ഇന്ത്യന്‍ എംബസി ഇടപെടല്‍: അബാസിയായിലെ ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് പരിഹാരമാകുന്നു
Monday, November 24, 2014 7:06 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയായ അബാസിയായിലെ ജനങ്ങള്‍ കാലങ്ങളായി അനുഭവിച്ചു വരുന്ന പ്രശ്നങ്ങള്‍ക്ക് ഒടുവില്‍ അറുതിയാവുന്നു. ജനങ്ങള്‍ അനുഭവിക്കുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ ഉയര്‍ത്തി കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ കല കുവൈറ്റ് ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിന്‍ മുഖേന ഫര്‍വാനിയ ഗവര്‍ണര്‍ ഷെയ്ഖ് ഫൈസല്‍ അല്‍ഹുമൂദുമായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഒടുവില്‍ വിജയം കാണുന്നത്. മുന്നോട്ടു വച്ച മുഖ്യമായ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് അതത് വകുപ്പുകള്‍ക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

ആവശ്യത്തിന് കപ്പാസിറ്റിയില്ലാത്തതിനാലും മണ്ണും സിമന്റും നിറഞ്ഞ് തടസങ്ങള്‍ ഉണ്ടാകുന്നതിനാലും മലിന ജലം റോഡില്‍ കൂടി ഒഴുകുന്ന സാഹചര്യം ആറോളം ഇന്ത്യന്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്ന അബാസിയായിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശനങ്ങളാണ് ഉണ്ടാക്കുന്നത്. ഇവ പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുക.

കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യക്കാരായ താമസക്കാര്‍ നേരിടുന്ന ശാരീരിക അക്രമണങ്ങള്‍, മോഷണം, പോക്കറ്റടി, പിടിച്ചുപറി, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണങ്ങള്‍, വാഹനങ്ങള്‍ നശിപ്പിക്കല്‍ തുടങ്ങിയ അക്രമ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളില്‍ നിന്നും സഹായങ്ങളും ലഭ്യമാക്കുക.

കാലാകാലങ്ങളായി അറ്റകുറ്റപ്പണികള്‍ ഇല്ലാതെ പൂര്‍ണമായും നശിച്ചുകിടക്കുന്ന അബാസിയായിലെ റോഡുകള്‍ അടിയന്തരമായി നന്നാക്കുകയും ആവശ്യമായ സ്ഥലങ്ങളില്‍ ഉചിതമായ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് ഗതാഗതം സുഗമമാക്കുക.

ധാരാളം ആളുകള്‍ യാത്ര ചെയ്യുന്ന ജഹറഅബാസിയ റൂട്ടില്‍ യാത്ര ചെയ്യുന്നതിന് അഞ്ച് ദിനാര്‍ വരെയാണ് ടാക്സി ചാര്‍ജായി നല്‍കേണ്ടി വരുന്നത്. വെറും 45 മിനിട്ടുകൊണ്ട് യാത്ര ചെയ്ത് എത്തിച്ചേരാവുന്ന ജഹറയില്‍ നിലവില്‍ കുവൈറ്റ് സിറ്റി വഴി ബസില്‍ യാത്ര ചെയ്യുന്നതിന് മൂന്നു മണിക്കൂറോളം വേണ്ടി വരും. ഈ റൂട്ടില്‍ പുതിയ ബസ് സര്‍വീസ് ആരംഭിക്കുക തുടങ്ങി കല കുവൈറ്റും മറ്റു സാമൂഹ്യ പ്രവര്‍ത്തകരും ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണ് ഇപ്പോള്‍ ഗവര്‍ണറേറ്റില്‍ നിന്നും നടപടികള്‍ ഉണ്ടാകുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍