ഫ്രാന്‍സിസ് മാര്‍പാപ്പായ്ക്ക് ടര്‍ക്കിയില്‍ ഊഷ്മള സ്വീകരണം
Friday, November 28, 2014 8:45 AM IST
വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പായുടെ മൂന്നുദിന ടര്‍ക്കി സന്ദര്‍ശനം ആരംഭിച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഒന്നിന് തലസ്ഥാന നഗരമായ അങ്കാറാ, എസന്‍ബോഗ വിമാനത്താവളത്തിലെത്തിയ മാര്‍പാപ്പയെ ടര്‍ക്കി വിദേശകാര്യമന്ത്രി മെവ്ലുട്ട് കൌസോഗ്ലുവും സഭാ മേലധ്യക്ഷന്മാരും ചേര്‍ന്നു സ്വീകരിച്ചു. തുടര്‍ന്നു മുസ്തഫാ കമാല്‍ മൌസോളിയം അറ്റാടുര്‍ക്ക് സന്ദര്‍ശിച്ചു. പിന്നീട് പ്രസിഡന്റ് റിസെപ് ടെയ്യിപ്പ് എര്‍ദോഗാന്റെ കൊട്ടാരത്തിലെത്തുന്ന പാപ്പാ പ്രസിഡന്റ് എര്‍ദോഗാനുമായും പ്രധാനമന്ത്രി അഹ്മ്മദ് ദാവുട്ടോഗ്ലുവുമായും കൂടിക്കാണും. സിറിയയില്‍ നടക്കുന്ന അസമാധാത്തിന്റെ വിഷയം ചര്‍ച്ചയാക്കുന്ന മാര്‍പാപ്പ അഭയാര്‍ഥികള്‍ക്കുവേണ്ടി മുസ്ലിം സമുദായത്തിന്റെ പിന്തുണ അഭ്യര്‍ഥിക്കും.

29 ന് (ശനി) ഈസ്റാംബൂളിലെത്തുന്ന പാപ്പാ 17-ാം നൂറ്റാണ്ട് മുതല്‍ സുല്‍ത്താന്‍ അഹമ്മദിന്റെ ആരാധനയുടെ ഉറവിടമെന്നു വിശേഷിപ്പിക്കുന്ന ബ്ളൂ മോസ്ക്, ഹോളി സ്പരിറ്റ് കത്തീഡ്രല്‍, ഹാഗിയ സോഫിയാ മ്യൂസിയം എന്നിവ സന്ദര്‍ശിക്കും. തുടര്‍ന്ന് ഓര്‍ത്തഡോക്സ് ക്രിസ്റ്യന്‍ തലവന്‍ ബര്‍ത്തലോമിയോ ഒന്നാമന്‍ പാത്രിയര്‍ക്കീസുമായി കൂടിക്കണ്ട് കത്തോലിക്കരും ഓര്‍ത്തഡോക്സ് ക്രിസ്റ്യനും തമ്മിലുള്ള സംയുക്ത പ്രഖ്യാപത്തില്‍ ഒപ്പുവയ്ക്കും. തുടര്‍ന്ന് എക്യുമെനിക്കല്‍ പ്രാര്‍ഥനയും ശ്ളൈഹിക ആശീര്‍വാദവും നല്‍കും.

30 ന് (ഞായര്‍) രാവിലെ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ അപ്പസ്തോലിക് സംഘവുമായി ചേര്‍ന്ന് ദിവ്യബലിയര്‍പ്പിക്കും. ഉച്ചകഴിഞ്ഞ് ഈസ്റാംബൂളില്‍ നിന്നും റോമിലേയ്ക്കു യാത്രയാവും.

ഇത് നാലാം തവണയാണ് ഒരു മാര്‍പാപ്പാ മുസ്ലിം ഭൂരിപക്ഷമുള്ള ടര്‍ക്കി സന്ദര്‍ശിക്കുന്നത്. വിശുദ്ധപദവിലെത്തിയ ജോണ്‍ ഇരുപത്തിമൂന്നാം മാര്‍പാപ്പയും ജോണ്‍ പോള്‍ രണ്ടാമനും 2006 ല്‍ ബെനഡിക്ട് പതിനാറാമനുമാണ് മുമ്പ് ടര്‍ക്കിയില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ളത്.

ഏതാണ്ട് 80 മില്യന്‍ പൌരന്മാരാണ് ടര്‍ക്കിയിലുള്ളത്. അതില്‍ 1,20,000 പേരാണ് കത്തോലിക്കരായിട്ടുള്ളത്. ഒരുകാലത്ത് ഓര്‍ത്തഡോക്സ് ക്രിസ്റ്യന്റെ കേന്ദ്രമായിരുന്നു ടര്‍ക്കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍