ഭാരതത്തിന്റെ കൃതജ്ഞത, മാര്‍പാപ്പയുടെ അനുഗ്രഹം ; മലയാളി സമൂഹം നിര്‍വൃതിയില്‍
Tuesday, November 25, 2014 10:11 AM IST
വത്തിക്കാന്‍സിറ്റി: ഭാരത സഭയില്‍ നിന്നും അള്‍ത്താരവണക്കത്തിന് അര്‍ഹത നേടിയശേഷം നവവിശുദ്ധരുടെ സിംഹാസനത്തില്‍ കൈപിടിച്ചിരുത്താന്‍ അവസരമൊരുക്കിയ ദൈവത്തിനു കൃതജ്ഞത അര്‍പ്പിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ തിങ്കളാഴ്ച ജനസഹസ്രങ്ങള്‍ തിങ്ങിക്കൂടി.

വിശുദ്ധരാക്കപ്പെട്ട കുര്യാക്കോസ് ഏലിയാസ് ചാവറയച്ചനും എവുപ്രാസ്യമ്മയ്ക്കും വേണ്ടി പതിനായിരങ്ങള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു.

ആഗോള തിരുസംഘത്തിലെ ആദ്യ മാര്‍പാപ്പ വിശുദ്ധ പത്രോസിന്റെ കബറിടത്തിനു മുകളിലുള്ള ഏറ്റുപറച്ചലിന്റെ അള്‍ത്താരയില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വ്വത്തിലായിരുന്നു കൃതജ്ഞതാബലി. പ്രാദേശിക സമയം രാവിലെ പത്തിനു നടന്ന ചടങ്ങില്‍ കേരളത്തില്‍ നിന്നുള്ള 1500 ലധികം പ്രതിനിധികള്‍ പങ്കെടുത്തു.

കൃതജഞതാബലിയില്‍ പങ്കെടുക്കാനായി രാവിലെ മുതല്‍ തന്നെ ബസലിക്കയിലേക്ക് തീര്‍ഥാടകര്‍ ഒഴുകിയെത്തി. ഇന്ത്യക്കാരടക്കം പതിനായിരത്തിലധികം പേരാണു ബസലിക്കയിലും പരിസരത്തുമായി തിങ്ങിക്കൂടിയത്. സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് സന്ദേശം നല്‍കി. റാഞ്ചി ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ടെലസ്ഫോര്‍ ടോപ്പോ, ആര്‍ച്ച് ബിഷപ്പുമാരായ ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പെരുന്തോട്ടം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങി 25 സഭാ മേലധ്യക്ഷന്മാര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. എണ്ണൂറിലധികം വൈദികരും സന്നിഹിതരായിരുന്നു. സിഎംഐ, സിഎംസി സഭാസമൂഹത്തില്‍ നിന്ന് മുന്നൂറ്റിയമ്പതോളം വൈദികരാണ് ചടങ്ങുകളില്‍ പങ്കെടുത്തത്.

കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍, ഉന്നത നേതാക്കള്‍ തുടങ്ങിയവരും അനുഗ്രഹം തേടിയെത്തിയവരില്‍പെടുന്നു. വിശുദ്ധരുടെ പോസ്റുലേറ്റര്‍ റവ. ഡോ. ചെറിയാന്‍ തുണ്ടുപറമ്പില്‍ സിഎംഐ, മാസ്റര്‍ ഒഫ് സെറിമണീസ് ഫാ. നൈജു കളമ്പുകാട്ട് എന്നിവരും ചടങ്ങുകള്‍ക്കു ചുക്കാന്‍ പിടിച്ചു. സിഎംഐ മുന്‍ പ്രിയോര്‍ ജനറാള്‍ ഫാ. ജോസ് പന്തപ്ളാംതൊട്ടിയില്‍ വിശുദ്ധ ചാവറയച്ചന്റെയും ഫാ. നോബി വിശുദ്ധ എവുപ്രാസ്യമ്മയുടെയും തിരുശേഷിപ്പുകള്‍ വഹിച്ചു.

കൃതജ്ഞതാ ബലി അര്‍പ്പിക്കുന്നതിനു മുമ്പ് രാവിലെ ഒമ്പതിന് ഫ്രാന്‍സിസ് മാര്‍പാപ്പ ബസലിക്കയില്‍ ഇന്ത്യന്‍ സമൂഹവുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി. ക്രൈസ്തവ സഭകള്‍ക്ക് വളക്കൂറുള്ള മണ്ണാണ് ഇന്ത്യയെന്നു വിശേഷിപ്പിച്ച മാര്‍പാപ്പ, കേരളത്തെ ദൈവവിളിയുടെ വിളനിലം എന്നും പുകഴ്ത്തി. കേരള സഭകള്‍ക്കു വിശ്വാസദീപ്തമായ പ്രത്യേക ശക്തിയുണ്ട്. അതു തുടര്‍ന്നും മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അനുഗ്രഹങ്ങളുടെ നാടാണു കേരളം. ഇവിടെ നിന്നു വിശുദ്ധരാക്കപ്പെട്ടവര്‍ സഹനത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകങ്ങളാണ്. അവരെ മാതൃകയാക്കി മുന്നോട്ടു പോകണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു. കുട്ടികള്‍ കുടുംബത്തിന്റെ സമ്പത്തായി സമൂഹത്തിന്റെ പ്രതിരൂപമാവാന്‍ രൂപപ്പെടുത്തണമെന്ന് പ്രത്യേകം ഓര്‍മിപ്പിച്ചു. ഇറ്റാലിയന്‍ ഭാഷയില്‍ നടത്തിയ സന്ദേശത്തിന്റെ ഇംഗ്ളീഷ് പരിഭാഷ ഉണ്ടായിരുന്നു. ശ്ളൈഹിക ആശീര്‍വാദത്തിനു ശേഷം തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് കൈമുത്തലിനും അവസരം നല്‍കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍