കനിവ് 2015 പദ്ധതിയുമായി കോങ്ങാട് കെഎംസിസി
Wednesday, November 26, 2014 10:11 AM IST
റിയാദ്: പ്രവര്‍ത്തകര്‍ക്കിടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നതിനുള്ള ഫണ്ട് സ്വരൂപിച്ചു കൊണ്ട് റിയാദ് കെഎംസിസിക്കു കീഴിലുള്ള പാലക്കാട് ജില്ലയിലെ കോങ്ങാട് മണ്ഡലം കെഎംസിസി കനിവ് 2015 പദ്ധതിയുമായി രംഗത്ത്. നാട്ടിലും നാട്ടുകാര്‍ക്കും പ്രവാസ ലോകത്തും മികച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മാതൃസംഘടനയുടെ നയങ്ങളോടൊപ്പം നിന്നു കൊണ്ട് സ്വന്തം മണ്ഡലത്തില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ക്ക് അവശ്യഘട്ടങ്ങളില്‍ സഹായമെത്തിക്കുന്നതിനുള്ള ഫണ്ട് സ്വരൂപിക്കുകയാണ് 'കനിവ് 2015' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് റിംഫ് സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍ പറഞ്ഞു.

പ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും മാരകമായ അസുഖങ്ങള്‍ പിടിപെട്ടാലോ സാമ്പത്തിക പരാതീനതകള്‍ മൂലം പ്രയാസം നേരിടുമ്പോഴോ അവരുടെ കുടുംബത്തെ സഹായിക്കുന്നതിനാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. പാലക്കാട് ജില്ലാ കെഎംസിസി നേരിട്ട് ഏറ്റെടുത്ത് നടത്തുന്ന ബൈത്തുറഹ്മ, 150 ല്‍ അധികം വരുന്ന വൃക്ക, കാന്‍സര്‍ രോഗികള്‍ക്കുള്ള സമാശ്വാസ സഹായം തുടങ്ങിയവക്കുള്ള പിന്തുണക്ക് പുറമെയാണ് ഇത്തരം ഒരു ഫണ്ട് രൂപീകരിക്കുന്നതെന്ന് വൈസ് ചെയര്‍മാന്‍ എ.യു സിദ്ദീഖ് പറഞ്ഞു.

കനിവ് 2015 ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായി കോങ്ങാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സ്നേഹസംഗമം പരിപാടി ഡിസംബര്‍ 26 ന് (വെള്ളി) വൈകുന്നേരം നാലു മുതല്‍ എക്സിറ്റ് 18 ന് സമീപം നോഫ ഓഡിറ്റോറിയത്തില്‍ നടക്കും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ മണ്ണാര്‍ക്കാട് എംഎല്‍എ അഡ്വ. എന്‍. ഷംസുദ്ദീന്‍, പ്രമുഖ വാഗ്മി സിദ്ദീഖലി രാങ്ങാട്ടൂര്‍, കോങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ.പി മൊയ്തു, കോങ്ങാട് മണ്ഡലം മുസ്ലിം ലീഗ് ജന. സെക്രട്ടറി യൂസഫ് പാലക്കല്‍, പാലക്കാട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ്് എം.എസ് നാസര്‍ എന്നിവരും പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. പരിപാടിയുടെ ഭാഗമായി ശുഹൈബ് തങ്ങള്‍ നേതൃത്വം നല്‍കുന്ന ക്വിസ് പ്രോഗ്രാം, പ്രവാസി സമൂഹത്തെ സംബന്ധിക്കുന്ന പഠനക്ളാസ്, ഹബീബ് കോട്ടോപ്പാടവും സംഘവും അവതരിപ്പിക്കുന്ന ഇശല്‍ വിരുന്ന്, മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് കമ്മിറ്റികള്‍ പങ്കെടുക്കുന്ന വടംവലി മത്സരം എന്നിവയുമുണ്ടായിരിക്കും.

പരിപാടിയുടെ നടത്തിപ്പിനായി സയിദ് അബ്ദുനാസര്‍ തങ്ങള്‍ ചെയര്‍മാനും അഷ്റഫ് തോട്ടപ്പായില്‍ ജന. കണ്‍വീനറുമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചതായും മണ്ഡലം ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പാലക്കാട് ജില്ലാ കെഎംസിസി പ്രസിഡന്റ് പി. അബ്ദുള്‍ ഹമീദ്, സയ്യിദ് നാസര്‍ തങ്ങള്‍, എ.യു സിദ്ദീഖ്, ഷൌക്കത്ത് കാഞ്ഞിരപ്പുഴ, സിറാജ് മണ്ണൂര്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍