രോഗാതുര പ്രവാസം ബഷീറിനെ ഒടുവില്‍ വീട്ടിലെത്തിച്ചു
Monday, November 24, 2014 7:07 AM IST
റിയാദ്: പതിനേഴ് വര്‍ഷമായി നാടുമായോ ബന്ധുക്കളുമായോ ബന്ധപ്പെടാതിരുന്ന പ്രവാസി ഇന്ത്യക്കാരന്‍ ഒടുവില്‍ രോഗം ശരീരാരോഗ്യത്തെ കീഴടക്കിയപ്പോള്‍ സാമൂഹ്യ പ്രവര്‍ത്തകന്റെ സഹായത്താല്‍ വീടണഞ്ഞു.

ഭാര്യയും മൂന്ന് കുട്ടികളുമുള്ള തമിഴ്നാട് തഞ്ചാവൂര്‍ ജില്ലയിലെ സങ്കര്‍ണ പാണ്ടര്‍ സ്വദേശി മുഹമ്മദ് ബഷീര്‍ അബ്ദുറഹീം (57) ആണ് കഴിഞ്ഞ ദിവസം കെഎംസിസി ജീവകാരുണ്യ പ്രവര്‍ത്തകന്‍ തെന്നല മൊയ്തീന്‍ കുട്ടിയുടെ കരുണയാല്‍ നാട്ടിലെത്തിയത്.

രണ്ട് പതിറ്റാണ്ടിലേറെയായി സൌദി അറേബ്യയിലുള്ള മുഹമ്മദ് ബഷീര്‍ വിദ്യാസമ്പന്നനും ഒരു കമ്പനിയില്‍ ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്ത ആളുമാണ്. ജോലിയോടൊപ്പം മാന്‍ പവര്‍ അടക്കമുള്ള ബിസിനസുകളും ചെയ്തിരുന്ന ബഷീര്‍ 17 വര്‍ഷം മുമ്പ് നാട്ടില്‍ പോയി വന്ന ശേഷം പിന്നെ വീട്ടുകാരും നാട്ടുകാരുമായി ബന്ധപ്പെട്ടിട്ടില്ല. ഭേദപ്പെട്ട ജോലിയും ശമ്പളവുമുണ്ടായിരുന്ന ബഷീര്‍ വീട്ടു ചിലവിനു പോലും പണമയക്കാറുണ്ടായിരുന്നില്ലെന്ന് തെന്നല മൊയ്തീന്‍ കുട്ടി പറഞ്ഞു. റിയാദിലുള്ള നാട്ടുകാരും സുഹൃത്തുക്കളുമായി പോലും ബന്ധപ്പെടാതിരുന്ന ബഷീറിന്റെ സൌഹൃദം പാക്കിസ്ഥാനികളും ഉത്തരേന്ത്യക്കാരുമായിട്ടായിരുന്നു.

കുറച്ച് മാസങ്ങളായി രോഗം തളര്‍ത്തിയ ബഷീര്‍ പരസഹായം കൂടാതെ നടക്കാന്‍ പോലുമാകാത്ത അവസ്ഥയിലാണ് മൊയ്തീന്‍ കുട്ടിയുടെ അടുത്തെത്തുന്നത്. കൂട്ടുകാരായ പാക്കിസ്ഥാനികള്‍ അര്‍ദ്ധരാത്രി കൊണ്ടു വന്ന് മൊയ്തീന്‍ കുട്ടിയെ ഏല്‍പ്പിച്ചപ്പോള്‍ കാലത്ത് മടങ്ങി വരുമെന്ന് പറഞ്ഞിരുന്നുവത്രെ. എന്നാല്‍ പിറ്റേ ദിവസം അവര്‍ തിരിഞ്ഞു നോക്കിയില്ല. പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും മൂലം അവശനായിരുന്നു ബഷീര്‍. അതോടൊപ്പം കരളിന്റെ പ്രവര്‍ത്തനവും ഏറെക്കുറെ നിലച്ച മട്ടില്‍ ദേഹമാസകലം നീര് വന്ന് വീര്‍ത്തിരിക്കുകയാണ്. ഉടനെ നാട്ടിലെത്തി വിദഗ്ദ ചികിത്സ ലഭ്യമാക്കണമെന്നാണ് അദ്ദേഹത്തെ പരിശോധിച്ച ഷിഫ അല്‍ ജസീറ പോളിക്ളിനിക്കിലെ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടത്.

വര്‍ഷങ്ങളായി ഹുറൂബായിരുന്ന ബഷീറിന്റെ കൈയില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉണ്ടായിരുന്നു. അതില്‍ ഏറെ പ്രയാസപ്പെട്ടാണ് മൊയ്തീന്‍ കുട്ടി തര്‍ഹീലില്‍ നിന്നും എക്സിറ്റ് ലഭ്യമാക്കിയത്. കഴിഞ്ഞ ദിവസം വീല്‍ ചെയറില്‍ സൌദി എയര്‍ലൈന്‍സിന്റെ ചെന്നൈ വിമാനത്തില്‍ ബഷീറിനെ നാട്ടിലയച്ച ശേഷമാണ് ആശ്വാസമായതെന്ന് മൊയ്തീന്‍ കുട്ടി പറഞ്ഞു.

അസുഖ ബാധിതനായ ഭര്‍ത്താവിനെ ചെന്നൈ വിമാനത്തില്‍ നാട്ടിലേക്കയയ്ക്കുന്ന വിവരമറിയിക്കാന്‍ ബഷീറിന്റെ ഭാര്യ സഖലിയ്യയെ വിളിച്ചപ്പോള്‍ ഏറെ ശകാരം കേട്ടതായും മൊയ്തീന്‍ കുട്ടി പറഞ്ഞു. കൈയില്‍ അത്യാവശ്യം പണം കരുതിയിരുന്ന ബഷീര്‍ തന്നെയാണ് വിമാന ടിക്കറ്റിനുള്ള പണം നല്‍കിയതെന്നും മൊയ്തീന്‍ കുട്ടി അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍