ലഫ്കിന്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു
Monday, November 24, 2014 7:31 AM IST
ലഫ്ക്കിന്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ടെക്സസ് സംസ്ഥാനത്തുളള ലഫ്കിന്‍ സെന്റ് തോമസ് ദേവാലയത്തിന്റെ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.

നവംബര്‍ 15, 16 (ശനി, ഞായര്‍) തീയതികളില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാളിനോടനുബന്ധിച്ച് വിവിധ പരിപാടികളോടെയാണ് ഒരു വര്‍ഷം നീണ്ട ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായത്.

15ന് (ശനി) സന്ധ്യാ നമസ്കാരത്തെ തുടര്‍ന്ന് ഇടവക ക്വയറിന്റെ ഗാനശുശ്രൂഷയും ഭദ്രാസന മെത്രാപോലീത്താ അലക്സിയോസ് മാര്‍ യൌസേബിയോസിന്റെ തിരുവചന പ്രഘോഷണവും നടത്തി.

16 ന് (ഞായര്‍) രാവിലെ വിശുദ്ധ കുര്‍ബാന ഭദ്രാസന മെത്രാപോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തി. തുടര്‍ന്ന് ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ടുളള പൊതുസമ്മേളനം നടന്നു. ഇടവക വികാരി ഫാ. വര്‍ഗീസ് തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ പ്രൌഡ ഗംഭീരമായ പൊതു സമ്മേളനത്തില്‍ ഭദ്രാസന മെത്രാപോലീത്ത അലക്സിയോസ് മാര്‍ യൌസേബിയോസ് ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ദൈവ സ്നേഹത്തില്‍ അടിയുറച്ചു നിന്നുകൊണ്ട് സഹോദരങ്ങളെ സ്നേഹിക്കുമ്പോഴാണ് ദൈവ പരിപാലനതയുണ്ടാകുകയെന്ന് മാര്‍ യൌസേബിയോസ് മെത്രാപോലീത്ത ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

ജൂബിലി വര്‍ഷം അടിമകള്‍ക്ക് വിടുതല്‍ പ്രഖ്യാപിക്കുന്ന വര്‍ഷമാണ്. പാപത്തിന്റെ അടിമത്വത്തിന് വിടുതല്‍ പ്രാപിക്കാനും കൂടുതല്‍ സമയം ദൈവ വചനത്തിനും പഠനത്തിനുമായി വിനിയോഗിക്കാനും ജൂബിലിയാഘോഷവര്‍ഷത്തില്‍ കഴിയണമെന്ന് മാര്‍ യൌസേബിയോസ് മെത്രാപോലീത്ത ഇടവക ജനങ്ങളെ ആഹ്വാനം ചെയ്തു.

അന്യനാടുകളില്‍ കുടിയേറി പാര്‍ത്തിട്ടും സഭയുടെ വിശ്വാസവും പൈതൃകവും കാത്തു സൂക്ഷിക്കുന്നവരുടെ മുതല്‍ കൂട്ടെന്ന് മെത്രാപോലീത്ത പറഞ്ഞു. ഫാ. ഗീവര്‍ഗീസ് ജോണ്‍ ആശംസാ പ്രസംഗം നടത്തി. സെക്രട്ടറി സാബു ജോണ്‍ സ്വാഗതവും ട്രസ്റി അലക്സാണ്ടര്‍ കോശി നന്ദി പറഞ്ഞു. ഇടവകാംഗങ്ങളുടെ ഐക്യത്തോടെയുളള പ്രവര്‍ത്തനവും സഹായ സഹകരണവുമാണ് ഇന്ന് ദേവാലയത്തിന്റെ അഭിവൃദ്ധിക്കു കാരണമെന്ന് ട്രസ്റി അഭിപ്രായപ്പെട്ടു. സ്നേഹ വിരുന്നോട് പരിപാടികള്‍ സമാപിച്ചു.

1989 ല്‍ ഏതാണ്ട് എട്ട് കുടുംബങ്ങള്‍ ചേര്‍ന്നു രൂപം കൊടുത്ത കോണ്‍ഗ്രിഗേഷനാണ് പിന്നീട് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയമായി മാറിയത്. 1990 ല്‍ അമേരിക്കന്‍ ഭദ്രാസന മെത്രാപോലീത്തയായിരുന്ന തോമസ് മാര്‍ മക്കാറിയോസ് തിരുമോനി ദേവാലയമായി പ്രഖ്യാപിക്കുകയും പ്രഥമ വികാരിയായി റവ. ഫാ. എം.ടി. ഫിലിപ്പിനെ നിയമിക്കുകയും ചെയ്തു. അച്ചന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങളുടെ സഹകരണത്തോട് ആ വര്‍ഷം തന്നെ ഇടവകക്ക് സ്വന്തമായി. ആ സ്ഥലം മലങ്കര സഭയുടെ പേരില്‍ വാങ്ങുവാന്‍ സാധിച്ചു. ഇടവകാംഗങ്ങളുടെ കഠിന പരിശ്രമത്തിന്റെയും വിവിധ കാലങ്ങളില്‍ സേവനമനുഷ്ഠിച്ച വികാരിമാരുടെ നേതൃത്വത്തില്‍ മനോഹരമായ ഒരു പളളി നിര്‍മിക്കാന്‍ കഴിഞ്ഞു. ഫാ. വി. സി. വര്‍ഗീസ്, ഫാ. റെജി മാത്യു, ഫാ. ജോണ്‍ ഗീവര്‍ഗീസ് എന്നിവരായിരുന്നു ഈ ദേവാലയത്തില്‍ സേവനമനുഷ്ഠിച്ച മറ്റ് വികാരിമാര്‍.

മക്കാറിയോസ് തിരുമേനിക്കുശേഷം ഭദ്രാസനത്തിന്റെ ചുമതലയേറ്റ മാത്യൂസ് മാര്‍ ബര്‍ണബാസ് തിരുമേനിയുടെ നിര്‍ദ്ദേശവും സഹകരണവും നടത്തിപ്പും ഇപ്പോള്‍ ദേവാലയത്തിന്റെ നേതൃത്വമുളള സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപോലീത്തായുടെ സഹകരണവും സഹായവും വികാരിമാരായ വൈദീകരുടെ സേവനവും വിലമതിക്കാനാവാത്തതാണെന്ന് ഇടവക അംഗങ്ങള്‍ നന്ദിയോട് അനുസ്മരിക്കുന്നു. സഭയുടെ എല്ലാ ഭക്ത സംഘടനകളും സജീവമായി പ്രവര്‍ത്തിക്കുന്ന ലഫ്കിന്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയം സൌത്ത് വെസ്റ് ഭദ്രാസനത്തിന് അഭിമാനകരമായി നില്‍ക്കുന്ന ഒരു ദേവാലയമാണ്. മലയാളി പ്രസ് കൌണ്‍സില്‍ സെക്രട്ടറി ബ്ളെസന്‍ ഹൂസ്റണ്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി