ്റര്‍ കുളങ്ങര എന്നിവര്‍ നേതൃത്വം നല്‍കി. സിറ്റി കൌണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മലയാളികള്‍ക്ക് എങ്ങനെ ഷാജന്‍ കുര്യാക്കോസിനെ വിജയിപ്പിക്കാനായി പ്രവര്‍ത്തിക്കാമെന്ന് സിറിയക് കൂവക്കാട്ടിലും, പീറ്റര്‍ കുളങ്ങരയും വിശദീകരിക്കുകയുണ്ടായി.

ഷാജന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കുള്ള ധനസമാഹരണം ഗ്യാസ് ഡിപ്പോ ഉടമ ജോയി നെടിയകാലാ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മറിയാമ്മ പിള്ള, സൈമണ്‍ ചക്കാലപ്പടവില്‍, ഫ്രാന്‍സീസ് കിഴക്കേക്കുറ്റ്, പോള്‍ പറമ്പി, സണ്ണി വള്ളിക്കളം എന്നിവര്‍ പ്രസംഗിച്ചു. സൈമണ്‍ മുട്ടത്തില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം