സ്വകാര്യ സ്കൂളുകളില്‍ ഫീസ് വര്‍ധനക്ക് സര്‍ക്കാര്‍ അനുമതി
Sunday, November 23, 2014 6:07 AM IST
കുവൈറ്റ്: രാജ്യത്ത് സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍, പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ്, അറബ് സ്കൂളുകളില്‍ വിദ്യാര്‍ഥികളുടെ ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നല്‍കി. നിലവിലെ ഫീസ് നിരക്കില്‍ അഞ്ചു ശതമാനത്തില്‍ കൂടാത്ത ഫീസ് വര്‍ധിപ്പിക്കാനാണ് മന്ത്രാലയം അംഗീകാരം നല്‍കിയിരിക്കുന്നത്.ഇതോടൊപ്പം, സ്വകാര്യ സ്കൂളുകളില്‍ ജോലിചെയ്യുന്ന അധ്യാപകരുടെയും അധ്യാപകേതര ജീവനക്കാരുടെയും ശമ്പളം പുതുക്കിനിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി ഡോ. ബദര്‍ അല്‍ഈസ പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യങ്ങളുള്ളത്. ഉത്തരവുപ്രകാരം ഇന്ത്യന്‍ സ്കൂളുകളില്‍ അടുത്ത അധ്യയനവര്‍ഷം ഈടാക്കാവുന്ന പരമാവധി ഫീസ് നഴ്സറി 320 ദീനാര്‍, പ്രെെമറി 356 ദീനാര്‍, അപ്പര്‍ പ്രെെമറി 410 ദീനാര്‍, സെക്കന്‍ഡറി ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി 460 ദീനാര്‍ എന്നിങ്ങനെയാണ്.

ഇന്ത്യന്‍ സ്കൂളുകളിലെ ജീവനക്കാരുടെ പുതുക്കിയ വേതന നിരക്ക് ഇപ്രകാരം: നഴ്സറി 250 ദീനാര്‍, പ്രെെമറി 263 ദീനാര്‍, അപ്പര്‍ പ്രെെമറി 284 ദീനാര്‍, സെക്കന്‍ഡറി ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി 341 ദീനാര്‍. അധ്യാപകേതര ജീവനക്കാരായ ഓഫിസ് സെക്രട്ടറി, കംപ്യൂട്ടര്‍ ടെക്നീഷ്യന്‍, നഴ്സ് തുടങ്ങിയവര്‍ക്ക് 250 ദീനാറില്‍ കുറയാത്ത ശമ്പളവും മറ്റു ജോലിക്കാര്‍ക്ക് 200 ദീനാറില്‍ കുറയാത്ത ശമ്പളവും നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍