പുലരി ബ്രിസ്ബയിന്‍ ഗ്രന്ഥശാലക്ക് രൂപം നല്‍കുന്നു
Sunday, November 23, 2014 6:06 AM IST
ബ്രിസ്ബയിന്‍: മാതൃഭാഷയും സംസ്കാരവും സംരക്ഷിക്കുക മാത്രമല്ല അവ അടുത്ത തലമുറയ്ക്ക് പകര്‍ന്നു നല്‍കേണ്ടത് കൂടി ഉണ്ട്. ആ നിലയില്‍ വായനയെ പ്രോത്സഹിപ്പിക്കുക എന്നത് അത്യന്താപേക്ഷിതമാണ്. ഈ ശ്രമകരമായ ദൌത്യമാണ് കേരള പിറവിദിനത്തില്‍ ബ്രിസ്ബയിനിലെ മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സാംസ്കാരിക കൂട്ടായ്മ എന്ന നിലയില്‍ പുലരി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.

അക്ഷരങ്ങളുടെ ലോകത്തേക്ക് എത്തിയ നമ്മുടെ ബാല്യകാലത്ത് വായനയുടെ വാതായനങ്ങള്‍ തുറന്ന എം.ടി. മുകുന്ദന്‍, തകഴി, പൊറ്റക്കാട്, വയലാര്‍, ബഷീര്‍ തുടങ്ങിയ ഇതിഹാസ തുല്യരായ എഴുത്തുകാര്‍ മാതൃഭാഷക്ക് സമ്മാനിച്ച എക്കാലത്തെയും മികച്ച ക്ളാസിക്ക് കൃതികള്‍ അടങ്ങുന്ന അമൂല്യ ഗ്രന്ഥശേഖരമാണ് പുലരി വിഭാവനം ചെയ്യുന്നത്.

പ്രവാസം തെരഞ്ഞെടുത്തതിലൂടെ അറ്റുപോയ നമ്മുടെ മലയാള വായന പുനരാരംഭിക്കാനും മക്കളെയും കൊച്ചുമക്കളെയും സന്ദര്‍ശിക്കാന്‍ എത്തുന്ന മാതാപിതാക്കള്‍ക്കും മലയാള ഭാഷയും സംസ്കാരവും മുറുകെ പിടിച്ചു വളരാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്കും പ്രയോജനപ്പെടുന്ന ഏറെ നല്ല പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ഗ്രന്ഥ ശാലയ്ക്ക് രൂപം നല്‍കാനാണ് പുലരിയുടെ പരിശ്രമം.

ശ്രമകരമായ ഈ സാംസ്കാരിക പ്രവര്‍ത്തനത്തിന് ബ്രിസ്ബയ്നിലെ മുഴുവന്‍ മലയാളി സുഹൃത്തുക്കളുടെയും വിലയേറിയ നിര്‍ദേശങ്ങളും സഹായ സഹകരണവും അഭ്യര്‍ഥിക്കുന്നു.

നിങ്ങളില്‍ പലരും വായിച്ചു തീര്‍ന്ന മലയാളം പുസ്തകങ്ങള്‍ മറ്റുള്ളവര്‍ക്കു കൂടി പ്രയോജനപ്പെടുത്തുവാന്‍ തത്പര്യമുള്ളവരില്‍ നിന്ന് അവ സംഭാവനയായി സ്വീകരിക്കുന്നതാണ്. മറ്റു സഹായങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും വിശദാംശങ്ങള്‍ക്കും വിജയകുമാര്‍ 0431221018, ബാബു തോമസ് 0434106861, ബിനു ജേക്കബ് 0435909869 എന്നിവരുമായി ബന്ധപ്പെടുക.