ഒഐസിസി വെസ്റേണ്‍ റീജിയണല്‍ കമ്മിറ്റി മുഹമ്മദ് അബ്ദുറഹ്മാന്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു
Tuesday, November 25, 2014 8:17 AM IST
ജിദ്ദ: ജീവിതത്തിന്റെ സമസ്ത മേഖലയിലും മാതൃകയാക്കുവാന്‍ പറ്റിയ അപൂര്‍വ വ്യക്തിത്വത്തിന്റെ ഉടമയാണ് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് എന്ന് അരീക്കോട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എ.ഡബ്യു. അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു.

ഒഐസിസി വെസ്റേണ്‍ റീജിയണല്‍ കമ്മിറ്റി മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ 69 -ാമത് ചരമദിനത്തില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങളുടെ അതിപ്രസരമോ വിപുലമായ സംവിധാനമോ ഇല്ലാത്ത കാലത്തുപോലും ആസാധാരണയായ അനിയായി വൃന്ദമുണ്ടായിരുന്ന സാഹിബിന് അര്‍ഹമായ പരിഗണ ഈ കാലത്ത് പോലും ലഭിക്കാത്തത് ദുഃഖകരമാണെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ഗ്ളോബല്‍ കമ്മിറ്റി അംഗം ഇസ്മയില്‍ നിരാട് പറഞ്ഞു. ഒരു നല്ല മതവിശ്വാസിക്ക് എങ്ങനെ മികച്ച രാഷ്ട്രീയ പ്രവര്‍ത്തകനാകാം എന്നതിന്റെ മകുടോദാഹരണമാണ് സാഹിബ് എന്നും ഇസ്മയില്‍ പറഞ്ഞു.

മുഹമ്മദ് അബ്ദുറഹിമാന് സാഹിബിന്റെ സ്മരണാര്‍ഥം മുന്‍ കാലങ്ങളില്‍ നല്‍കിയിരുന്ന സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തകനുള്ള അവാര്‍ഡു വരും വര്‍ഷങ്ങളിലും നല്‍കുമെന്നും അധ്യക്ഷ പ്രസംഗത്തില്‍ റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീര്‍ പറഞ്ഞു. എം.പി. മൊയ്തീന്, പി.എം, സയിദ്, സി. ഹരിദാസ്, കെ. മുഹമ്മദ് ആലി, തെന്നല ബാലകൃഷണന്‍ പിള്ള എന്നിവര്‍ക്കാണ് മുമ്പ് ജിദ്ദാ കമ്മിറ്റിയുടെ അവാര്‍ഡു നല്‍കിയിരുന്നത്. ഇത് തുടര്‍ന്ന് നല്‍കുന്നതിനായി അവാര്‍ഡ് കമ്മിറ്റി രൂപീകരിക്കുമെന്നും മുനീര്‍ അറിയിച്ചു. സാഹിബിന്റെ ജീവചരിത്രം പബ്ളിക് റിലേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട് ഇന്റര്‍നെറ്റ് അടക്കമുള്ള സംവിധാനങ്ങള്‍ ഉപോയോഗിച്ചു പുതു തലമുറയിലേയ്ക്ക് എത്തിക്കുവാനുള്ള കര്‍മ്മ പരിപാടികള്‍ ആവിഷ്കരിക്കുമെന്നും തുടര്‍ന്നു പറഞ്ഞു.

ഷിഫ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ട്രഷറര്‍ ശ്രിജിത്ത് കണ്ണൂര്‍, വിവിധ ജില്ലാ ഏരിയ കമ്മിറ്റി ഭാരവാഹികളായ അനില്‍ കുമാര്‍ പത്തനംത്തിട്ട, തോമസ് വൈദ്യര്‍, ഷരീഫ് അറയ്ക്കല്‍, സഹീര്‍ മാഞ്ഞാലി, മുസ്തഫ തുറക്കല്‍, സിദ്ദിക്ക് മൂവാറ്റുപുഴ, സാദിക്ക് കായംകുളം, നജീബ് മുല്ലവിട്ടില്‍, ലത്തീഫ് മക്രേരി, ദോസ്ത് അഷ്റഫ്, ഹുസൈന്‍ കാട്ടാക്കട, ഫിറോസ് കാരക്കുന്ന്, സലിം ചെലംബ്ര എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ എടവണ്ണ സ്വാഗതവും സെക്രട്ടറി മുജീബ് തൃത്താല നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍