റാക് കേരള സമാജം ഭരണസമിതിക്ക് ജനറല്‍ ബോഡി പിന്തുണ
Tuesday, November 25, 2014 8:19 AM IST
റാസല്‍ഖൈമ: റാസല്‍ഖൈമ കേരള സമാജം (റാക്) ഭരണസമിതിക്ക് ജനറല്‍ ബോഡിയുടെ പൂര്‍ണ പിന്തുണ. വെള്ളിയാഴ്ച സമാജം ഹാളില്‍ നടന്ന യോഗത്തില്‍ വരും വര്‍ഷത്തേയ്ക്കുള്ള ബജറ്റ് ട്രഷറര്‍ അജയ്കുമാര്‍ അവതരിപ്പിച്ചു. കലാ,സാംസ്കാരിക പരിപാടികളില്‍ നിന്നും വാടകയിനത്തിലും ലഭിക്കുന്ന നീക്കിയിരിപ്പില്‍ നിന്ന് നിശ്ചിത ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനുള്ള മാനേജിംഗ് കമ്മിറ്റിയുടെ തീരുമാനം ജനറല്‍ ബോഡി അംഗീകരിച്ചു.

സമാജത്തിലെ ലൈഫ് മെംബര്‍മാര്‍ ആയിരം ദിര്‍ഹം നല്‍കി അംഗത്വം പുതുക്കണമെന്ന ആദ്യകാല ലൈഫ് മെംബറുടെ നിര്‍ദേശം ജനറല്‍ ബോഡി ഐകകണ്ഠേന അംഗീകരിച്ചു. പ്രസിഡന്റ് നാസര്‍ അല്‍ദാന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നാസര്‍ അല്‍മഹ സ്വാഗതവും ജോയിന്റ് സെക്രട്ടറി അഷ്റഫ് മാളിയേക്കല്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള