നവയുഗം ഇടപെടല്‍; ഒരു മലയാളികൂടി നാടണഞ്ഞു
Monday, November 24, 2014 7:07 AM IST
ദമാം : ദുരിതങ്ങള്‍ സമ്മാനിച്ച് അഞ്ചു മാസത്തെ പ്രവാസത്തിനൊടുവില്‍ തിരുവല്ല, കുറ്റുര്‍ സ്വദേശിയും എംബിയെ ബിരുദദാരിയും ഇരുപത്തിനാലുകാരനായ ജിത്തു സജി നവയുഗം ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഷാജി മതിലകത്തിന്റെ സഹായത്താല്‍ കഴിഞ്ഞ ദിവസം നാട്ടിലേക്കു മടങ്ങി.

അല്‍ ഹസയിലുള്ള പിതാവ് 10500 റിയാല്‍ നല്‍കി ഒരു മലയാളിയില്‍ നിന്ന് വാങ്ങിയ ലേബര്‍ വീസയിലാണ് ജൂണ്‍ 23ന് ജിത്തു സജി നാട്ടില്‍ നിന്ന് സൌദിയില്‍ എത്തുന്നത്.

മലയാളിക്ക് വീസ നല്‍കിയ സൌദി, ജിത്തു സജി വന്നയുടന്‍ ഇഖാമ എടുത്തു നല്‍കാമെന്ന് പറഞ്ഞ് 5000 റിയാല്‍ വാങ്ങി. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇഖാമ കിട്ടിയില്ല എന്നു മാത്രമല്ല പിന്നീട് ആ സൌദിയെ കുറിച്ച് ഒരു വിവരവുമില്ല. വീസ നല്‍കിയ മലയാളിക്കാവട്ടെ അയാളുടെ സ്ഥലമോ ഓഫീസോ ഒന്നും അറിയുകയുമില്ല. വന്നു മൂന്നുമാസം കഴിഞ്ഞിട്ടും ഇഖാമ എടുക്കാത്തതിനാല്‍ ജിത്തു സജി അനധികൃത താമസക്കാരനായി, പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായി. ഒടുവില്‍ അല്‍ ഹസയിലെ സാമൂഹിക പ്രവര്‍ത്തകനും മലയാള വിഭാഗം പ്രബോദകനുമായ നാസര്‍ മദനിയുമായി ബന്ധപ്പെടുകയും അദേഹത്തിന്റെ സഹായത്താല്‍ യഥാര്‍ഥ സ്പോണ്‍സറുടെ വിലാസം കണ്െടത്തിയപ്പോള്‍ മാത്രമാണ് നേരത്തെ സ്പോണ്‍സര്‍ എന്ന് പറഞ്ഞു കാശു വാങ്ങിയ സൌദി എങ്ങനെയോ ഈ വീസ കൈവശപ്പെടുത്തുകയും അത് ജിത്തുവിന്റെ പിതാവിന് മലയാളി മുഖാന്തരം നല്‍കുകയും ചെയ്തതെന്ന് അറിയുന്നത്.

ഒടുവില്‍ ജിത്തു അല്‍കോബാറിലുള്ള യഥാര്‍ഥ സ്പോണ്‍സറുടെ അടുത്ത് പോകുകയും അദേഹം ആവശ്യപെട്ടതുപ്രകാരം 5000 റിയാല്‍ ഇഖാമ എടുക്കുന്നതിയായി നല്‍കുകയും ചെയ്തു. പിന്നിടാണ് അറിയുന്നത് ജിത്തുവിനെ സ്പോണ്‍സര്‍ ഹുറൂബ് അക്കിയിരിക്കുകയാണെന്ന്. നാസര്‍ മദനിയുടെ നിര്‍ദേശപ്രകാരം നവയുഗം ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഷാജി മതിലകം വഴി അല്‍കോബാര്‍ ലേബര്‍ കോടതിയില്‍ കേസ് കൊടുത്തു. ആദ്യം ഹുറൂബായ ആളുടെ കേസ് എടുക്കാന്‍ വിസമ്മതിച്ച ലബര്‍ കോടതി അതികൃതര്‍ ഷാജി മതിലകം ജിത്തുവിന് സംഭവിച്ചത് അതികൃതര്‍ക്ക് മുമ്പാകെ വിവരിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസ് ഫയലില്‍ സ്വീകരിച്ചു സ്പോണ്‍സറെ വിളിച്ചു വരുത്തി.

പിന്നിട് ബന്ധുവായ സുനിലിന്റെ സംരക്ഷണയിലായിരുന്ന ജിത്തുവിനെ സ്പോണ്‍സര്‍ ഒരു ദിവസം അല്‍കോബാര്‍ ലേബര്‍ കോടതിയില്‍ എത്തുവാന്‍ ആവശ്യപ്പെടുകയും അതനുസരിച്ച് അവിടെ എത്തിയ ജിത്തുവിനെ പോലീസില്‍ പിടിച്ചു ഏല്‍പ്പിക്കുകയുമാണ് ചെയ്തത്.

ഷാജി മതിലകത്തിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് പോലീസ് വാഹനത്തില്‍ കയറ്റിയ ജിത്തുവിനെ മോചിപ്പിക്കാനായത്. ഒടുവില്‍ ഇഖാമ എടുക്കാത്തിനുള്ള ഫൈന്‍ തര്‍ഹീലില്‍ അടച്ച് പാസ്പോര്‍ട്ട് എക്സിറ്റ് അടിച്ചു നല്‍കി. ഉയര്‍ന്ന വിദ്യഭ്യാസയോഗ്യത ഉണ്ടായിട്ടും തനിക്ക് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങള്‍ ഇനി ഒരാള്‍ക്കും ഉണ്ടാവരുതേ എന്ന പ്രാര്‍ഥനയോടെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തിനുള്ള ജെറ്റ് എയര്‍വേയ്സ് വിമാനത്തില്‍ നവയുഗം പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് ജിത്തു സജി നാട്ടിലേക്കു മടങ്ങി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം