ജര്‍മനിയില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കുക; ഇനി കൈപൊള്ളും ഫൈന്‍
Saturday, November 29, 2014 10:21 AM IST
ബര്‍ലിന്‍: പൊതു ഗതാഗത സംവിധാനങ്ങളില്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവര്‍ക്ക് ചുമത്തുന്ന പിഴ ഗണ്യമായി വര്‍ധിപ്പിക്കാന്‍ ജര്‍മനിയിലെ സ്റേറ്റ് ഗവണ്‍മെന്റുകള്‍ ഫെഡറല്‍ ഗവണ്‍മെന്റിനു മേല്‍ സമ്മര്‍ദം ശക്തമാക്കി.

ഇതര യൂറോപ്യന്‍ രാജ്യങ്ങള്‍ മിക്കതും ടിക്കറ്റില്ലാതെ ട്രെയ്നിലും മറ്റും കയറാന്‍ സാധിക്കാത്ത തരത്തിലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍, ജര്‍മനിയില്‍ യാത്രക്കാരുടെ സത്യസന്ധതയിലും പൌരബോധത്തിലും കൂടുതല്‍ വിശ്വാസം അര്‍പ്പിക്കുന്ന തരത്തിലുള്ള രീതിയാണ് നിലവിലുള്ളത്. ഇതിന്റെ ദുരുപയോഗം വര്‍ധിക്കുന്നു എന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.

ഇടയ്ക്കിടെ നടത്താറുള്ള ടിക്കറ്റ് പരിശോധനയില്‍ പിടിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. ഇങ്ങനെ പിടിക്കപ്പെടുന്നവര്‍ക്കുള്ള പിഴ ഉയര്‍ത്താന്‍ ജര്‍മന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയും ശിപാര്‍ശ ചെയ്തുകഴിഞ്ഞു. അധോസഭയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ അടുത്ത ജനുവരി മുതല്‍ ഉയര്‍ന്ന പിഴ പ്രാബല്യത്തില്‍ വരും. നിലവില്‍ 40 യൂറോ ആയിരുന്നത് 2015 ജനുവരി ഒന്നു മുതല്‍ 60 യൂറോ ആയി ഉയരും. എന്നാല്‍ ഇത്തരത്തിലുള്ള ഫൈന്‍ ബെല്‍ജിയത്ത് 200 യൂറോ വരെയും ഫ്രാന്‍സില്‍ 180 യൂറോ വരെയും സ്വിറ്റ്സര്‍ലന്‍ഡില്‍ 160 യൂറോ വരെയുമാണ്.

ഒരു വര്‍ഷം 350 മില്യന്‍ യാത്രക്കാരാണ് ടിക്കറ്റില്ലാതെ യാത്രചെയ്യുന്നത്. ഇതുമൂലം വാഹന ഉടമകള്‍ക്ക് കുറഞ്ഞത് 250 മില്യന്‍ യൂറോയുടെ നഷ്ടമാണുണ്ടാവുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍