മലര്‍വാടി 'പ്രയാണം' എഴുത്ത് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
Thursday, November 27, 2014 8:03 AM IST
ജിദ്ദ: 'എന്റെ നാട്, എന്റെ സ്വന്തം നാട്' എന്ന തലക്കെട്ടില്‍ മലര്‍വാടി അഖില സൌദി തലത്തില്‍ സംഘടിപ്പിച്ച പ്രോജക്ട് മത്സരത്തിന്റെ രണ്ടാം ഘട്ടമായ 'പ്രയാണം' ജിദ്ദ മേഖലാതല എഴുത്ത് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചതായി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

അ++ ഗ്രേഡ് നേടിയ സബ് ജൂണിയര്‍ വിഭാഗത്തില്‍ നിന്നുള്ള എട്ടു പേരെയും ജൂണിയര്‍ വിഭാഗത്തില്‍ നിന്നുള്ള പത്തു പേരെയും ജനുവരി ആദ്യവാരത്തില്‍ നടക്കുന്ന മൂന്നാംഘട്ടമായ മെഗാ ഫൈനല്‍ 'പ്രകടനം' ലൈവ് ക്വിസിനു തെരഞ്ഞെടുത്തിട്ടുണ്ട്. ഇവരുടെ പേരുവിവരങ്ങളും പരീക്ഷാ ഫലവും മറ്റു വിവരങ്ങളും ംംം.ാമഹമ്ൃമറശഷ.രീാ എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. കേരളത്തിന്റെ ചരിത്രം, സംസ്കാരം, പാരമ്പര്യം, ഭാഷ, സാഹിത്യം, ഭൂമിശാസ്ത്രം, ഭൂപ്രകൃതി, രാഷ്ട്രീയം, ആനുകാലികം തുടങ്ങി കേരളത്തെ അറിയാനും പഠിക്കാനും കുട്ടികള്‍ക്ക് സഹായകരമാവുന്ന രീതിയിലാണ് പരീക്ഷ നടത്തിയിരുന്നത്.

പരീക്ഷയില്‍ പങ്കെടുത്ത 500 ഓളം കുട്ടികളുടെ ഉത്തരപേപ്പറുകള്‍ കേന്ദ്രീകൃത മൂല്യനിര്‍ണയം നടത്തിയാണ് ഫലം പ്രസിദ്ധീകരിക്കുന്നതെന്നും ഭൂരിപക്ഷം കുട്ടികളും പരീക്ഷയില്‍ ഉന്നത നിലവാരം പുലര്‍ത്തിയതായും ഭാരവാഹികള്‍ പറഞ്ഞു. മെഗാഫൈനല്‍ ക്വിസ് മത്സരത്തോടനുബന്ധിച്ചു മലര്‍വാടി കലാവിഭാഗം അവതരിപ്പിക്കുന്ന കേരളത്തിന്റെ തനത് കലാരൂപങ്ങളുടെ ആവിഷ്കാരവും ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍