നഴ്സിംഗ് ജോലി റിക്രൂട്ട്മെന്റ് : കുവൈറ്റ് സര്‍ക്കാരിന്റെ സഹായം അഭ്യര്‍ഥിച്ചു
Tuesday, November 25, 2014 8:23 AM IST
കുവൈറ്റ്: വിദേശകാര്യ മന്ത്രാലയ വിഭാഗം അണ്ടര്‍ സെക്രട്ടറി ഖലിദ് അല്‍ജറള്ളയുമായി കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജയിന്‍ കൂടിക്കാഴ്ച നടത്തി.

കുവൈറ്റിലെ നഴ്സിംഗ് ജോലിയിലേക്ക് റിക്രൂട്ട്മെന്റ് നടത്താന്‍ ഇന്ത്യന്‍ നഴ്സുമാരില്‍ നിന്ന് കൈക്കൂലി വാങ്ങുന്ന കാര്യം വിദേശകാര്യ വകുപ്പിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജയിന്‍ സത്വരമായ നടപടികള്‍ കൈക്കൊള്ളുവാന്‍ അഭ്യര്‍ഥിക്കുയും ചെയ്തു.

ആരോഗ്യ മേഖലയിലേക്കുള്ള നിയമനങ്ങളിലേക്ക് വന്‍ തുകകളാണ് ഇടനിലക്കാരായി നില്‍ക്കുന്ന റിക്രൂട്ടിംഗ് കമ്പനികള്‍ വാങ്ങുന്നത്. ആദ്യ കാലങ്ങളില്‍ അഞ്ചും പത്തും ലക്ഷങ്ങളായിരുന്നുവെങ്കില്‍ ഇന്ന് അത് ഇരുപതും ഇരുപതിയഞ്ചും ലക്ഷമായി മാറിയിരിക്കുകയാണ്. മികച്ച ശമ്പളം ലഭിക്കുന്ന മേഖലയായതിനാല്‍ എത്ര തുക കൊടുത്തും നഴ്സിംഗ് ജോലി നേടുവാന്‍ ആളുകള്‍ തയാറാവുകയാണ്.

കുവൈറ്റിലെ കമ്പനികളിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന നാട്ടിലെ ഏജന്‍സികളാണ് വന്‍ തുക തട്ടിപ്പിന് നേതൃത്വം നല്‍കുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ ലഭിക്കുന്ന കോണ്‍ട്രാക്ട് മറച്ചുവച്ച് അറുപത് വയസുവരെ ജോലിചെയ്യാമെന്ന് വാഗ്ദാനം നല്‍കിയാണ് ഇവരെ കുവൈറ്റിലെത്തിക്കുന്നത്. കരാര്‍ പ്രകാരമുള്ള കാലാവധി അവസാനിക്കുമ്പോള്‍ ജോലി നഷ്ടപ്പെടുന്ന ഇവര്‍ വഴിയാധാരമാകുകയാണ് പതിവ്. ഇത്തരം നിരവധി പരാതികള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് എംബസി ഈ വിഷയത്തില്‍ ഇടപെട്ടത്. കുവൈറ്റ് സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം ഈ മേഖലയിലുള്ള അനാവശ്യ രീതികളെ ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിഞ്ഞേക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ അഭിപ്രായപ്പെട്ടു.

കുവൈറ്റിലേക്കുള്ള ഇന്ത്യന്‍ നഴ്സുമാരുടെ റിക്രൂട്ട്മെന്റ് എല്ലായ്പ്പോഴും വന്‍ അഴിമതി കൊണ്ട് ശ്രദ്ധേയമാകാറുണ്ട്. എംബസിയുടെ ഇടപെടല്‍ മൂലം ഇത്തരം പ്രശ്നങ്ങള്‍ക്ക് താത്കാലികമായെങ്കിലും തടയിടാമെന്നാണ് കരുതുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍