മാര്‍ത്തോമ ഇടവക കൊയ്ത്തുത്സവം ശ്രദ്ധേയമായി
Sunday, November 23, 2014 6:07 AM IST
അബുദാബി: വൈവിധ്യം നിറഞ്ഞ കേരളീയ ഭക്ഷണവിഭവങ്ങളുടെ സമൃദ്ധികൊണ്ടും നാടന്‍ കലകളുടെ അവതരങ്ങളിലൂടെയും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി അബുദാബി പങ്കാളിത്ത മാര്‍ത്തോമ ഇടവക ഒരുക്കിയ കൊയ്ത്തുത്സവം ആറു മണിക്കൂര്‍ നീണ്ട മേളയിലേക്ക് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍നിന്നും ആയിരങ്ങളാണ് ദേവാലയങ്കണത്തിലേക്ക് ഒഴുകിയെത്തിയത്.

യുഎഇ എക്സ്ചേഞ്ച് ഡപ്യൂട്ടി സിഇഒ പ്രശാന്ത് മങ്ങാട് ഉദ്ഘാടനം നിര്‍വഹിച്ചു. ഇടവക വികാരി റവ. പ്രകാശ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. സഹവികാരി റവ. ഐസക് മാത്യു, സെക്രട്ടറി ബിജു പാപ്പച്ചന്‍, ട്രസ്റിമാരായ കെ.വി. ജോസഫ്, ബിജു മാത്യു, ജനറല്‍ കണ്‍വീനര്‍ എം.സി വര്‍ഗീസ്, കെബിബിഒ ഗ്രൂപ്പ് ചീഫ് ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ കയ്ക്കര്‍ നഗോദി, അറ്റ്ലസ് മെഡിക്കല്‍സ് എംഡി ജോസഫ് തരകന്‍, ഹാനാ ഷെയ്ഖ് കമ്പനി എംഡി ജോസഫ് ഹാനാന്‍ എന്നിവര്‍ പ്രസംഗിച്ചു.

യുവജനസഖ്യം ഒരുക്കിയ 'മംഗള്‍യാന്‍' തട്ടുകട ആയിരുന്നു ഒരു മുഖ്യാകര്‍ഷണം. വഞ്ചിപ്പാട്ട് ഉള്‍പ്പെടെയുള്ള നാടന്‍ കലാവിരുന്നും ഭാഗ്യനറുക്കെടുപ്പും അമേരിക്കന്‍ ലേലവും സംഘടിപ്പിച്ചു. ഗാന്ധിജിയുള്‍പ്പെടെയുള്ള വിവിധ വേഷങ്ങള്‍ ധരിച്ചെത്തിയവര്‍ പങ്കെടുത്ത ഘോഷയാത്രയില്‍ ചുണ്ടന്‍ വള്ളത്തിന്റെ ചലിക്കുന്ന ചെറുപതിപ്പും ഒരുക്കി.

കൊയ്ത്തുത്സവത്തിലെ വരുമാനം ഇടവകയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് ചെലവഴിക്കുക.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള