സല്‍ക്കര്‍മ്മങ്ങള്‍കൊണ്ട് മടക്കയാത്രക്കുള്ള പാഥേയം തീര്‍ക്കുക: റഫീക്ക് സലഫി
Wednesday, November 26, 2014 7:35 AM IST
ദമാം: നശ്വരമായ ഭൌതീക ജീവിതം നന്മകളാല്‍ സ്ഫുടം ചെയ്തു സല്‍ക്കര്‍മ്മങ്ങളിലൂടെ മടക്കയാത്രക്കുള്ള പാഥേയം തീര്‍ക്കണമെന്ന് ബുറൈദ ജാലിയാത്ത് മലയാള വിഭാഗം പ്രബോധകനും വാഗ്മിയുമായ റഫീക്ക് സലഫി ഉദ്ബോധിപ്പിച്ചു.

സൃഷ്ടികളുടെ ജീവിതം മരണമെന്ന സത്യത്തെ അഭിമുഖീകരിക്കുമെന്നത് വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും തര്‍ക്കമില്ലാത്ത വസ്തുതയാണ്. മനുഷ്യരെ സംബന്ധിച്ച് വിലപ്പെട്ട ജീവിതകാലഘട്ടം സൃഷ്ടാവിന്റെ കല്‍പ്പനകള്‍ക്ക് വിധേയരായി അനുഗ്രഹങ്ങള്‍ക്ക് നന്ദിയുള്ളവരായി പരിവര്‍ത്തിപ്പിക്കുക എന്നത് വിശുദ്ധ ഖുര്‍ആനും തിരുചര്യയും ഉത്തമരായ പൂര്‍വികരും കാണിച്ചു തന്ന മഹനീയ പാതയാണ്. അതിലൂടെയുള്ള പ്രയാണം നല്‍കുന്ന സമാധാനവും സംതൃപ്തിയും ഒരു വിശ്വാസിക്ക് ലഭിക്കാന്‍ ഭൌതീകതയുടെ ആര്‍ഭാടങ്ങളില്‍നിന്ന് ഭിന്നമായി ലളിതമാര്‍ന്നതും തെളിമയുള്ളതുമായ ജീവിതചര്യ ആര്‍ജ്ജിച്ചെടുക്കലാണ് മരണാനന്തരമുള്ള അനശ്വരമായ പരലോക ജീവിതം വിജയപ്രദമാക്കാനുള്ള മാര്‍ഗമെന്നും അദ്ദേഹം ഉണര്‍ത്തി.

അല്‍കോബാര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രഫഷണല്‍ വിംഗ് ദമാംഅല്‍കോബാര്‍ ചാപ്റ്ററുകള്‍ സംയുക്തമായി ദമാം ഇസ്ലാമിക്ക് കള്‍ച്ചറല്‍ സെന്ററില്‍ സംഘടിപ്പിച്ച പത്താമത് ഫോക്കസ് ഇന്ററാക്ടീവ് മീറ്റില്‍ മരണം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിഷയത്തെ അധികരിച്ച് സദസില്‍ നിന്നുയര്‍ന്ന ചോദ്യങ്ങള്‍ക്ക് ഐസിസി മലയാള വിഭാഗം പ്രബോധകന്‍ അബ്ദുള്‍ ജബാര്‍ അബ്ദുള്ള മദീനി മറുപടി നല്‍കി. അംജദ് രാജ പുളിക്കലിന്റെ നേതൃത്വത്തില്‍ ചടങ്ങില്‍ സംഘടിപ്പിച്ച പ്രശ്നോത്തരി മത്സരത്തില്‍ വിജയികളായ പത്ത് പേര്‍ക്ക് റഫീക്ക് സലഫി ഉപഹാരം സമര്‍പ്പിച്ചു. ഫോക്കസ് വിംഗ് കണ്‍വീനര്‍ ഡോ. അബ്ദുള്‍കബീര്‍ ഉളിയന്നൂര്‍ സ്വാഗതവും ഹംസ പൈമറ്റം കൃതജ്ഞതയും നേര്‍ന്നു. ഫോക്കസ് എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദലി പുലാശേരി, ഫൈസല്‍ കൈതയില്‍, ഷക്കീര്‍ പാലക്കാട്, ഫവാസ് കോഴിക്കോട്, നാസര്‍ തൃശൂര്‍, അബ്ദുള്‍മാലിക് കെഎഫ്യുപിഎം, അബ്ദുല്‍ ഗഫൂര്‍ വിളത്തൂര്‍, ഇന്‍സാഫ്, അനസ് വെമ്പായം, മുഹമ്മദ് ഷാക്കിര്‍, ജാഗിര്‍ അന്‍വര്‍, സിറാജ് ആലുവ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം