മാത്യു വര്‍ഗീസ് 2016 ഫോമാ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍
Wednesday, November 26, 2014 6:35 AM IST
മയാമി: 2016ല്‍ ഫ്ളോറിഡയില്‍ വച്ച് നടത്തപെടുന്ന ഫോമായുടെ ഇന്റര്‍ നാഷണല്‍ കണ്‍വെന്‍ഷന്റെ ചെയര്‍മാനായി ഫ്ചോറിഡയില്‍ നിന്ന് തന്നെയുള്ള മാത്യു വര്‍ഗീസിനെ (ജോസ്) ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തു.

നാട്ടില്‍ നിന്ന് തന്നെ വിവിധ സംഘടനകളില്‍ പ്രവര്‍ത്തിച്ച പരിചയം കൈമുതലായുള്ള മാത്യു വര്‍ഗീസ്, 1987ല്‍ കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണിലൂടെയാണ് അമേരിക്കയില്‍ സംഘടനപ്രവര്‍ത്തനത്തില്‍ സജീവമാകുന്നത്.

പിന്നീട് അദ്ദേഹം ഫ്ളോറിഡയില്‍ താമസം മാറുകയും, അവിടെ നവ കേരള ആര്‍ട്സ് ക്ളബ് എന്ന സംഘടന രൂപം നല്‍കുന്നതില്‍ വലിയൊരു പങ്കു വഹിച്ചു.

2004- 2006 കാലഘട്ടത്തില്‍ അവിഭക്ത ഫൊക്കാനയുടെ ട്രഷറര്‍ ആയി ദേശീയ സംഘടനാ പ്രവര്‍ത്തനത്തിലും അദ്ദേഹം സജീവമായി. 2006- 2008 വരെ ഫൊക്കാനാ ചാരിറ്റി ഫൌണ്ഡേഷന്‍ ചെയര്‍മാനായും അദ്ദേഹം സേവനമനിഷ്ട്ടിച്ചു.

2008ല്‍ ഫോമാ എന്ന സംഘടനയ്ക്ക് തുടക്കമിട്ടപ്പോള്‍ സ്ഥാപക നേതാക്കളിലൊരാളായ അദ്ദേഹം അതിന്റെ പ്രവര്‍ത്തനത്തില്‍ വലിയൊരു പങ്കു വഹിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തനത്തിലും അദ്ദേഹം തന്റെതായ ഒരു വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 2012- 14 കാലയളവില്‍ ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ച അദ്ദേഹം ഇപ്പോള്‍ അഡ്വസ്സറി ബോര്‍ഡ് ചെയര്‍മാനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു, അതോടൊപ്പം മലയാളത്തിന്റെ സ്വന്തം ചാനലായ ഏഷ്യനെറ്റിന്റെ യു എസ് ഓപറേഷന്‍സ് മാനേജര്‍ കൂടിയാണദ്ദേഹം.

വ്യക്തി ബന്ധങ്ങള്‍ക്ക് വലിയ വില കല്പിക്കുന്ന മാത്യു വര്‍ഗീസ്, അമേരിക്കന്‍ മലയാളികളുടെ ചരിത്രത്തില്‍ വിസ്മരണീയമായ ഒരു കണ്‍വെന്‍ഷന്‍ ഒരുക്കുവാനുള്ള തയാറെടുപ്പിലാണ്.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്