ഇബ്രാഹിം സേട്ട് സാഹിബ് സ്മാരക സൌധം: പ്രചാരണോദ്ഘാടനം നടത്തി
Tuesday, November 25, 2014 8:18 AM IST
കുവൈറ്റ് സിറ്റി: ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബിന്റെ പേരില്‍ നിര്‍മിക്കുന്ന സൌധത്തിന്റെ പ്രചാരണം വിവിധ പരിപാടികളോടെ നടത്താന്‍ കുവൈറ്റ് എംഎംസിസി യോഗം തീരുമാനിച്ചു.

അഴിമതിയുടെ കറപുരളാത്ത ആദര്‍ശ രാഷ്ട്രീയത്തിന്റെ മാതൃകയായിരുന്ന സേട്ടു സാഹിബിന്റെ ജീവിത സന്ദേശം പുതുതലമുറയിലേക്ക് കൈമാറുന്നതിനാണ് പദ്ധതി മുഖേന മുന്‍ഗണന നല്‍കുന്നത്.

മ്യൂസിയം, ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍, അഗതി മന്ദിരം കുട്ടികള്‍ക്കുള്ള പഠനസ്ഥലം, ഹ്യൂമന്‍ റിസോഴ്സ് സെന്റര്‍ തുടങ്ങിയവയാണ് സേട്ടു സാഹിബ് സ്മാരക സൌധത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സൌധ നിര്‍മാണം ദ്രുതഗതിയില്‍ സാധ്യമാക്കാനും സാമൂഹിക പങ്കാളിത്തത്തിനുമായി കുവൈറ്റ് ഐഎംസിസിയുടെ പ്രധാന പ്രവര്‍ത്തകര്‍ ഒരോരുത്തരും അവരവരുടെ ഒരു ദിവസത്തെ വേതനം ഇതിലേക്കായി സംഭാവന ചെയ്യും. ലഘുലേഖകളുടെ വിതരണം, ചര്‍ച്ചകള്‍, പൊതു സമ്മേളനം തുടങ്ങിയവയും ഇതുമായി ബന്ധപ്പെടുത്തി സംഘടിപ്പിക്കാന്‍ ഐഎംസിസി തീരുമാനിച്ചു.

പദ്ധതി നടത്തിപ്പിലേക്കുള്ള ആദ്യ സംഭാവനാ തുക ഐഎംസിസി പ്രസിഡന്റ് ശരീഫ് താമരശേരിക്ക് തുക കൈമാറിക്കൊണ്ട് സാമൂഹിക പ്രവര്‍ത്തകന്‍ ഹംസ പയ്യന്നൂര്‍ പ്രചാരണോദ്ഘാടനം നിര്‍വഹിച്ചു. സേട്ട് സാഹിബിന്റെ ചരിത്രം പുതു തലമുറയ്ക്ക് ആദര്‍ശ രാഷ്ട്രീയത്തിന്റെ പ്രസക്തിയെക്കുറിച്ച് ബോധ്യപ്പെടുത്തുമെന്നും സേട്ട് സാഹിബിന്റെ വിടവ് ഇന്നും നികത്താന്‍ സാധിച്ചിട്ടില്ലെന്നും ഹംസ പയ്യന്നൂര്‍ പറഞ്ഞു. ഹമീദ് മധൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സംഘടനാ ചെയര്‍മാന്‍ സത്താര്‍ കുന്നില്‍ പദ്ധതി നടത്തിപ്പിനെക്കുറിച്ച് വിവരിച്ച് സംസാരിച്ചു.

റഫീഖ് ഉദുമ, ലത്തീഫ് പള്ളിപ്പുഴ, ഹാരിസ് പൂച്ചക്കാട്, അഷ്റഫ് കുളിയങ്കാല്‍, നാസര്‍ ബേക്കല്‍, സാജു സിഎച്ച് നഗര്‍, അബൂബേക്കര്‍ തിരൂര്‍ തുടങ്ങിയവരും സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍