മെല്‍ബണില്‍ 5001 ഡോളര്‍ സമ്മാനത്തുകയുമായി എംഎംഎഫ് ക്രിക്കറ്റ് ടൂര്‍ണമെന്റ്
Tuesday, November 25, 2014 8:18 AM IST
മെല്‍ബണ്‍: മലയാളി സംഘടനകള്‍ക്കിടയില്‍ ക്രിക്കറ്റ്, വോളിബോള്‍ തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും അതിനായി സമയം ചെലവഴിക്കുകയും ചെയ്യുക പതിവായിരിക്കുന്നു.

സംഘടനകള്‍ ഒന്നിനുപുറകെ ഒന്നായി സ്ഥിരമായി മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ മത്സരങ്ങള്‍ അരങ്ങേറും. മിക്കവാറും സ്റേഡിയങ്ങള്‍ ഒരു വര്‍ഷം വരെ ശനി, ഞായര്‍ ദിവസങ്ങളില്‍ മലയാളികള്‍ ബുക്കു ചെയ്തുകഴിഞ്ഞു. ഒരുപറ്റം ചെറുപ്പക്കാര്‍ ചേര്‍ന്ന് എല്ലാ ക്രിക്കറ്റ് ക്ളബുകളില്‍നിന്നും രണ്ടുപേരെ തെരഞ്ഞെടുത്ത് കമ്മിറ്റി ഉണ്ടാക്കി കേരള പ്രീമിയര്‍ ലീഗ് ആരംഭിച്ചുകഴിഞ്ഞു. സൌത്തിലും നോര്‍ത്തിലുമായി കളികള്‍ എല്ലാ ഞായറാഴ്ചകളിലും രാവിലെയും വൈകിട്ടും നടന്നുവരുന്നു.

ഒന്നും രണ്ടും സമ്മാനങ്ങള്‍ കിട്ടുന്നവര്‍ക്കായി ആകര്‍ഷകമായ സമ്മാനങ്ങളാണ് സംഘടനകള്‍ നല്‍കുന്നത് എന്നതും ഇതിന്റെ ഒരു പ്രത്യേകതയാണ്. മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ ക്രിക്കറ്റ് മത്സരം ഫെബ്രുവരിയില്‍ നടക്കും. ഇതിനോടകം 12 ടീമുകള്‍ ബുക്കു ചെയ്തുകഴിഞ്ഞു. ഇവര്‍ക്കായി എംഎംഎഫ് ഒന്നാംസമ്മാനമായി നല്‍കുന്നത് 5001 ഡോളറും രണ്ടാം സമ്മാനമായി 2001 ഡോളറുമാണ്. മത്സരങ്ങളിലെ ഏറ്റവും വലിയ തുകയാണ് എംഎംഎഫ് ഇത്തവണ നല്‍കുന്നത്. മെല്‍ബണിലെ പ്രധാന ടീമുകളായ മെല്‍ബണ്‍ വാര്യേഴ്സ്, സൂര്യ, ഉദയ, ഹണ്ടിംഗ് ഡെയില്‍, ടി.എസ് 11, വെസ്റേണ്‍ ടൈഗര്‍, ജോണി വാക്കര്‍, ഡാന്റിനോംഗ് റോയല്‍സ്, ടിഎംസിസി, മെല്‍ബണ്‍ ബ്രദേഴ്സ് തുടങ്ങിയവയാണ് പ്രധാന ടീമുകള്‍. എംഎംഎഫ് മത്സരത്തിനായി മറ്റു പല ടീമുകളും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും പങ്കെടുക്കാന്‍ താത്പര്യം കാണിച്ചിരുന്നു. എന്നാല്‍ 12 ടീമുകള്‍ക്കേ സംഘാടകര്‍ അവസരം നല്‍കിയിട്ടുള്ളൂ.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്