സിഎഫ്ഡി ഇറ്റലിയുടെ സ്ഥാപക ദിനാഘോഷവും ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനവും നവംബര്‍ 30ന്
Tuesday, November 25, 2014 8:22 AM IST
റോം: ഒരുമിച്ചു നില്‍ക്കുക, ഒരുമിച്ചു നേടുക എന്ന മഹത്തായ സന്ദേശം ഉയര്‍ത്തി വിശ്വാസം, ജനാധിപത്യം, സേവനം, അച്ചടക്കം സമൂഹ നന്മയ്യ്ക്ക് എന്ന മുദ്രാവാക്യവുമായി ഇറ്റലിയിലെ മലയാളി പ്രവാസികള്‍ക്കായി കര്‍മപദ്ധതികള്‍ ഒരുക്കുന്ന സിഎഫ്ഡി (കോണ്‍ഗ്രസ് ഓഫ് ഫെയിത്ത് ആന്‍ഡ് ഡെമോക്രെസി) യുടെ നാലാമത് സ്ഥാപക ദിനാഘോഷവും ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനവും അതോടൊപ്പം പ്രതിഭകളെ ആദരിക്കലും നവംബര്‍ 30ന് (ഞായര്‍) റോമിലെ വിയ ഡെല്‍ ക്യാസലേട്ടോ 538ല്‍ രാവിലെ 10.30ന് നടക്കും.

സിഎംഐ സഭയിലെ വൈദികര്‍ രൂപം കൊടുത്ത സെന്റര്‍ ഫോര്‍ ഫെയിത്ത് ആന്‍ഡ് ഡെമോക്രെസിയില്‍ നിന്നും ആശയം ഉള്‍ക്കൊണ്ടാണ് കോണ്‍ഗ്രസ് ഓഫ് ഫെയിത്ത് ആന്‍ഡ് ഡെമോക്രെസി ഇറ്റലിയിലെ മലയാളി പ്രവാസികളുടെ ഇടയില പ്രവര്‍ത്തനം ആരംഭിക്കുന്നത്.

നവംബര്‍ 30ന് രാവിലെ 10 ന് തുടങ്ങുന്ന ചടങ്ങുകളില്‍ രജിസ്ട്രേഷനും അഗത്വം എടുക്കലും നടക്കും. തുടര്‍ന്ന് 10.30ന് വിശുദ്ധ കുര്‍ബാനയും ബി.ആര്‍ ചാക്കോ വണ്ടംകുഴിയില്‍ നയിക്കുന്ന ലീഡര്‍ഷിപ്പ് സെമിനാറും 12.30ന് സ്നേഹ വിരുന്നും ഉണ്ടാകും. ഉച്ചകഴിഞ്ഞ് 1.30 ന് ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ പ്രതിഭകളെ ആദരിക്കലും ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനവും തുടര്‍ന്ന് കലാപരിപാടികളും നടക്കും. 4.30 ന് കാര്യപരിപാടികള്‍ സമാപിക്കും. സ്ഥാപക ദിനാഘോഷത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരും ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന തെരുവുനാടക ട്രൂപ്പില്‍ അംഗമാകാന്‍ താത്പര്യമുള്ളവര്‍ ഭാരവാഹികളെ സമീപിക്കേണ്ടാതാണ്. ഇറ്റലിയിലെ മുഴുവന്‍ മലയാളികളെയും സംഘാടകര്‍ ചടങ്ങുകളിലേയ്ക്ക് സ്വാഗതം ചെയ്തു.

കേരളത്തില്‍ വന്നവര്‍ക്ക് ജന്മനാടിന്റെ സംസ്കാരത്തിന് ചേര്‍ന്നവിധം നാനാജാതി മതസ്ഥര്‍ക്ക് ഒത്തു ചേരാനുപകരിക്കുന്ന ഒരു സംഘടനയായിട്ടാണ് സിഎഫ്ഡി തുടക്കമിടുന്നത്.

2011 ഓഗസ്റ് 15നാണ് സംഘടന രൂപപ്പെടുന്നത്. പിന്നിട് അതേവര്‍ഷംതന്നെ നവംബര്‍ 25ന് സംഘടന ഔദ്യോഗികമായി രജിസ്റര്‍ ചെയ്തു. മദ്യാസക്തി, മയക്കുമരുന്ന്, ഗര്‍ഭചിദ്രം, നിരീശ്വരവാദം, യുദ്ധം എന്നിങ്ങനെയുള്ള സാമൂഹ്യ തിന്മകള്‍ക്കെതിരായി പ്രചാരണം നടത്തുകയും അംഗങ്ങളുടെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്താനുമാണ് സിഎഫ്ഡി ശ്രമിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 3337204291, 3334434987 (ഡെന്നി ചെര്‍പ്പണത്ത്), 3663664030 (അനീഷ് അലക്സ്), 3317897160 (എ.സി സ്റാലിന്‍).

റിപ്പോര്‍ട്ട്: ജെജി മാന്നാര്‍