ഡാളസില്‍ ശ്രീകൃഷ്ണ ശരണം മമ ; കുച്ചിപുഡി ആവിഷ്കാരം അരങ്ങേറി
Saturday, November 22, 2014 8:43 AM IST
ഗാര്‍ലന്റ് (ഡാളസ്): എക്കോസ് ഓഫ് ഇന്ത്യ അഞ്ചാമത് വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് നവംബര്‍ 15 ന് (ശനി) ഗാര്‍ലന്റ് ഗ്രാന്‍ വില്ല ആര്‍ട്ട് സെന്ററില്‍ കൃഷ്ണകഥയെ ആസ്പദമാക്കി ശ്രീകൃഷ്ണശരണം മമ കുച്ചിപുഡി ബാലെ അരങ്ങേറി. ഡാളസ് നാട്യാഞ്ചലി സ്കൂള്‍ ഓഫ് ഡാളസിലെ ഏകദേശം തൊണ്ണൂറില്‍പരം കലാകാരന്മാരാണ് ആര്‍ട്ടിസ്റിക്് ഡയറക്ടര്‍ ശ്രീലതാ സൂരിയുടെ നേതൃത്വത്തില്‍ ഈ പരിപാടിയില്‍ പങ്കെടുത്തു. കുച്ചിപുഡി പ്രാര്‍ഥനയോടെ ബാലേക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് എക്കോസ് ഓഫ് ഇന്ത്യ ഇന്ത്യയില്‍ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചുളള പ്രസന്റേഷന്‍ നടത്തി.

ഗാര്‍ലന്റില്‍ എത്തിച്ചേര്‍ന്ന കലാസ്വാദകരെ ഗോകുലം, വൃന്ദാവന്‍, ശ്രീകൃഷ്ണന്റെ ഗോപികമാരും ഗോപകുമാരന്മാരും തമ്മില്‍ നടന്ന റൊമാന്റിക് സീന്‍, ഭാര്യമാരുമായുളള രാസക്രീഡ തുടങ്ങിയ ബാല്യകാല സ്മരണകളിലേക്ക് കൂട്ടിക്കൊണ്ടുപോയ പ്രതീതിയായിരുന്നു ഉണര്‍ത്തിയത്.

ശ്രീരാഗിണി പല്ലവി ഷാ, ഡോ. രാജേഷ്, മാനസ്വി കെ., അമിയം സി., പ്രിയങ്ക, രാധാ സത്യഭാമ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അറുനൂറില്‍ പരം കാണികളുടെ മനസിനേയും ശരീരത്തേയും ഒരേ പോലെ ത്രസിപ്പിച്ച കുച്ചിപുഡി മനസില്‍ എന്നും മായാത്ത സ്മരണകളാണ് ഉയര്‍ത്തിയത്. പരിപാടി വിജയകരമാക്കാന്‍ സഹകരിച്ചവര്‍ക്ക് എക്കോസ് ഓഫ് ഇന്ത്യ ഡോ. പ്രസാദ് തോട്ടുകുറ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍