ഷെയ്ഖ് സായിദ് സ്മാരക വിദ്യഭ്യാസ അവര്‍ഡുകള്‍ വിതരണം ചെയ്തു
Saturday, November 22, 2014 8:45 AM IST
അബുദാബി: വിദ്യാഭ്യാസത്തിന്റെ ഉന്നതപടവുകള്‍ കയറുന്നതോടൊപ്പം നിശ്ചയ ദാര്‍ഡ്യവും കൂടി ഉണ്െടങ്കിലെ ജീവിത വിജയം നേടാനാകൂ എന്ന് ഇന്ത്യന്‍ അംബാസഡര്‍ ടി.പി.സീതാറം.

ഇന്ദിരാഗാന്ധി വീക്ഷണം ഫോറം വനിതാ വിഭാഗം സംഘടിപ്പിച്ച പതിനൊന്നാമത് ഷെയ്ഖ് സായിദ് മെമ്മോറിയല്‍ എഡ്യുക്കേഷണല്‍ അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതാനുഭവങ്ങളില്‍ നിന്നും വായനയിലൂടെയും ലോകം കണ്ടറിയുകയും അവയെ ഊര്‍ജ്ജമാക്കി രണ്ട് രാഷ്ട്രങ്ങളെ കെട്ടിപ്പടുക്കുകയും ചെയ്ത രണ്ട് മഹത് വ്യക്തികളെ ഓര്‍മിക്കുന്ന വേളയില്‍, അവരില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് ഏറെ പഠിക്കാനുണ്െടന്ന് അംബാസഡര്‍ ഓര്‍മിപ്പിച്ചു.

എന്തുപഠിക്കുന്നു, എന്നല്ല പഠിച്ചത് എങ്ങനെ പ്രാവര്‍ത്തികമാക്കുന്നു എന്നതാണ് ജീവിത വിജയത്തിന്റെ മാനദണ്ഡം ആകുന്നതെന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.

അബുദാബി ഇന്ദിരാഗാന്ധി വീക്ഷണം ഫോറം വനിതാവിഭാഗം സംഘടിപ്പിച്ച പതിനൊന്നാമത് ഷെയ്ഖ് സായിദ് മെമ്മോറിയല്‍ എഡ്യുക്കേഷണല്‍ അവാര്‍ഡുകള്‍ അദ്ദേഹം വിതരണം ചെയ്തു. 2014ലെ പത്താംക്ളാസ്, പ്ളസ്ടു പരീക്ഷകളില്‍ സിബിഎസ്സി, കേരള സിലബസുകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ളസും എ വണ്ണും നേടിയ കുട്ടികളെയും മാതൃഭാഷാ പരിപോഷണത്തിനായി മലായാളത്തിനു മാത്രമായി എ പ്ളസും നേടിയ 14 ഓളം കുട്ടികളെയാണു സര്‍ട്ടിഫിക്കറ്റും മൊമെന്റോയും നല്‍കി ആദരിച്ചത്. കൂടാതെ സിബിഎസ്സി പ്ളസ്ടുവിന് ഏറ്റവും കൂടുതല്‍ മാര്‍ക്ക്നേടിയ സയന്‍സ് വിഭാഗത്തില്‍ അഞ്ജലി അനില്‍ ഷെണായി, കോമേഴ്സ് വിഭാഗത്തിലെ സാദിയ പങ്കാര്‍ക്കര്‍, (ഇരുവരും അബുദാബി ഇന്ത്യന്‍ സ്കൂള്‍), കേരള സിലബസില്‍ സയന്‍സ് വിഭാഗത്തില്‍ ആയിഷാ സല്‍മാ അബ്ദുള്ള, കോമേഴ്സ് വിഭാഗത്തിലെ ഷാഹിന ബാനു (ഇരുവരും മോഡല്‍ സ്കൂള്‍) എന്നിവര്‍ക്ക് സ്വര്‍ണ മെഡലുകളും സമ്മാനിച്ചു. വീക്ഷണം അംഗങ്ങളുടെ കുട്ടികളില്‍ നിന്നും ഉന്നത വിജയം നേടിയ എട്ടുപേര്‍ക്കും പുരസ്കാരങ്ങള്‍ നല്‍കി. ഈ വിഭാഗത്തില്‍ ഉന്നത വിദ്യാഭ്യാസത്തിലെ തിളക്കമാര്‍ന്ന വിജയത്തിനു ദീപ്തി തോമസ് (പെട്രോളിയം ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്നും പെട്രോളിയം എന്‍ജിനിയറിംഗില്‍ ബിരുദാനന്തര ബിരുദം) ഡോ. ഷബീര്‍ കുഞ്ഞഹമ്മദ് കുഞ്ഞഹമ്മദ് (ഒഫ്താല്‍മോളജിയില്‍ എംഎസ്), ഷെറിന്‍ രാജു ചെറിയാന്‍ (എംബിഎ) എന്നിവരെയും പ്രത്യേകം ആദരിച്ചു. ഉന്നത വിജയത്തിന്‍ കുട്ടികളെ പ്രാപ്തരക്കിയ സ്കൂളുകള്‍ക്കുള്ള പ്രത്യേക പുരസ്കാരം അബുദാബി ഇന്ത്യന്‍ സ്കൂള്‍, മോഡല്‍ സ്കൂള്‍, സെന്റ് ജോസഫ് സ്കൂള്‍, എമിരേറ്റ്സ് ഫ്യൂച്ചര്‍ അക്കാഡമി, സണ്‍ റൈസ് സ്കൂള്‍, അല്‍നൂര്‍ ഇസ്ലാമിക് സ്കൂള്‍, ഇന്ത്യന്‍ ഇസ്ലാഹി ഇസ്ലാമിക് സ്കൂള്‍ എന്നിവയ്ക്കുവേണ്ടി പ്രിന്‍സിപ്പല്‍ മാര്‍ ഇന്ത്യന്‍ അംബാസഡറില്‍ നിന്നും ഏറ്റു വാങ്ങി.

വീക്ഷണം ഫോറം സംഘടിപ്പിച്ച സാഹിത്യമത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടന്നു.

വനിതാ വിഭാഗം പ്രസിഡന്റ് നീനാ തോമസ് അധ്യത വഹിച്ചയോഗം ഇന്ത്യന്‍ അംബാസഡര്‍ ടി.പി.സീതാറം ഉദ്ഘാടനം ചെയ്തു. അബുദാബി ചേംബര്‍ ഒഫ് കോമേഴ്സ് ഡയറക്ടര്‍ ദലാല്‍ അല്‍ ഖുബൈസി മുഖ്യപ്രഭാഷണം നടത്തി. യുഎഇ എക്സേഞ്ച് സിഇഒ, വൈ. സിധീര്‍കുമാര്‍ ഷെട്ടി, കെഎസ്സി പ്രസിഡന്റ് എം.യു. വാസു, മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ്, ഐഎസ്സി പ്രസിഡന്റ് നടരാജന്‍, ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവാ ഹാജി വീക്ഷണം പ്രസിഡന്റ് സി.എം.അബ്ദുള്‍ ഖരീ, ജനറല്‍ സെക്രട്ടറി ടി.എം.നിസാര്‍, ട്രഷറര്‍ കരുണാകരന്‍, വീക്ഷണം കേന്ദ്രകമ്മിറ്റി ജനറല്‍സെക്രട്ടറി ഉണ്ണി കൃഷ്ണന്‍, അജ്മാന്‍ യൂണിറ്റ് പ്രസിഡന്റ് എം.യു. ശിവരാമന്‍, ഒക്സ്ഫോര്‍ഡ് ട്രവല്‍സ് എംഡി എം.എം.നാസര്‍, ഒയാസിസ് എംഡി, ഷാജഹാന്‍, കണ്‍ട്രി ക്ളബ് മാര്‍ക്കറ്റിംഗ് മാനേജര്‍ കിര്‍മാണി എന്നിവര്‍ പ്രസംഗിച്ചു. വനിതാ വിഭാഗം ജനറല്‍ സെക്രട്ടറി സുഹറ കുഞ്ഞഹമ്മദ് സ്വാഗതവും റീജാ അബൂബക്കര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള