ഒഐസിസിയുടെ റിപ്പബ്ളിക് ദിനാഘോഷങ്ങള്‍ക്ക് സറെ റീജിയന്‍ ആതിഥേയത്വം വഹിക്കും
Saturday, November 29, 2014 10:22 AM IST
ക്രോയ്ഡോണ്‍: ഇന്ത്യയുടെ 66-ാമത് റിപ്പബ്ളിക് ദിനം അത്യാഘോഷപൂര്‍വം കൊണ്ടാടുന്നതിനായി സറെ റീജിയന്‍ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

2015 ജനുവരി 25ന് (ഞായര്‍) മിച്ചത്ത് ആണ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. പ്രസംഗം, സിമ്പോസിയം, ദേശഭക്തി ഗാനാലാപനം, നൃത്താവിഷ്കാരങ്ങള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ ചടങ്ങുകള്‍ക്ക് മാറ്റുകൂട്ടും. യുകെയുടെ എല്ലാ റീജിയണില്‍ നിന്നും നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും.

കഴിഞ്ഞ ദിവസം ക്രോയ്ഡോണില്‍ റീജിയണല്‍ പ്രസിഡന്റ് സുനു ദത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പുതിയ തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ജോയിന്റ് കണ്‍വീനര്‍ കെ.കെ മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുകയും ഉണ്ടായി. നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി ഒഐസിസിയുടെ പ്രവര്‍ത്തനം കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കുക, കമ്മിറ്റികള്‍ ഇല്ലാത്ത മേഖലകളില്‍ പുതിയ കമ്മിറ്റിക്ക് രൂപം കൊടുക്കുക, സ്ത്രീകള്‍ക്ക് പ്രാതിനിത്യം നല്‍കി മഹിളാ വിംഗ് രൂപീകരിക്കുക തുടങ്ങി വിവിധ വിഷയങ്ങള്‍ റീജിയന്‍ വൈസ് പ്രസിഡന്റ് മഹേഷ്, മിച്ചം യുണിറ്റ് പ്രസിഡന്റ് സുനില്‍ ജോസഫ്, ക്രോയ്ഡോണ്‍ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ അഷ്റഫ് അബ്ദുള്ള, ബിനു മാത്യു, ട്രഷറര്‍ ജവഹാര്‍, മിച്ചം സെക്രട്ടറിമാരായ മനു നാഥ്, സുലൈമാന്‍, സന്തോഷ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ ഉന്നയിക്കുകയും നടപ്പിലാക്കാനുള്ള തീരുമാനം കൈക്കൊള്ളുകയും ചെയ്തു. റീജിയണല്‍ സെക്രട്ടറി ബേബിക്കുട്ടി ജോര്‍ജ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സുജു ഡാനിയല്‍