ജര്‍മനിയില്‍ ക്രിസ്മസ് മാര്‍ക്കറ്റുകള്‍ സജീവമായി
Friday, November 28, 2014 10:00 AM IST
ബര്‍ലിന്‍: ദിവ്യരക്ഷകന്റെ വരവിനെ അറിയിച്ചുകൊണ്ടുള്ള ഡിസംബറിലെ തണുപ്പിനും മഞ്ഞിനുമൊപ്പം പരമ്പരാഗത രീതിയിലുള്ള ക്രിസ്മസ് മാര്‍ക്കറ്റുകള്‍ യൂറോപ്പില്‍ പ്രത്യേകിച്ച് ജര്‍മനിയില്‍ നവംബര്‍ 23 ന് തുടങ്ങി. എല്ലാ വര്‍ഷവും നവംബര്‍ നാലാമത്തെ ആഴ്ചയില്‍ ആരംഭിക്കുന്ന ഇത്തരം മാര്‍ക്കറ്റുകള്‍ ഡിസംബര്‍ 25 ന് മുമ്പുള്ള ദിവസം സമാപിക്കും. കൃത്യമായി പറഞ്ഞാല്‍ നവംബര്‍ 23 മുതല്‍ ഡിസംബര്‍ 23 വരെയാണ് ക്രിസ്മസ് മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം.

ജര്‍മനിയിലെ വന്‍നഗരങ്ങളെ കൂടാതെ ഓരോ മുക്കിലും മൂലയിലും സ്ഥാനം പിടിക്കുന്ന ക്രിസ്മസ് മാര്‍ക്കറ്റുകള്‍ നേരില്‍ക്കണ്ട് ആസ്വദിക്കാനും വ്യവഹാരങ്ങള്‍ നടത്താനും വിദേശികളായ സന്ദര്‍ശകരുടെ എണ്ണം വര്‍ഷം തോറും ക്രമാതീതമായി വര്‍ധിച്ചുവരികയാണ്.

ന്യൂറംബര്‍ഗിലെ ക്രിസ്മസ് മാര്‍ക്കറ്റ് ലോകപ്രശസ്തമാണ്. ദിവസേന രണ്ടുലക്ഷത്തിലധികം സന്ദര്‍ശകര്‍ ഈ മാര്‍ക്കറ്റ് വീക്ഷിക്കാന്‍ എത്തുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ജര്‍മനിയിലെ മെട്രോ സിറ്റിയെ കൂടാതെ ചെറിയ ചെറിയ നഗരങ്ങളില്‍ ഇത്തരം മാര്‍ക്കറ്റുകള്‍ സജീവമായി.

ക്രിസ്മസ് സംബന്ധമായ പലഹാരങ്ങളും മിഠായികളും ചോക്ളേറ്റുകളും പരമ്പരാഗത ശൈലിയിലുള്ള കരകൌശല നിര്‍മാണ സാധനങ്ങളും ഈ സീസണില്‍ മാത്രം ലഭിക്കുന്ന പ്രത്യേകതരം വൈന്‍ (ഗ്ളൂവൈന്‍) തുടങ്ങിയവ ഇത്തരം മാര്‍ക്കറ്റുകളില്‍ സുലഭമാണ്. മാര്‍ക്കറ്റ് തുടങ്ങി ദിവസങ്ങള്‍ കഴിയുന്തോറും ജനലക്ഷങ്ങളാണ് പ്രായഭേദമെന്യേ വൈനാഹ്റ്റ്മാര്‍ക്ക്റ്റ് (ക്രിസ്മസ് ചന്ത) സന്ദര്‍ശനത്തിനായി എത്തുന്നത്.

കമനീയമായി അലങ്കരിച്ച ദീപാലങ്കാരങ്ങളാല്‍ പൊതിയപ്പെട്ട ചെറിയ ചെറിയ സ്റാളുകളാണ് വിസ്തൃതമായ മൈതാനിയില്‍ ഒരുക്കിയിട്ടുള്ളത്. നൂറുമുതല്‍ പതിനായിരത്തോളം സ്റാളുകള്‍വരെ നിരത്തിയിരിക്കുന്ന മാര്‍ക്കറ്റുകള്‍ ഏവരേയും ആകര്‍ഷിക്കുന്നു. ഇത്തരം മാര്‍ക്കറ്റുകള്‍ എപ്പോഴും ഒരു ഉല്‍സവപ്രതീതി ഉണര്‍ത്തുന്നു. തടിയിലും പ്ളാസ്റിക്കിലും തീര്‍ത്ത കൂടാരങ്ങള്‍ അഥവാ മോഡല്‍ ഹൌസുകള്‍ നിര്‍മിതിയിലും ഏറെ മനോഹരമായിരിക്കും. ജര്‍മനിയെ കൂടാതെ സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രിയ, ബ്രിട്ടനിലെ ബിര്‍മിംഗ്ഹാം തുടങ്ങിയ സ്ഥലങ്ങളിലെയും ക്രിസ്മസ് മാര്‍ക്കറ്റുകള്‍ വളരെ പ്രശസ്തമാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍