ഓസ്ട്രിയന്‍ ഹൈവേകളില്‍ കൂടിയ വേഗത 100 കി.മീ.
Wednesday, November 26, 2014 7:40 AM IST
വിയന്ന: അമിത വേഗതയില്‍ പാഞ്ഞിരുന്ന വാഹനയാത്രക്കാര്‍ക്കു നിരാശയുളവാക്കിക്കൊണ്ട് ഓസ്ട്രിയന്‍ സംസ്ഥാനമായ ടിറോളിലെ മുഴുവന്‍ ഹൈവേയിലും കൂടിയ വേഗത 100 കി.മീ. ആക്കി നിജപ്പെടുത്തി. വര്‍ധിച്ചു വരുന്ന പരിസ്ഥിതി മലിനീകരണം തടയുന്നതിനും ട്രക്കുകളുടെ ബാഹുല്യം കുറച്ച്, റെയില്‍വേ വഴിയുള്ള ചരക്കു ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് പുതിയ നടപടി.

വേഗത പരിധി കുറച്ചതോടൊപ്പം, അമിത വേഗതയില്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കുള്ള പിഴയും വര്‍ധിപ്പിച്ചു. 130 കി.മീ. വേഗതയില്‍ വണ്ടിയോടിച്ചാല്‍, 50 യൂറോ പിഴയെന്നത് 80 യൂറോയായി വര്‍ധിപ്പിച്ചു. 100 കി.മീ. വേഗതയില്‍ കൂടുതല്‍ വേഗത്തില്‍ പോകണമെന്നാഗ്രഹിക്കുന്നവര്‍ക്ക് ട്രെയിനില്‍ യാത്ര ചെയ്യാമെന്നും ഗ്രീന്‍ പാര്‍ട്ടിയുടെ ഗതാഗത വിഭാഗ വക്താവ് ജോര്‍ജ് വില്ലി അഭിപ്രായപ്പെട്ടു.

395 കിലോമീറ്റര്‍ ഹൈവേയില്‍ കൂടി വേഗത 100 കിലോമീറ്റര്‍ ആക്കിയതോടുകൂടി ഓസ്ട്രിയയില്‍ ഹൈവേയുടെ നാലില്‍ ഒരു ഭാഗം വേഗത നിയന്ത്രണത്തിന്റെ പരിധിയില്‍ വന്നു. താമസിയാതെ തന്നെ ഓസ്ട്രിയയിലെ 1720 കിലോമീറ്റര്‍ ഹൈവേയിലും 80 നും 100 കി.മീ. നുമിടയില്‍ കൂടിയ വേഗത ആക്കി മാറ്റുവാനാണ് വരും മാസങ്ങളില്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

സാള്‍സ് ബുര്‍ഗില്‍ 140 കിലോമീറ്റര്‍ ഹൈവേയില്‍ 79 കിലോമീറ്റിലും കൂടിയ വേഗത 100 കിലോമിറ്ററാക്കി. ഗ്രാസിലും ക്ളാഗന്‍ഫുര്‍ട്ടിലും കൂടിയ വേഗത 100 കിലോമീറ്ററായി നിലവില്‍ വന്നു. ഓബര്‍ ഓസ്ട്രിയയില്‍ ഹൈവേ (അ1) 100 കി.മീ. കൂടിയ വേഗത നിലവില്‍ വന്നു. (തിങ്കളാഴ്ച) ലിന്‍സിലെ 92 കിലോമീറ്റര്‍ ഹൈവേയില്‍ വേഗത 60 നും 100 കി.മീ നുമിടയില്‍ തിങ്കളാഴ്ച മുതല്‍ നിലവില്‍ വന്നു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍