റിയാദില്‍ വാഹനാപകടത്തില്‍ കാല്‍നടയാത്രക്കാരായ രണ്ട് മലയാളികള്‍ മരിച്ചു
Saturday, November 29, 2014 10:24 AM IST
റിയാദ്: തലസ്ഥാന നഗരിയിലുണ്ടായി രണ്ട് വാഹനാപകടങ്ങളില്‍ കാല്‍നടയാത്രക്കാരായ രണ്ട് മലയാളികള്‍ മരിച്ചു. അസീസിയ സിമന്റ് ഫാകട്റിക്ക് സമീപം അല്‍ ഖര്‍ജ് റോഡില്‍ വെള്ളിയാഴ്ച വെകുന്നേരം നടന്ന അപകടത്തില്‍ മലപ്പുറം കോട്ടപ്പടി തിരൂര്‍ റോഡില്‍ വടക്കേമണ്ണ സ്വദേശി പൂന്തുരുത്തി ഖാലിദ് (40), റിംഗ് റോഡിലെ എക്സിറ്റ് 6 നു സമീപം ഹൈ അല്‍ വാദിയില്‍ നടന്ന മറ്റൊരു അപകടത്തില്‍ മലപ്പുറം ജില്ലയിലെ കാളികാവ് അഞ്ചച്ചവടി സ്വദേശി കല്ലുവെട്ടി മുഹമ്മദലി (46) എന്നിവരാണ് മരിച്ചത്

അസീസിയയില്‍ അബ്ദുള്‍ അസീസ് അലമാസ് എന്ന കമ്പനിയുടെ ഗോഡൌണില്‍ ജോലിക്കാരനായ ഖാലിദ് റിയാദില്‍ തന്നെയുള്ള സഹോദരന്‍ ജാഫറിന്റെ റൂമില്‍ പോയി മടങ്ങവെ ബസിറങ്ങി റോഡിലൂടെ നടന്നു പോകുമ്പോള്‍ സ്വദേശിയുടെ പിക്കപ്പ് വാഹനമിടിച്ചാണ് മരിച്ചത്. ഖാലിദിന്റെ മൃതദേഹം ഷുമൈസി ആശുപത്രി മോര്‍ച്ചറിയിലാണ്. അഞ്ച് വര്‍ഷമായി റിയാദിലുള്ള ഖാലിദ് ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ അവധിക്കു പോയി വന്നത്. പരേതരായ കമ്മുക്കുട്ടി മുസ്ല്യാര്‍ ഇത്തിമ്മ ദമ്പതികളുടെ മകനാണ്. മുനീറയാണ് ഭാര്യ. ഷഫീദ (12) ജംഷീര്‍ (6) എന്നിവര്‍ മക്കളാണ്. ദുബായിലുള്ള ഷിഹാബ്, കൌലത്ത്, മാസിത എന്നിവര്‍ സഹോദരങ്ങളാണ്.

ബൂഫിയയില്‍ ജോലിക്കാരനായ മുഹമ്മദലി മഗ്രിബ് നമസ്കാര ശേഷം പള്ളിയില്‍ നിന്നും ഷോപ്പിലേക്ക് മടങ്ങവെയാണ് സ്വദേശിയുടെ കാറിടിച്ച് മരിച്ചത്. 25 വര്‍ഷമായി സൌദി അറേബ്യയിലുള്ള മുഹമ്മദലിയുടെ മകന്‍ മുനീറുദ്ദീന്‍ റിയാദിലുണ്ട്. പരേതനായ അബ്ദുട്ടിയുടേയും മറിയുമ്മയുടേയും മകനാണ്. മറ്റുമക്കള്‍: മുഹ്സിന, സിനാന്‍, സാബിന്‍.

ഡിസംബര്‍ അഞ്ചിന് ഉമ്ര നിര്‍വഹിക്കാനെത്തുന്ന ഭാര്യ ജമീലയോടൊപ്പം ഡിസംബര്‍ 15 ന് അവധിക്ക് നാട്ടില്‍ പോകാനിരിക്കവെയാണ് മുഹമ്മദലി അപകടത്തില്‍പെട്ടത്.

മൃതദേഹം നാട്ടിലയക്കാനുള്ള ശ്രമങ്ങളിലാണെന്ന് വിവരമറിഞ്ഞ് ജിദ്ദയില്‍ നിന്നും റിയാദിലെത്തിയ സഹോദരന്‍ അബ്ദുള്‍ മജീദ് പറഞ്ഞു. മരണാനന്തര നടപടിക്രമങ്ങള്‍ക്ക് കെഎംസിസി ജീവകാരുണ്യ പ്രവര്‍ത്തകന്‍ തെന്നല മൊയ്തീന്‍ കുട്ടി കൂടെയുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍