റഫയില്‍ മരിച്ച ഇരിക്കൂര്‍ സ്വദേശിയുടെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തും
Tuesday, November 25, 2014 10:11 AM IST
റിയാദ്: സൌദിയിലെ റഫയുടെ സമീപം ശാഹബയില്‍ വാഹനാപകടത്തില്‍ മരിച്ച കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ സ്വദേശി കീത്തടത്ത് നസീറി (38) ന്റെ മൃതദേഹം ബുധനാഴ്ച പുലര്‍ച്ചെ കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും. ചൊവ്വാഴ്ച വൈകുന്നേരം ഇത്തിഹാദ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടു പോയ മൃതദേഹത്തെ സഹോദരന്‍ ഷബീറും ഇരിക്കൂര്‍ സ്വദേശി അഷ്റഫും അനുഗമിക്കുന്നുണ്ട്.

ഏരിയല്‍ ഡിറ്റര്‍ജന്റ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന നസീര്‍ സഞ്ചരിച്ച വാഹനം ഓടിച്ചിരുന്നത് എറണാകുളം സ്വദേശി അഷ്റഫ് ആയിരുന്നു. വേഗതയില്‍ വന്ന കാര്‍ മുന്നില്‍ ഹമ്പ് കണ്ടപ്പോള്‍ ബ്രേയ്ക്ക് ചെയ്തതാണ് അപകട കാരണമെന്ന് പറയുന്നു. മുന്ന് മാസം മുമ്പാണ് നസീര്‍ അവധി കഴിഞ്ഞെത്തിയത്.

മയ്യത്ത് ബുധനാഴ്ച ഇരിക്കൂര്‍ ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ മറവ് ചെയ്യും. പരേതരായ കിനാക്കൂല്‍ വയലിപ്പത്ത് അബ്ദുറഹീം, കീത്തടത്ത് സല്‍മ എന്നിവരാണ് മാതാപിതാക്കള്‍. ഇരിട്ടി പയഞ്ചേരി മുക്ക് സ്വദേശിനി കണിയാറക്കല്‍ റസിയയാണ് ഭാര്യ. എട്ട് വയസുള്ള റസാന ഏക മകളാണ്.

റിയാദ് കണ്ണൂര്‍ ജില്ലാ കെഎംസിസി ട്രഷറര്‍ ഷാനവാസ് ആറളവും ഹഫര്‍ അല്‍ ബാതിനിലെ നൌഷാദ് കൊല്ലവും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബന്ധുക്കളോടൊപ്പമുണ്ടായിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍