ടൊറന്റോയില്‍ കാറ്റ് ശക്തമായി തുടരുന്നു; പലയിടവും ഇരുട്ടിലായി
Tuesday, November 25, 2014 5:46 AM IST
ടൊറന്റോ (കാനഡ): ഞായറാഴ്ച രാത്രി പെയ്ത കനത്ത മഴയ്ക്ക് പിന്നാലെ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം വീശിയടിച്ച ശക്തമായ കാറ്റില്‍ ടൊറന്റോയിലും ഒന്റരിയോയുടെ തെക്കന്‍പ്രദേശങ്ങളിലും വ്യാപകനാശം. മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതിബന്ധം തകര്‍ന്നതോടെ പല സ്ഥലങ്ങളും ഇരുട്ടിലായി. കാറ്റ് തിങ്കളാഴ്ച അര്‍ദ്ധരാത്രി വരെയോ ചൊവ്വാഴ്ച രാവിലെ വരെയോ നീണ്ടുനിന്നേക്കുമെന്നാണ് മുന്നറിയിപ്പ്.

മണിക്കൂറില്‍ 60 മുതല്‍ 100 വരെ കിലോമീറ്റര്‍വരെ വേഗത്തിലാണ് കാറ്റ് വീശുന്നത്. ടൊറന്റോയുടെ പടിഞ്ഞാറന്‍, മധ്യമേഖലകളിലാണ് കൂടുതല്‍ നാശം ഉണ്ടായിട്ടുള്ളത്. ഇവിടങ്ങളില്‍ ആയിരക്കണക്കിന് പേര്‍ക്ക് വൈദ്യുതി നഷ്ടമായതായി ടൊറന്റോ ഹൈഡ്രോ അറിയിച്ചു. വൈദ്യുതിബന്ധം പുനസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ചൊവാഴ്ച പകല്‍ മാത്രമേ ആരംഭിക്കൂ. 40 കിലോമീറ്ററിന് മുകളില്‍ വേഗത്തില്‍ കാറ്റുള്ളപ്പോള്‍ സുരക്ഷാകാരണങ്ങളാല്‍ ജോലിക്കാരെ നിയോഗിക്കാന്‍ കഴിയില്ലെന്ന് ടൊറന്റോ ഹൈഡ്രോ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിബു കിഴക്കേകുറ്റ്