ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സ് സണ്‍ഡേ സ്കൂളിന് ബൈബിള്‍ ക്വിസില്‍ ഒന്നാം സ്ഥാനം
Friday, November 28, 2014 7:17 AM IST
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സണ്‍ഡേ സ്കൂള്‍ ഭദ്രാസന തലത്തില്‍ നടത്തിയ ബൈബിള്‍ ക്വിസ് മത്സരത്തില്‍ ന്യൂയോര്‍ക്ക് ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സ് ഇടവകയുടെ ടീം ഒന്നാം സ്ഥാനം നേടി. ആദര്‍ശ് പോള്‍ വര്‍ഗീസ്, ജസ്റിന്‍ ജോര്‍ജ്, മരിയ അലക്സ് എന്നിവര്‍ അടങ്ങിയ ടീം ഭദ്രാസനത്തിലെ 52 ഇടവകകളുടേയും ടീമുകളെ പിന്നിലാക്കിയാണ് ഒന്നാം സ്ഥാനം നേടിയത്.

കഴിഞ്ഞ മാസം ഭദ്രാസനത്തിലെ സ്ത്രീ സമാജം അംഗങ്ങളുടെ ബൈബിള്‍ ക്വിസ് മത്സരത്തിലും നൂറ് ശതമാനം മാര്‍ക്ക് നേടി തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഭദ്രാസന തലത്തില്‍ ഇടവക ഒന്നാം സ്ഥാനം നേടി റോളിംഗ് ട്രോഫി കരസ്ഥമാക്കി.

ആരാധന, പഠനം, സേവനം എന്നിവ അടിസ്ഥാന പ്രമാണമായി സ്വീകരിച്ചിട്ടുള്ള ഇടവക ആഴത്തിലുള്ള ബൈബിള്‍ പഠനത്തിനു വലിയ പ്രധാന്യമാണ് നല്‍കുന്നത്. ലോകപ്രശസ്തമായ യേല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകനും നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ വൈദീക സെക്രട്ടറിയുമായ വികാരി ഫാ.ഡോ. വര്‍ഗീസ് എം. ഡാനിയേല്‍ ഇടവക തലത്തില്‍ നടത്തുന്ന ബൈബിള്‍ പഠന പരിശീലന ക്ളാസുകള്‍ സണ്‍ഡേ സ്കൂള്‍, മാര്‍ത്തമറിയം സമാജം, യുവജന പ്രസ്ഥാനം, എം.ജി.ഒ.സി.എസ്.എം എന്നീ സംഘടനകളെ ട്രോഫി നേടുന്നതിലുപരിയായി ആത്മീയമായി ഉന്നതനിലവാരത്തില്‍ എത്തിക്കുന്നു. അജിത് വട്ടശേരില്‍ (കൌണ്‍സില്‍ മെമ്പര്‍, മലങ്കര ഓര്‍ത്തഡോക്സ് നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഡയോസിസ്) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം