അബുദാബിയില്‍ 'സൌഹൃദ സന്ധ്യ 2014' നവംബര്‍ 27 ന്
Saturday, November 22, 2014 8:44 AM IST
അബുദാബി: പയ്യന്നൂര്‍ സൌഹൃദ വേദി അബുദാബി ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന നൃത്ത, സംഗീത പരിപാടിയായ 'സൌഹൃദ സന്ധ്യ 2014' നവംബര്‍ 27 ന് (വ്യാഴം) നടക്കും.

പ്രശസ്ത ഗായകന്‍ കണ്ണൂര്‍ ഷെറീഫ്, സിനിമ പിന്നണി ഗായികയും സംസ്ഥാന അവാര്‍ഡ് ജേതാവുമായ സിതാര കൃഷ്ണകുമാര്‍ എന്നിവര്‍ നയിക്കുന്ന പരിപാടി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ രാത്രി എട്ടിന് അരങ്ങേറും. ഇവരെ കൂടാതെ ലേഖ, കെ.കെ. അനില്‍ കുമാര്‍, സന്ദീപ് കാമ്പ്രത്ത്, ആദില ഹിന്ദ് എന്നിവരുടെ ഗാനങ്ങളും വനജാ രാജന്‍, രാജന്‍ കരിവെള്ളൂര്‍, ഗോപിക ദിനേശ്, പ്രണവ് പ്രദീപ് എന്നിവരുടെ നൃത്തവും പരിപാടിക്ക് മാറ്റു കൂട്ടുമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രവേശനം തികച്ചും സൌജന്യമായിരിക്കും.

പയ്യന്നൂര്‍ സൌഹൃദ വേദിയുടെ രണ്ടാമത് മെഗാ ഷോ ആയ 'സൌഹൃദ സന്ധ്യ 2014' പരിപാടിയില്‍ നിന്നും ലഭിക്കുന്ന തുക ഭവന രഹിതരായ നിരവധി പേര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുക, ഒട്ടേറെ പേര്‍ക്ക് ചികിത്സ സഹായം, മലബാര്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ ഫോര്‍ ഹാന്‍ഡികാപ്ഡ് എന്ന സ്ഥാപനത്തിനുള്ള നിരന്തരമായ പ്രവര്‍ത്തന സഹായം തുടങ്ങിയവയ്ക്കായി വിനിയോഗിക്കും.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള