റിയാദ്: സൌദിയിലേക്കുള്ള വീസ സ്റാമ്പ് ചെയ്ത ശേഷം എമിഗ്രേഷന്‍ ക്ളിയറന്‍സ് ലഭിക്കുന്നതിന് മുംബൈയിലും ഡല്‍ഹിയിലും നേരിടുന്ന അനിശ്ചിതമായ കാലതാമസത്തിനെതിരെ കൂട്ടായ പ്രതിഷേധവുമായി ഈയിടെ രൂപീകരിച്ച സൌദി അറേബ്യയിലെ ഇന്ത്യന്‍ ട്രാവല്‍ ഏജന്റുമാരുടെ സംഘടന രംഗത്ത്.
കഴിഞ്ഞ ആഴ്ചയില്‍ രൂപീകൃതമായ ഇന്തോ-സൌദി റിക്രൂട്ട്മെന്റ് ഏജന്‍സീസ് അസോസിയേഷന് (ഇസ്ര) ആണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലും ഇന്ത്യന്‍ എംബസിയിലും പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചത്.
ലക്ഷക്കണക്കിന് പാസ്പോര്‍ട്ടുകളാണ് പുതിയ എമിഗ്രേഷന്‍ സിസ്റത്തിന്റെ ചുവപ്പ് നാടയില്‍ കുടുങ്ങി മുംബൈയിലേയും ഡല്‍ഹിയിലേയും എമിഗ്രേഷന്‍ ഓഫീസുകളില്‍ കിടക്കുന്നത്. ഇതില്‍ ആയിരക്കണക്കിന് പാസ്പോര്‍ട്ടുകളുടെ ഉടമകള്‍ വീസയുടേയും പാസ്പോര്‍ട്ടിന്റെയും കാലാവധി തീരുന്നതിനാല്‍ പ്രയാസപ്പെടുകയാണ്. വളരെ ലളിതമായി എമിഗ്രേഷന്‍ ജോലികള്‍ ചെയ്തിരുന്ന സായി സിസ്റ്റത്തില്‍ നിന്നും ടാറ്റാ കണ്‍സള്‍ട്ടന്‍സിയുടെ പുതിയ സിസ്റത്തിലേക്ക് മാറിയതോടെയാണ് എല്ലാം അവതാളത്തിലായതെന്നാണ് റിക്രൂട്ട്മെന്റ് ഏജന്റമാര്‍ പരാതിപ്പെടുന്നത്. ഇന്ത്യന്‍ എംബസിയില്‍ നിന്നും പുതിയ റിക്രൂട്ട്മെന്റ് നിയമങ്ങളനുസരിച്ചുള്ള എല്ലാ രേഖകളും അറ്റസ്റ് ചെയ്ത് പിഒഇ യില്‍ സമര്‍പ്പിച്ചതിനുശേഷമാണ് ഈ കാലതാമസം നേരിടുന്നതെന്നാണ് പറയപ്പെടുന്നത്. ഒരു മാസവും രണ്ട് മാസവും കഴിഞ്ഞാലും എമിഗ്രേഷന്‍ പൂര്‍ത്തിയായില്ല എന്ന മറുപടിയാണ് പിഒഇ ഓഫീസില്‍ നിന്നും ലഭിക്കുന്നതത്രെ.
പത്താം ക്ളാസ് പരീക്ഷ പാസാവുകയോ മൂന്ന് വര്‍ഷത്തിലധികം വിദേശത്ത് ജോലി ചെയ്യുകയോ ചെയ്തവര്‍ക്ക് ഇന്ത്യക്ക് പുറത്തേക്ക് ജോലിക്ക് പോകാന്‍ എമിഗ്രേഷന്‍ ക്ളിയറന്‍സിന്റെ ആവശ്യമില്ല. ഇതില്ലാത്ത സാധാരണക്കാരായ തൊഴിലാളികളാണ് സൌദി അറേബ്യയിലേക്ക് ജോലി തേടിയെത്തുന്നത് എന്നതിനാല്‍ സൌദി വീസ സ്റാമ്പ് ചെയ്ത അവിദഗ്ധ തൊഴിലാളികള്‍ക്കാണ് ബുദ്ധിമുട്ട് നേരിടുന്നത്. ഗാര്‍ഹിക തൊഴിലാളികളും ഇത്തരം പ്രതിസന്ധി നേരിടുന്നുണ്ട്. റിയാദിലെ റിക്രൂട്ട്മെന്റ് ഏജന്റുമാരുടെ ഓഫീസുകളില്‍ ദിവസവും സ്വദേശി തൊഴില്ദായകര് എത്തി പ്രശ്നങ്ങളുണ്ടാക്കുകയാണ്. പലരും ഇന്ത്യയിലേക്കുള്ള വീസ കാന്‍സല്‍ ചെയ്ത് ശ്രീലങ്ക, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വീസക്ക് അപേക്ഷിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ബത്ഹയിലെ റിംഫ് സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഇസ്ര ഭാരവാഹികള്‍ പറഞ്ഞു.
ഇന്തോ-സൌദി റിക്രൂട്ട്മെന്റ് ഏജന്‍സീസ് അസോസിയേഷന് നാട്ടിലുള്ള മാതൃസംഘടയുമായി കൂടിയാലോചിച്ച് പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. നാട്ടില്‍ ഇതിനകം എമിഗ്രേഷന്‍ കാലതാമസത്തിനെതിരെ പ്രതിഷേധം ശക്തമാണ്. പുതുതായി റിയാദില്‍ രൂപം കൊണ്ട ഇസ്രയുടെ ഭാരവാഹികളായി അബ്ദുള്‍ നാസര്‍ സഫിയ ട്രാവല്‍സ് (പ്രസിഡന്റ്), നൌഷാദ് ന്യൂ കാലിക്കട്ട് ട്രാവല്‍സ് (ജന. സെക്രട്ടറി), ഹബീബ് റഹ്മാന് എഫ്.ടി ട്രാവല്‍സ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. മുഹമ്മദ് അഷ്റഫ് കംഫര്‍ട്ട് ട്രാവല്‍സ്, റാഫി പാങ്ങോട് ഓവര്‍സീസ് ട്രാവല്‍സ് (വൈസ് പ്രസിഡന്റുമാര്‍), ഹംസ പൂളക്കുണ്ടന്‍ ഫായിദ ട്രാവല്‍സ്, മുജീബ് ഉപ്പട റോയല്‍ ട്രാവല്‍സ് (ജോ. സെക്രട്ടറിമാര്‍), മുഹമ്മദലി റയിസ് ട്രാവല്‍സ്, ശ്രീജിത്ത് അക്ബര്‍ ട്രാവല്‍സ് (രക്ഷാധികാരികള്‍) എന്നിവര്‍ മറ്റ് ഭാരവാഹികളാണ്. അബ്ദുനാസര്‍, മുജീബ് ഉപ്പട, നൌഷാദ്, റാഫി പാങ്ങോട്, മുഹമ്മദ് അഷ്റഫ്, ഹംസ പൂളക്കുണ്ടന്‍, ഹബീബ് റഹ്മാന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍