ജര്‍മനിയില്‍ കൃതജ്ഞതാബലി നവംബര്‍ 30 ന്
Thursday, November 27, 2014 10:17 AM IST
കൊളോണ്‍: ഭാരതസഭയുടെ മകുടിയില്‍ പൊന്‍തൂവലായി മാറി ഫ്രാന്‍സിസ് മാര്‍പാപ്പാ വഴിയായി ചാവറയച്ചനേയും എവുപ്രാസ്യമ്മയേയും വിശുദ്ധിയുടെ സിംഹാസനത്തില്‍ നവംബര്‍ 23 ന് കൈപിടിച്ചിരുത്തിയ ദൈവപരിപാലനയ്ക്ക് കൃതജ്ഞതയര്‍പ്പിച്ചു കൊണ്ടുള്ള ദിവ്യബലി നവംബര്‍ 30ന്(ഞായര്‍) ജര്‍മനിയിലെ കൊളോണില്‍ നടക്കും.

ഉച്ചകഴിഞ്ഞ് മൂന്നിന് വി.പൂജരാജാക്കന്മാരുടെ നാമധേയത്തിലുള്ള പ്രശസ്തമായ കൊളോണ്‍ കത്തീഡ്രലിലാണ് (ഡോം) തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്.

കൊളോണ്‍ അതിരൂപതയുടെ സഹായമെത്രാന്‍ ഡോ.അന്‍സ്ഗാര്‍ പുഫിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയില്‍ എസന്‍ രൂപത സഹായമെത്രാന്‍ ലുഡ്ഗര്‍ ഷേപ്പേഴ്സ്, പ്രീസ്റര്‍ സെമിനാര്‍ റെക്ടര്‍ ഡോ. മാര്‍ക്കൂസ് ഹോഫ്മാന്‍, ജര്‍മനിയിലെ സിഎംഐ സഭാ കോര്‍ഡിനേറ്റര്‍ ഫാ.ജോര്‍ജ് കുറ്റിയാനിക്കല്‍, കൊളോണിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ചാപ്ളെയില്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ എന്നിവര്‍ സഹകാര്‍മികരായിരിയ്ക്കും.

വിശുദ്ധിയുടെ പടവില്‍ സ്വര്‍ഗീയതാതന്റെ മുന്തിരിത്തോപ്പില്‍ പരിമളം പരത്തുന്ന ഭാരതസഭയുടെ വിശുദ്ധ സൂനങ്ങളായ ചാവറയച്ചനേയും എവുപ്രാസ്യമ്മയേയും ആദരിക്കുന്നതിനും കൃതജ്ഞതയുടെ ബലിയില്‍ അവരുടെ മാധ്യസ്ഥംവഴി പ്രാര്‍ഥനാസഹായം യാചിക്കുന്നതിനും എല്ലാ വിശ്വാസികളേയും സ്നേഹപൂര്‍വം സ്വാഗതം ചെയ്യുന്നതായി സിഎംഐ സഭാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.ജോര്‍ജ് കുറ്റിയാനിക്കല്‍ സിഎംഐ 0176 90786056, ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ 0178 9353004.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍