ഡോ. ജോയ് ടി. കുഞ്ഞാപ്പുവിന്റെ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം വിചാരവേദിയില്‍
Tuesday, November 25, 2014 5:45 AM IST
ന്യൂയോര്‍ക്ക്: യൂണിവേഴ്സിറ്റി പ്രഫസര്‍, സാഹിത്യകാരന്‍, ശാസ്ത്രജ്ഞന്‍ എന്നീ നിലകളില്‍ പ്രശസ്തിയാര്‍ജിച്ച ഡോ. ജോയ് ടി. കുഞ്ഞാപ്പു ഷ്രോഡിങ്കറുടെ പൂച്ച (കവിതാസമാഹാരം), വിദ്യാധരനും സാമൂഹ്യപാഠങ്ങളും (ലേഖനസമാഹാരം) എന്നീ കൃതികള്‍ നവംമ്പര്‍ ഒമ്പതിന് കേരള കള്‍ച്ചറല്‍ സെന്ററില്‍ ചേര്‍ന്ന വിചാരവേദിയുടെ സാഹിത്യ സദസില്‍ വെച്ച് പ്രകാശനം ചെയ്യപ്പെട്ടു. വിദ്യാധരനും സാമൂഹ്യപാഠങ്ങളും എന്ന പുസ്തകം, പണ്ഡിതനും ഭാഷാഗവേഷകനും ചിന്തകനും മാനവശാസ്ത്രജ്ഞനുമായ ഡോ. ഏ. കെ. ബി. പിള്ള, നാലു പതിറ്റാണ്ടുകളോളം ന്യൂയോര്‍ക്കിലെ സെയ്ന്റ് ജോണ്‍സ് യൂണിവേര്‍സിറ്റിയില്‍ ഇംഗ്ളീഷ് അദ്ധ്യാപകനായിരുന്ന പ്രൊഫ. ജോസഫ് ചെറുവേലിയ്ക്കും, ഷ്രോഡിങ്കറുടെ പൂച്ച എന്ന പുസ്തകം പ്രശസ്ത സാഹിത്യകാരനും കോളേജ് അദ്ധ്യാപകനും പോണ്ടിച്ചേരിയിലെ കേന്ദ്ര സര്‍വ്വകലാശാലയില്‍ പിഎച്ച്ഡി തിസിസ് ഇവാലുവേറ്ററുമായ പ്രഭാഷകനുമായ ഡോ. ശശിധരന്‍, പ്രശസ്ത കവിയും സെയ്ന്റ് തോമസ് കോളേജില്‍ ഇംഗ്ളീഷ് അദ്ധ്യാപകരമായിരുന്ന പ്രൊഫ. കെ. വി. ബേബിയ്ക്കും നല്‍കിക്കൊണ്ടാണ് ഈ പുസ്തകങ്ങളുടെ പ്രകാശനകര്‍മ്മം, വിചാരവേദി പ്രൊഫ. ജോസഫ് ചെറുവേലിയെ ആദരിച്ച നിറഞ്ഞ സദസില്‍ വെച്ച് നിര്‍വ്വഹിക്കപ്പെട്ടത്. 

ഡോ. ജോയ് ടി. കുഞ്ഞാപ്പു തൃശ്ശൂര്‍ സെന്റ് തോമസ്സ് കോളേജില്‍ നിന്ന് കെമിസ്ട്രിയില്‍ മാസ്റര്‍ ബിരുദവും ബോംബെ യൂണിവേഴ്സിറ്റിയില്‍ നിന്ന് രണ്ട് ഡോക്ടറല്‍ ബിരുദങ്ങളും ധഓര്‍ഗാനിക്ക് കെമിസ്ട്രിയില്‍ പി.എച്ച്.ഡി ബിരുദവും (1985) ഫിസിക്കല്‍ കെമിസ്ട്രിയില്‍ ഡി.എസ്.സി ബിരുദവും (1994) കരസ്ഥമാക്കി. ന്യുയോര്‍ക്കിലെ കൊളംബിയ സര്‍വ്വകലാശാലയില്‍ റിസര്‍ച്ച് സയന്റിസ്റായും പ്രൊഫസ്സറായും പ്രവര്‍ത്തിച്ചു. ബോംബെയിലെ ഭാഭാ ആറ്റോമിക്ക് റിസര്‍ച്ച് സെന്ററില്‍ ഇരുപതു കൊല്ലക്കാലം സയ്ന്റിസ്റായും, യഷീവ യൂണിവേഴ്സിറ്റി (1985), സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യുയോര്‍ക്കിന്റെ ബ്രൂക്കിലിന്‍ കോളേജ് എന്നിടങ്ങളില്‍ പ്രൊഫസ്സറായും, ഇന്‍ഡസ്ട്രികളില്‍ റിസര്‍ച്ച് കെമിസ്റായും. ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ വിദ്യാഭ്യാസ മേഖലയിലും രസതന്ത്ര മേഖലയിലും കണ്‍സള്‍ട്ടന്റായും പ്രവര്‍ത്തിക്കുന്നു. 

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം