ഹൃദയാഘാതം മൂലം മലയാളി മരിച്ചു
Saturday, November 29, 2014 10:17 AM IST
റിയാദ്: മലപ്പുറം ജില്ലയിലെ മാറഞ്ചേരി ആലിപ്പറമ്പില്‍ കുഞ്ഞുമുഹമ്മദിന്റെ മകന്‍ മുഹമ്മദ് ഹാരിസ് (32) ബത്ഹയിലെ സ്വകാര്യ പോളിക്ളിനിക്കില്‍ മരിച്ചു. റൌദയിലെ ഒരു വീട്ടില്‍ ആറ് വര്‍ഷമായി ഡ്രൈവറായി ജോലി നോക്കി വരുന്ന ഹാരിസിന് ശനിയാഴ്ച പുലര്‍ച്ചെ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് റൌദയിലെ സ്വകാര്യ ആശുപത്രയില്‍ ചികിത്സ തേടുകയായിരുന്നു. രോഗം ഭേദമാകാത്തതിനെത്തുടര്‍ന്ന് ഹാരിസ് നേരെ ബത്ഹയിലുള്ള ക്ളിനിക്കിലെത്തി. അവിടെ നിന്നും ഓക്സിജന്‍ നല്‍കി ഷുമൈസി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തയാറെടുക്കവെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഷുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

അഞ്ച് മാസം മുമ്പ് നാട്ടില്‍ അവധിക്കു പോയി വന്ന ഹാരിസിന് മൂന്ന് മാസം പ്രായമുള്ള ഒരാണ്‍കുഞ്ഞുണ്ട്. ഉമ്മുസല്‍മയാണ് ഭാര്യ. സ്പോണ്‍സര്‍ വലീദ് മുഹമ്മദ് ഇബ്രാഹിം അല്‍ നുസ്യാനുമായി ഏറെ സ്നേഹബന്ധത്തില്‍ കഴിഞ്ഞിരുന്ന ഹാരിസിന്റെ മരണം സ്പോണ്‍സറെ ആകെ തളര്‍ത്തി. ഒരു സഹോദരനെ പോലെയാണ് ഹാരിസ് വീട്ടില്‍ കഴിഞ്ഞിരുന്നതെന്ന് മരണാനന്തര നടപടികള്‍ക്ക് കൂടെയുള്ള തെന്നല മൊയ്തീന്‍ കുട്ടിയോട് സ്പോണ്‍സര്‍ പറഞ്ഞു. മൃതദേഹം ഇവിടെ സംസ്കരിക്കാനുള്ള നടപടികളിലാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍