റോമില്‍ വിശുദ്ധപദപ്രഖ്യാപനം: ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
Friday, November 21, 2014 10:15 AM IST
റോം: ചാവറ അച്ചനും എവുപ്രാസ്യാമ്മയും അടക്കം ആറുസഭാതാരകങ്ങളെ വിശുദ്ധരാക്കുന്ന ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ വത്തിക്കാനില്‍ അവസാനഘട്ടത്തില്‍. വിശുദ്ധരായി ഉയര്‍ത്തപ്പെടുന്നവരുടെ ചിത്രങ്ങള്‍ സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചു. വിശുദ്ധപ്രഖ്യാപന ചടങ്ങിന് രണ്ടു ദിവസം മുമ്പാണ് ഇങ്ങനെ ചിത്രങ്ങള്‍ ബസലിക്കയുടെ മുന്നില്‍ സ്ഥാപിക്കുന്നത്. വെള്ളിയാഴ്ച രാവിലെ തന്നെ ബസലിക്കയുടെ മുന്നില്‍ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നവരുടെ ചിത്രങ്ങള്‍ സ്ഥാപിക്കപ്പെട്ടു.

ചടങ്ങില്‍ പങ്കെടുക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി മലയാളികള്‍ വത്തിക്കാനിലേക്ക് ഒഴുകിത്തുടങ്ങി. കേരളത്തില്‍നിന്നും വിവിധ ട്രാവല്‍ ഏജന്‍സികള്‍ വഴിയും സിഎംഐ സഭയുടെ ആഭിമുഖ്യത്തിലുമുള്ള വിവിധ സംഘങ്ങളായാണ് മലയാളികള്‍ ഇറ്റലിയിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. ടൂര്‍ പാക്കേജായാണ് പല സംഘങ്ങളും എത്തുന്നത്. പലരും ചടങ്ങിനു മുമ്പ് വത്തിക്കാനിലേയും ഇറ്റലിയിലേയും മറ്റും പ്രധാനപ്പെട്ട സ്ഥലങ്ങളിലും സന്ദര്‍ശിക്കാനാണ് സമയം ചെലവഴിക്കുന്നത്.

പല സംഘങ്ങളും വെനീസ്, മില, ചെറുദ്വീപുകളായ സിസ്ലിയിലുമൊക്കെ സന്ദര്‍ശനം നടത്തുകയാണ്. കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് എത്തുന്ന രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രഫ. പി.ജെ. കുര്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്. കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ചെത്തുന്ന സംഘത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി പി.ജെ. കുര്യന്‍, ജോസ് കെ. മാണി എംപി എന്നിവരടങ്ങുന്നു.

ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണഞ്ചിറയുടെ നേതൃത്വത്തിലുള്ള സംഘവും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി, ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവര്‍ ഉള്‍പ്പെടെ കേരളത്തിലെ മിക്കവാറും എല്ലാ മെത്രാന്മാരും ഇതിനോടകം റോമില്‍ എത്തിയിട്ടുണ്ട്. ചടങ്ങുമായി ബന്ധപ്പെട്ടുള്ള അവസാനവട്ട ഒരുക്കങ്ങള്‍ നടന്നുവരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും പ്രത്യേകിച്ച് യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും മലയാളികള്‍ കൂട്ടത്തോടെ വത്തിക്കാനില്‍ എത്തിയിട്ടുണ്ട്. ഇംഗ്ളണ്ട്, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നും മലയാളികളുടെ ശക്തമായ സാന്നിധ്യമുണ്ട്. ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 10.30ന് സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ മുന്നില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ നടക്കുന്ന വിശുദ്ധ പ്രഖ്യാപനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി വത്തിക്കാന്‍ പ്രസ് ഓഫീസ് അറിയിച്ചു.

ചാവറ അച്ചനും എവുപ്രാസ്യമ്മയ്ക്കുമൊപ്പം മറ്റു നാലുപേരുംകൂടി വിശുദ്ധ പദവിയിലേക്കു ഉയര്‍ത്തപ്പെടുന്നതിനാല്‍ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ വന്‍ തിരക്കായിരിക്കും എന്നുറപ്പാണ്. അതുകൊണ്ടുതന്നെ പരിപാടിയുടെ ആദ്യാവസാനം പങ്കെടുക്കുന്നതിനായി മുന്‍കൂട്ടി പങ്കെടുക്കുവാനുള്ള സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിലായി ഗ്രൂപ്പുകളായും ഒറ്റയ്ക്കും നിരവധി ആളുകള്‍ പാസ് നല്‍കുന്ന ഓഫീസിനു മുന്നില്‍ ക്യൂ നില്‍ക്കുകയായിരുന്നു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഞായറാഴ്ച രാവിലെ എട്ടിനു മുമ്പുതന്നെ പാസുകളുമായി പ്രത്യേകം വേലികെട്ടി തിരിച്ചിരിക്കുന്ന പ്രദേശത്ത് ആളുകള്‍ പ്രവേശിക്കണം എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

വൈകുന്നേരം നാലിന് മരിയ മേജര്‍ ബസിലിക്കയില്‍ നടക്കുന്ന റംശാ പ്രാര്‍ഥനയില്‍ കേരളത്തിനിന്നുള്ള മെത്രാന്മാരും റോമില്‍ പഠനം നടത്തുകയും ജോലി ചെയ്യുകയും ചെയ്യുന്ന മലയാളി വൈദികരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തിയിട്ടുള്ള വൈദികരും പങ്കെടുക്കും. വിശുദ്ധപദവി പ്രഖ്യാപനത്തിനു മുന്നോടിയായി റോമില്‍ സാന്താ മരിയ മജോരെ ബസിലിക്കയില്‍ നടത്തുന്ന ജാഗരണപ്രാര്‍ഥന സീറോ മലബാര്‍ ആരാധനക്രമത്തിലായിരിക്കും. പൌരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള തിരുസംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ലെയണാര്‍ദോ സാന്ദ്രിയാണു ജാഗരണപ്രാര്‍ഥന നയിക്കുക.

ഇറ്റാലിയന്‍ ഭാഷയില്‍ സീറോ മലബാര്‍ ആരാധനക്രമത്തിലെ റംശ നമസ്കാരമാണ് ജാഗരണപ്രാര്‍ഥനയായി നടത്തുക. മാധ്യസ്ഥ്യ അപേക്ഷകള്‍ മലയാളം, ഹിന്ദി, ഇംഗ്ളീഷ്, ജര്‍മന്‍ ഭാഷകളിലായിരിക്കും. മലയാള ഗായകസംഘവും ഇറ്റാലിയന്‍ ഗായകസംഘവുമായിരിക്കും വിശുദ്ധ ഗീതങ്ങള്‍ ആലപിക്കുക. ഗാനങ്ങള്‍ സുറിയാനി, മലയാളം, ഇറ്റാലിയന്‍ ഭാഷകളിലാണ്. ജാഗരണപ്രാര്‍ഥനാ സമയത്ത് വാഴ്ത്തപ്പെട്ട ചാവറയച്ചന്റെയും വാഴ്ത്തപ്പെട്ട എവുപ്രാസ്യമ്മയുടെയും രൂപങ്ങള്‍ (ഐക്കണ്‍സ്) ബസിലിക്കയുടെ മദ്ബഹയില്‍ പ്രതിഷ്ഠിക്കും.

22ന് ഉച്ചകഴിഞ്ഞ് 3.15നു ജാഗരണപ്രാര്‍ഥനയ്ക്കൊരുക്കമായി വിവിധ ഭാഷകളില്‍ ജപമാല ഉരുവിടും. തുടര്‍ന്ന് ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും ലഘുജീവചരിത്ര വിവരണം നല്‍കും. ജാഗരണപ്രാര്‍ഥനയുടെ തുടക്കത്തില്‍ മാസ്റര്‍ ഓഫ് സെറിമണീസ് ഫാ. നൈജു കളമ്പുകാട്ട് സിഎംഐ കര്‍മക്രമം ചുരുക്കമായി വിശദീകരിക്കും. വിശിഷ്ടാതിഥികളും കാര്‍മികനും ദേവാലയത്തിലേക്കും മദ്ബഹയിലേക്കും പ്രവേശിക്കുന്നതിനുള്ള പ്രദക്ഷിണത്തിനു രണ്ടു ഭാഗങ്ങളുണ്ട്.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍