ഒമാന്‍, യുഎഇ പൌരന്മാര്‍ക്ക് ഇന്ത്യയില്‍ വീസ ഓണ്‍ അറൈവല്‍ സംവിധാനം പ്രാബല്യത്തില്‍ വന്നു
Friday, November 28, 2014 10:05 AM IST
മസ്കറ്റ്: കേരളത്തില്‍ ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ തുറന്ന് ഇന്ത്യയിലേക്കുള്ള ടൂറിസ്റ് വീസ ഓണ്‍ അറൈവല്‍ (ടിവിഒഎ) സംവിധാനം നവംബര്‍ 27 മുതല്‍ മുതല്‍ പ്രാബല്യത്തിലായി.

തുടക്കത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഒമാനും യുഎഇയും മാത്രമാണ് ലോകത്തിലെ 43 രാജ്യങ്ങളുടെ പട്ടികയില്‍. ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും ടൂറിസം മന്ത്രി മഹേഷ് ശര്‍മയും സംയുക്തമായാണ് ടിവിഒഎ ലിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്.

ന്യൂഡല്‍ഹി, മുംബൈ, കോല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു
എന്നീ മെട്രോ നഗരങ്ങളും ഗോവയും കൂടാതെ കേരളത്തിലെ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ മാത്രമാണ് ടൂറിസ്റ് വീസ ഓണ്‍ അറൈവല്‍ തത്കാലം ലഭ്യമാകുന്നത്. കേരളാ ടൂറിസം വകുപ്പ് കൈയും മെയ്യും അറിഞ്ഞു പ്രവര്‍ത്തിക്കേണ്ട സമയമായാണ് ടൂറിസവുമായി ബന്ധപ്പെട്ടവര്‍ ഈ സഹചര്യത്തെ ചൂണ്ടിക്കാണിക്കുന്നത്.

ഓണ്‍ലൈനില്‍ അപേക്ഷകന് 30 ദിവസ കാലാവധിയുള്ള വീസയാണ് അനുവദിക്കുക. വീസ അനുവദിക്കുന്ന ദിവസം മുതല്‍ 30 ദിവസത്തിനുള്ളില്‍ യാത്ര തുടങ്ങണം. ഇന്ത്യയില്‍ ഇറങ്ങുന്ന ദിവസം മുതല്‍ 30 ദിവസമാണ് വീസയുടെ കാലാവധി. ടൂറിസ്റ് വീസ ഓണ്‍ അറൈവല്‍ ഒരു വ്യക്തിക്ക് വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

ബിസിനസുകാര്‍, വിനോദ സഞ്ചാരികള്‍, ചികിത്സക്കു പോകുന്നവര്‍, ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് പുതിയ സംവിധാനം പ്രയോജനപ്പെടും.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം