മഞ്ഞിനിക്കര ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഷിക്കാഗോയില്‍
Thursday, November 27, 2014 6:39 AM IST
ഷിക്കാഗോ: അന്ത്യോഖ്യാ സിംഹാസനത്തിന്‍ കീഴിലുള്ള സെന്റ് ജോര്‍ജ് പള്ളി, സെന്റ് മേരീസ് പള്ളി, സെന്റ് മേരീസ് ക്നാനായ പള്ളി എന്നീ ഇടവക പള്ളികള്‍ ചേര്‍ന്ന് നടത്തിവരുന്ന മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ 83-മത് ഓര്‍മ്മപ്പെരുന്നാള്‍ 2015 ഫെബ്രുവരി 14,15 തീയതികളില്‍ ഓക്ക് പാര്‍ക്കിലുള്ള സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വെച്ച് നടത്തുന്നതിന് പെരുന്നാള്‍ സമിതി തീരുമാനിച്ചു.

ഫെബ്രുവരി എട്ടാം തീയതി വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഓക്ക്പാര്‍ക്ക് സെന്റ് ജോര്‍ജ് പള്ളിയില്‍ പെരുന്നാളിന്റെ മുന്നോടിയായി കൊടികയറ്റ ചടങ്ങ് നടക്കും. 14-ന് ശനിയാഴ്ച വൈകുന്നേരം സന്ധ്യാ പ്രാര്‍ത്ഥനയും, പ്രസംഗവും ഡിന്നറും ഉണ്ടായിരിക്കും. 15-ന് വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, സ്നേഹവിരുന്ന് എന്നിവയ്ക്കുശേഷം കൊടിയിറക്കത്തോടെ പെരുന്നാള്‍ സമാപിക്കും.

അപ്പോസ്തലന്മാരില്‍ തലവനായ വിശുദ്ധ പത്രോസ് ശ്ശീഹയെപ്പറ്റി ഒരു ഉപന്യാസ മത്സരവും യുവജനങ്ങള്‍ക്കുവേണ്ടി ക്രമീകരിച്ചിട്ടുണ്ട്. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയെ കൊണ്ടുവരുന്നതിനും യോഗം തീരുമാനിച്ചു. കോര്‍ഡിനേറ്റര്‍ ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം