അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വച്ച് ചാവറയച്ചന്‍ അനുഗ്രഹിച്ചു; വിശുദ്ധനാക്കുന്ന ചടങ്ങിനിടെ സിറിയകിന് വത്തിക്കാനില്‍ ആദ്യ കുര്‍ബാന
Tuesday, November 25, 2014 12:55 PM IST
വത്തിക്കാന്‍ സിറ്റി: ചാവറയച്ചന്റെയും ഏവുപ്രാസ്യമ്മയുടെയും വിശുദ്ധ നാമകരണ ചടങ്ങ് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ അരങ്ങേറിയപ്പോള്‍ അത്രയൊന്നും ശ്രദ്ധിക്കാതെ മറ്റൊരു ചടങ്ങ് തലേന്ന് ശനിയാഴ്ച നിശബദ്മായി കടന്നുപോയി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ വളപ്പില്‍ത്തന്നെയുള്ള സെന്റ് അന്നാസ് പള്ളിയില്‍ ചാവറയച്ചന്റെ പേരുള്ള ഒരു മലയാളി ബാലന്റെ ആദ്യ കുര്‍ബാന നടന്നത് യാദൃശ്ചികതയായി.

സിറിയക് തോട്ടുങ്കല്‍ എന്ന 11 വയസുകാരന്റെ ആദ്യകുര്‍ബാന വത്തിക്കാനില്‍ ചാവറയച്ചനെ വിശുദ്ധനാക്കുന്ന ചടങ്ങിനൊപ്പം നടന്നത് അനുഗ്രഹമായി കണക്കാക്കുകയാണ് ഈ കുടുംബം. ഗര്‍ഭപാത്രത്തില്‍ പിറവിയില്‍ത്തന്നെ ജീവന് ഭീഷണി നേരിട്ട സിറിയകിന്റെ ജനനവും ചാവറയച്ചന്റെ അനുഗ്രഹമാണെന്നാണ് പിതാവ് കോട്ടയം പാറമ്പുഴ സ്വദേശി ഷൈമോന്‍ തോട്ടുങ്കല്‍ എബ്രഹാമും ഭാര്യ സിമി ഷൈമോനും പറയുന്നത്. അക്കഥ ഇങ്ങനെ:

സിമി ഗര്‍ഭം ധരിച്ച് ആറാം ആഴ്ചയില്‍ പരിശോധിച്ച ഡോക്ടര്‍ക്ക് എന്തോ പന്തികേട് തോന്നി. തുടര്‍ന്ന് സ്കാനിംഗ് നടത്തിയപ്പോള്‍ കുട്ടിക്കൊപ്പം ഗര്‍ഭപാത്രത്തില്‍ മൂന്നു സെന്റിമീറ്റര്‍ വലിപ്പത്തിലുള്ള ഒരു മുഴ കൂടി കണ്െടത്തി. ആദ്യം അത്ര കാര്യമാക്കിയില്ല. എട്ടാം ആഴ്ചയില്‍ നടത്തിയ സ്കാനിംഗില്‍ മുഴയുടെ വലിപ്പം ഇരട്ടിയായിരുന്നു. ഇതോടെ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കി. പത്താം ആഴ്ചയില്‍ ഒരു പരിശോധന കൂടി നടത്തണം. മുഴ ഇനിയും വലുതായാല്‍ അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഒരു പോലെ ഭീഷണിയായിരിക്കും. ഗര്‍ഭം അലസിപ്പിക്കുക മാത്രമാകും പോംവഴി.

തകര്‍ന്നു പോയ സിമി മാന്നാനത്തെ ചാവയറയച്ചന്റെ കബറിടത്തില്‍ പോയി കരഞ്ഞു പ്രാര്‍ഥിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രാര്‍ഥന മാത്രമായിരുന്നു സിമിയുടെ ആശ്രയം. പത്താം ആഴ്ചയില്‍ സ്കാനിംഗ് നടത്തണമെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ അവര്‍ തടഞ്ഞു. രണ്ടാഴ്ച കൂടി കാക്കണമെന്ന് അഭ്യര്‍ഥിച്ചു. അങ്ങനെ മൂന്നു മാസം തികഞ്ഞപ്പോള്‍ വീണ്ടും സ്കാനിംഗ്. ഇക്കുറി അത്ഭുതപ്പെട്ടത് ഡോക്ടറാണ്. മുഴ അപ്രത്യക്ഷമായിരിക്കുന്നു. 'മഹാത്ഭുതം' എന്നാണ് ഡോക്ടര്‍ അന്ന് അതിനെ വിശേഷിപ്പിച്ചത്. മുഴ മാറാന്‍ പ്രത്യേകിച്ച് ഒരു ചികിത്സയും നടത്തിയിരുന്നില്ല. ഗര്‍ഭസ്ഥ ശിശുവിനെ ദോഷകരമായി ബാധിക്കുമെന്നതിനാലായിരുന്നു അത്.

2004 നവംബര്‍ 30നായിരുന്ന സിറിയകിന്റെ ജനനം. പൂര്‍ണ ആരോഗ്യവാനായി പിറന്ന കുട്ടിക്ക് ദമ്പതികള്‍ ചാവറയച്ചന്റെ പേരായ സിറിയക് എന്നു പേര് നല്‍കുകയും ചെയ്തു. പിന്നീട് ചാവറയച്ചന്റെ നാമകരണത്തിനായുള്ള അത്ഭുത പ്രവര്‍ത്തിയെന്ന നിലയില്‍ ഇക്കാര്യം നല്‍കിയെങ്കിലും മതിയായ രേഖകളുടെ അഭാവത്തില്‍ സ്വീകരിച്ചില്ല. എങ്കിലും ചാവറയച്ചന്റെ അനുഗ്രഹമാണ് കുട്ടി പൂര്‍ണ ആരോഗ്യവാനായി പിറക്കാന്‍ കാരണമെന്ന് മാതാപിതാക്കളും കുടുംബവും ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു.

മകന്‍ പിറന്നു രണ്ടു വര്‍ഷം കഴിഞ്ഞ് ഷൈമോനും കുടുംബവും യുകെയിലേക്ക് കുടിയേറി. കഴിഞ്ഞ വര്‍ഷം മുതല്‍ മകന്റെ ആദ്യ കുര്‍ബാന നടത്താന്‍ പദ്ധതിയിടുന്നതാണ്. ഇടയ്ക്ക് നാട്ടില്‍ അവധിക്കു വന്നപ്പോള്‍ നടത്താമെന്നു നിശ്ചയിച്ചെങ്കിലും സാധിച്ചില്ല. ഇംഗ്ളണ്ടില്‍വച്ചു നടത്താമെന്ന ചിന്തയായി പിന്നീട്. അതിനുള്ള ശ്രമം നടത്തുമ്പോഴാണ് ചാവറയച്ചനെ വിശുദ്ധനാക്കുന്ന ചടങ്ങ് ഈ വര്‍ഷം നവംബറില്‍ വത്തിക്കാനില്‍വച്ചു നടക്കുമെന്ന് അറിഞ്ഞത്.

ചങ്ങനാശേരി മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടത്തോടാണ് ആദ്യം അഭ്യര്‍ഥിച്ചത്. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം, റോമില്‍ ഉപരിപഠനം നടത്തുന്ന ചങ്ങനാശേരി സ്വദേശി ഫാ. ബിജു ആലഞ്ചേരിയെ ബന്ധപ്പെട്ടു. അദ്ദേഹമാണ് ഒരുക്കങ്ങള്‍ നടത്തിയത്. ചങ്ങനാശേരി രൂപതാ വികാരി ജനറല്‍ ഫാ. ജോസഫ് മുണ്ടകത്തില്‍ ഉള്‍പ്പെടെ മുപ്പതോളം വൈദികര്‍ ചടങ്ങില്‍ പങ്കുകൊണ്ടു. 40 കന്യാസ്ത്രീകളും മന്ത്രി കെ.സി. ജോസഫും കോട്ടയം എംപി ജോസ് കെ. മാണിയും ഒല്ലൂര്‍ എംഎല്‍എ എംപി വിന്‍സെന്റും ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങിന് സാക്ഷികളായി.

സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി, സിഎംഐ തിരുവനന്തപുരം പ്രൊവിന്‍ഷ്യല്‍ ഫാ. സിറിയക് മഠത്തില്‍ എന്നിവര്‍ ചടങ്ങിനു മുന്‍പ് സിറിയകിനെ അനുഗ്രഹിച്ചു പ്രാര്‍ഥിച്ചു. കേരളത്തില്‍നിന്നുള്ള വാഴ്ത്തപ്പെട്ടവരെ വിശുദ്ധരാക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയ മലയാളികള്‍ അപ്രതീക്ഷിതമായി ഒരു മലയാളി ബാലന്റെ ആദ്യ കുര്‍ബാന സ്വീകരണം കണ്ടപ്പോള്‍ എത്തിയതും കൌതുകമായി. ചാവറയച്ചന്റെ വിശുദ്ധീകരണ ചടങ്ങിനിടെ ആദ്യ കുര്‍ബാന സ്വീകരിച്ചതിന്റെ ആവേശത്തിലാണ് ഇപ്പോള്‍ ന്യൂകാസിലില്‍ അഞ്ചാം ക്ളാസ് വിദ്യാര്‍ഥിയായ സിറിയക്. ഏകസഹോദരന്‍ ജേക്കബ് ഷൈമോന്‍ നഴ്സറി സ്കൂള്‍ വിദ്യാര്‍ഥിയാണ്.