സ്ത്രീസുരക്ഷയ്ക്ക് കൂടുതല്‍ നിയമങ്ങള്‍ വേണം: ഹൈക്കോടതി
Friday, November 28, 2014 8:50 AM IST
ബംഗളൂരു: രാജ്യത്തെ സ്ത്രീകളുടെ സുരക്ഷയ്ക്കും അവകാശസംരക്ഷണത്തിനുമായി പുതിയ നിയമങ്ങള്‍ വേണമെന്ന് കര്‍ണാടക ഹൈക്കോടതി.

രാമചന്ദ്രപുര മഠ മേധാവി രാഘവേശ്വര ഭാരതി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് ജസ്റീസ് വേണുഗോപാല ഗൌഡ ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ ഫോറന്‍സിക് ലാബ് സൌകര്യം മെച്ചപ്പെടുത്താത്ത സര്‍ക്കാര്‍ നിലപാടിനെ കോടതി വിമര്‍ശിച്ചു.

ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേതുപോലെയുള്ള സൌകര്യം എന്തുകൊണ്ട് സംസ്ഥാനത്ത് ഏര്‍പ്പെടുത്തുന്നില്ലെന്നും ഹൈക്കോടതി ചോദിച്ചു.

സംസ്ഥാനത്ത് സൈബര്‍ കേസുകള്‍ കെട്ടിക്കിടക്കുന്നത് എന്തുകൊണ്ടാണെന്ന് കോടതി എജിയോടു ചോദിച്ചു. കേസുകള്‍ വേഗം തീര്‍പ്പാക്കാന്‍ കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങി ലബോറട്ടറി സ്ഥാപിക്കണമെന്നും ജസ്റീസ് ഗൌഡ സര്‍ക്കാരിനോടു നിര്‍ദേശിച്ചു.