ഷിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റെ കുവൈറ്റിലെ മൂന്നാമത്തെ ശാഖ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും
Thursday, November 27, 2014 10:16 AM IST
കുവൈറ്റ്: ഗള്‍ഫ് രാജ്യങ്ങളിലെ ആതുരശുശ്രൂഷ മേഖലയില്‍ മുന്‍നിരക്കാരായ ഷിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റെ കുവൈറ്റിലെ മൂന്നാമത്തെ ശാഖ ഇന്ന് പ്രവര്‍ത്തനമാരംഭിക്കും. ജലീല്‍ബ് അല്‍ഷുയോഖില്‍ പ്രവര്‍ത്തന സജ്ജമായ അല്‍നഹീല്‍ ഇന്റര്‍നാഷണല്‍ ക്ളിനിക്ക് ഇന്ത്യന്‍ ചലച്ചിത്രലോകത്തെ അഭിനയപ്രതിഭകളായ താരങ്ങളുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്യും. മെഗാസ്റ്റാര്‍ പത്മശ്രീ ഭരത് ഡോ. മമ്മൂട്ടി, ബോളിവുഡിലെ നിത്യഹരിത നായിക ജൂഹിചൌള, മലയാള സിനിമയിലെ യുവ നക്ഷത്രങ്ങളായ കുഞ്ചോക്ക ബോബന്‍, ഭാമ എന്നിവരാണ് ഉദ്ഘാടന ചടങ്ങിന് താരശോഭ നല്‍കാന്‍ വെള്ളിയാഴ്ച കുവൈറ്റിലെത്തുന്നത്. കൂടാതെ കുവൈറ്റിലെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെയും അറബ് വ്യവസായ പ്രമുഖരും പ്രമുഖ വ്യക്തിത്വങ്ങളും പ്രവാസി വ്യവസായികളും സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതാക്കളും ചടങ്ങില്‍ സംബന്ധിക്കും.

കഴിഞ്ഞ മൂന്നര പതിറ്റാണ്ടിന്റെ പരിചയസമ്പത്തുമായി അതിശയകരമായ വളര്‍ച്ചയാണ് കുവൈറ്റില്‍ ഷിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പ് കൈവരിച്ചത്. ആരോഗ്യ പരിപാലനവും ആതുരശശ്രൂഷയും ഉയര്‍ന്ന ഗുണമേന്മയോടെ മിതമായ ചെലവില്‍ സാധാരണക്കാര്‍ക്ക് ലഭ്യമാകും വിധം ആതുര ശുശ്രൂഷാ രംഗത്ത് ഗുണപരമായ മാറ്റം കൊണ്ടുവരിക എന്ന ലക്ഷ്യമാണ് ഗ്രൂപ്പ് ആരംഭിക്കുമ്പോള്‍ മുന്നിലുണ്ടായിരുന്നതെന്ന് ഷിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെ.ടി റബീഉള്ള വാര്‍ത്തകുറിപ്പില്‍ പറഞ്ഞു. ലക്ഷ്യം ഫലപ്രദമായി കൈവരിക്കാന്‍ കഴിഞ്ഞു എന്നതിന്റെ തെളിവാണ് മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലും പടര്‍ന്നു പന്തലിച്ച ഷിഫ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ക്ക് കുവൈറ്റില്‍ ലഭിക്കുന്ന ജനപിന്തുണയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശരിയായ ലക്ഷ്യപ്രാപ്തിക്കുവേണ്ടിയുള്ള ഈ ജൈത്രയാത്രയില്‍ മികച്ച സേവനവും പിന്തുണയും നല്‍കുന്ന കുവൈറ്റിലെ പൊതുസമൂഹത്തോടും പ്രവാസി സംഘടനകളോടും ഗ്രൂപ്പ് സ്ഥാപനങ്ങളിലെ മുഴുവന്‍ ജീവനക്കാരോടും നന്ദി.

മുന്‍നിര ആതുരാലയ സംരംഭകര്‍ എന്ന നിലയില്‍ ജിസിസി രാജ്യങ്ങളിലെല്ലാം വ്യക്തി മുദ്ര പതിപ്പിക്കാന്‍ ഷിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പിന് കഴിഞ്ഞു. സൌദി അറേബ്യ, ബഹ്റിന്‍, ഒമാന്‍, ഖത്തര്‍, യു.എ.ഇ, കുവൈറ്റ് എന്നിവിടങ്ങളില്‍ ലോകോത്തര നിലവാരത്തില്‍ ആതുരാലയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഗ്രൂപ്പിന്റെ സാന്നിധ്യം ജിസിസി രാജ്യങ്ങള്‍ക്ക് പുറത്തേക്കും വ്യാപിപ്പിക്കാനുള്ള തീരുമാനമുണ്ട്.

വരും വര്‍ഷങ്ങളില്‍ ഇന്ത്യ, സിംഗപ്പൂര്‍, ഇംഗ്ളണ്ട്, അമേരിക്ക എന്നിവിടങ്ങളില്‍ ശാഖകള്‍ ആരംഭിക്കും. കുവൈറ്റില്‍ ജഹ്റയിലും മഹ്ബൂലയിലും പുതിയ മെഡിക്കല്‍ സെന്ററുകള്‍ കൂടി തുടങ്ങാനും പദ്ധതിയുണ്ട്. മറ്റിടങ്ങളിലെല്ലാമുള്ള ഷിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ അതേ ഗുണനിലവാരവും സവിശേഷതകളും പുതിയ ശാഖകളിലും ഉറപ്പുവരുത്തുകയും സാധാരണക്കാര്‍ക്ക് പ്രാപ്യമാകുന്ന വിധത്തില്‍ മികച്ച സേവനങ്ങള്‍ നല്‍കുകയും ചെയ്യും. ഉയര്‍ന്ന ഗുണമേന്മയില്‍ സജ്ജമാക്കിയ സ്പെഷലിസ്റ്റ് വിഭാഗങ്ങളാണ് ഷിഫ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ വലിയ സവിശേഷതയും ആസ്തിയും.

പുതിയതായി പ്രവര്‍ത്തനമാരംഭിക്കുന്ന അല്‍നഹീല്‍ മെഡിക്കല്‍ സെന്ററില്‍ ദന്തല്‍, ഡെര്‍മറ്റോളജി, കോസ്മറ്റോളജി, ഗൈനക്കോളജി, ഇന്റേണല്‍ മെഡിസിന്‍, ജനറല്‍ ഫിസിഷ്യന്‍, പീഡിയാട്രിക്സ് തുടങ്ങിയ മുഴുവന്‍ ഡിപ്പാര്‍ട്ടുമെന്റുകളിലും മികവുറ്റ ഡോക്ടര്‍മാരും അത്യാധുനിക സാങ്കേതിക സൌകര്യങ്ങളുമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പൂര്‍ണസജ്ജവും അത്യാധുനികവുമായ ലബോറട്ടറികള്‍, എക്സറേ, റേഡിയോളജി സൌകര്യങ്ങളും സാധാരണക്കാര്‍ക്ക് കുറഞ്ഞ പണച്ചെലവില്‍ പ്രയോജനപ്പെടുത്താന്‍ കഴിയും എന്നതാണ് ഷിഫ മെഡിക്കല്‍ ഗ്രൂപ്പ് സ്ഥാപനങ്ങളെ ജനകീയമാക്കുന്നത്.

അല്‍നഹീല്‍ ഇന്റര്‍നാഷണല്‍ ക്ളിനിക്കിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ജലീബ് അല്‍ഷുയോഖ്, അബാസിയ മേഖലയിലെ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും പ്രത്യേക ഹെല്‍ത്ത് പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കുവൈറ്റിലെ മുഴുവന്‍ പ്രവാസി സഹോദരങ്ങളെയും സഹോദരിമാരെയും വിദ്യാര്‍ഥികളെയും വിവിധ സംഘടനാ പ്രവര്‍ത്തകരെയും വെള്ളിയാഴ്ച വൈകുന്നേരം നാലിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നതായി ചെയര്‍മാന്‍ ഡോ. കെ.ടി റബീഉള്ള വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍