എബിസി കാര്‍ഗോ -കെഎംസിസി ഫുട്ബോള്‍ ഒന്നാം റൌണ്ട് മത്സരങ്ങള്‍ വെള്ളിയാഴ്ച സമാപിക്കും
Wednesday, November 26, 2014 10:12 AM IST
റിയാദ്: പ്രവാസി ഫുട്ബോള്‍ ആരാധകര്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് റിയാദില്‍ ആരംഭിച്ച എബിസി കാര്‍ഗോ കെഎംസിസി ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ രണ്ടാം വാരത്തിലെ ആദ്യ മത്സരത്തില്‍ വെള്ളിയാഴ്ച ഷിഫ അല്‍ ജസീറ ഹാഫ്ലൈറ്റ് ടീം ബുനയാന്‍ റെയിന്‍ബോ ക്ളബിനേയും രണ്ടാമത്തെ മത്സരത്തില്‍ ദര്‍ബാര്‍ റസ്ററന്റ് അസീസിയ സോക്കര്‍ ഹൈബിടെക് ലാന്റേണ്‍ എഫ്സിയേയും നേരിടും. നോക്കൌട്ട് അടിസ്ഥാനത്തിലുള്ള ടൂര്‍ണമെന്റില്‍ ഇതോടെ ആദ്യ റൌണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാകും.

മലബാറിലെ സെവന്‍സ് ഫുട്ബോള്‍ മൈതാനങ്ങളില്‍ ആവേശം വിതറിയ താരങ്ങളുമായിറങ്ങുന്ന നാല് ടീമുകളും തീപാറുന്ന മത്സരങ്ങളായിരിക്കും കാഴ്ച വയ്ക്കുക. ഒരു പരാജയത്തോടെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താകും എന്നതിനാല്‍ വിജയത്തിനായുള്ള ജീവന്‍മരണ പോരാട്ടം ടീമുകള്‍ പുറത്തെടുക്കും.

നാസ്റിയയിലെ അല്‍ ആസിമ അന്താരാഷ്ട്ര ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങള്‍ കാണാന്‍ പ്രതികൂല കാലാവസ്ഥയില്‍ പോലും നൂറുകണക്കിനാളുകളാണ് എത്തുന്നത്. ഉദ്ഘാടന മത്സരത്തില്‍ വിജയികളായ വെസ്റേണ്‍ യൂണിയന്‍ റോയല്‍ റിയാദ് സോക്കറും യൂത്ത് ഇന്ത്യ ക്ളബും ഇതിനകം സെമിഫൈനലില്‍ ഇടം നേടിയിട്ടുണ്ട്.

പ്രവാസലോകത്തെ ഏറ്റവും വലിയ പ്രൈസ് മണി നല്‍കുന്ന ഈ ടൂര്‍ണമെന്റില്‍ കാഷ് അവാര്‍ഡുകള്‍ സ്പോണ്‍സര്‍ ചെയ്തത് പാരഗണ്‍ റസ്ററന്റ് ഗ്രൂപ്പാണ്. പ്രമുഖ പ്രവാസി ഗായികയും പഴയകാല ഫുട്ബോള്‍ താരം ഹനീഫ കല്‍പ്പകഞ്ചേരിയുടെ മകളുമായ സനൂഫ ഹനീഫയെ ഈ വാരം ടൂര്‍ണമെന്റ് കമ്മിറ്റി ആദരിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. കാണികള്‍ക്കായി ഷിഫ അല്‍ ജസീറ പോളിക്ളിനിക്കിന്റെ പരിസരത്തു നിന്നും വൈകുന്നേരം നാലു മുതല്‍ സൌജന്യ വാഹനസൌകരവുമുണ്ടായിരിക്കും.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍