വിശ്വാസം ഉജ്ജ്വലിപ്പിക്കുന്ന അഭിഷേകാഗ്നി കണ്‍വന്‍ഷനായി ഉപവാസ യജ്ഞങ്ങള്‍
Tuesday, November 25, 2014 8:22 AM IST
ബ്രാഡ്ഫോര്‍ഡ്: ദൈവിക മഹത്വത്തിന്റെ കരുണാമയമായ അനുഗ്രഹങ്ങള്‍ വര്‍ഷിക്കപ്പെടുന്ന ഡിസംബറിലെ രണ്ടാം ശനിയാഴ്ച അഭിഷേകാഗ്നി കണ്‍വന്‍ഷന്‍, വചന പ്രഘോഷണ രാജകുമാരന്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലും യൂറോപ്പിന്റെ അപ്പസ്തോലന്‍ എന്ന നാമം വിളിക്കപ്പെടുന്ന ഫാ. സോജി ഓലിക്കലും സംയുക്തമായി നയിക്കുമ്പോള്‍ വിശ്വാസം വര്‍ധിപ്പിക്കുന്ന അനുഗ്രഹ പെരുമഴയാല്‍ ബഥേല്‍ സെന്റര്‍ നില കൊളളും.

പന്തിരായിരത്തിലധികം വിശ്വാസികള്‍ പങ്കെടുത്ത മാഞ്ചസ്റര്‍ അഭിഷേകാഗ്നി കണ്‍വന്‍ഷനുശേഷം ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലില്‍ യുകെയില്‍ എത്തുമ്പോള്‍ അഭിഷേകാഗ്നി കണ്‍വന്‍ഷനു സംബന്ധിക്കാനെത്തുന്നവര്‍ക്ക് എല്ലാവര്‍ക്കും അനുഗ്രഹങ്ങള്‍ ദൈവ കൃപയാല്‍ സാധ്യമാകുന്നതിന് സെഹിയോന്‍ യുകെ ടീം അംഗങ്ങള്‍ കഠിനമായ തപസിലാണ്.

അഖണ്ഡ ജപമാലകള്‍, ഉപവാസ പ്രാര്‍ഥനകള്‍, തിരുഹൃദയ ജപമാല, കരുണയുടെ ജപമാല, കുരിശിന്റെ വഴികള്‍ എന്നിങ്ങനെ നിരവധിയായ മധ്യസ്ഥ പ്രാര്‍ഥനകളും ഒപ്പം കഴിഞ്ഞയാഴ്ച സമാപിച്ച വൈദികരുടെ ധ്യാനത്തിന്റെ പ്രതിഫലമെന്നോണം യുകെയിലെങ്ങും അഗ്നി അഭിഷേകത്തിന്റെ കൃപകള്‍ വര്‍ഷിക്കപ്പെടും.

ഡിസംബര്‍ 13 ന് രാവിലെ ക്രിത്യം 6.30 ന് സെഹിയോന്‍ ടീമംഗങ്ങളുടെ മധ്യസ്ഥ പ്രാര്‍ഥനകള്‍ ആരംഭിക്കും. തുടര്‍ന്ന് ക്രിത്യം എട്ടിന് അഭിഷേകാഗ്നി കണ്‍വന്‍ഷന് ആരംഭം കുറിക്കും. ബഥേല്‍ സെന്ററിനോട് ചേര്‍ന്ന് പ്രത്യേക പന്തലും പടുകൂറ്റന്‍ സ്ക്രീനും സ്ഥാപിക്കും.

ക്രിസ്തുവിന്റെ ജനന തിരുനാളിനോട് അടുക്കുന്ന ക്രൈസ്തവ സമൂഹത്തിന് ഇനി പ്രാര്‍ഥനയുടെ നാളുകളാണ്. യുകെ കാത്തിരിക്കുന്ന മെഗാ കാത്തലിക് കണ്‍വന്‍ഷന്‍ സംഖ്യങ്ങളുടെ റിക്കാര്‍ഡ് ഭേദിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

റിപ്പോര്‍ട്ട്: സക്കറിയ പുത്തന്‍കളം