ശ്രീലകം തുറന്നു; ഗീതാമണ്ഡലത്തില്‍ ഇനി വൃതശുദ്ധിയുടെ നാളുകള്‍
Friday, November 21, 2014 10:14 AM IST
ഹാനോവര്‍പാര്‍ക്ക്: അമേരിക്കയിലാദ്യമായി കേരളീയ വാസ്തുവിദ്യയില്‍ നാരാണന്‍ കുട്ടപ്പന്‍, അപ്പുക്കുട്ടന്‍ കാലാക്കല്‍ എന്നിവര്‍ ചേര്‍ന്ന് രൂപകല്‍പ്പന ചെയ്ത ശ്രീധര്‍മ്മശാസ്താവിന്റെ ശ്രീകോവില്‍ പ്രതിഷ്ഠാകര്‍മ്മവും അതോടനുബന്ധിച്ച് മകരവിളക്ക് മഹോത്സവം വരെ നീണ്ടുനില്‍ക്കുന്ന മണ്ഡലപൂജ ഉത്സവത്തിനും ഗീതാമണ്ഡലത്തില്‍ കഴിഞ്ഞവാരം തുടക്കം കുറിച്ചു.

ശരണമന്ത്രങ്ങള്‍ അന്തരീക്ഷത്തെ പ്രഭാപൂരിതമാക്കിയ സായംസന്ധ്യയില്‍ അയ്യപ്പന് കളഭാഭിഷേകം നടത്തി കര്‍പ്പൂരദീപം തെളിയിക്കാന്‍ ഒരു വന്‍ ഭക്തജനക്കൂട്ടം തന്നെ ഹാനോവര്‍ പാര്‍ക്കിലെ ആസ്ഥാന മന്ദിരത്തില്‍ വളരെ നേരത്തെ തന്നെ സന്നിഹിതരായിരുന്നു.

ലക്ഷ്മി നാരായണന്‍, ശിവരാമകൃഷ്ണ അയ്യര്‍, ശ്രീരാജാമണികണ്ഠന്‍ തുടങ്ങിയവരുടെ കാര്‍മികത്വത്തില്‍ ആനന്ദ് പ്രഭാകര്‍ നേതൃത്വം നല്‍കിയ ചടങ്ങില്‍ രുദ്ര- ചമക മന്ത്രഗണപാരായണവും, നെയ്യഭിഷേകവും അര്‍ച്ചനയും നടത്തി. നെയ്യഭിഷിക്തനായ ഭഗവാനും, ശ്രുതിമനോരമായ ഭജനയും കൂടിച്ചേര്‍ന്നപ്പോള്‍ ഭക്തമനസുകളില്‍ ഒരായിരം യജ്ഞപുണ്യങ്ങളുടെ സായൂജ്യം അലയിളകി. കൈവിളക്കും കര്‍പ്പൂരദീപവും ശരണമന്ത്രങ്ങളും കൊണ്ട് മുഖരിതമായ മണ്ഡലാങ്കണം അക്ഷരാര്‍ത്ഥത്തില്‍ മാമലവാസന്റെ തിരുസന്നിധാനം കണക്കെ കോടിദിവാകര ശോഭയില്‍ വിളങ്ങി. നിത്യനിര്‍മ്മലനായ പരമേശ്വരപുത്രന്റെ അനുഗ്രഹാശീര്‍വാദങ്ങള്‍ ഏറ്റുവാങ്ങാന്‍ ഹൃദയങ്ങളില്‍ അധ്യാത്മചൈതന്യത്തിന്റെ പൊന്‍തിരി തെളിയിച്ച് മലയാളക്കരയ്ക്കൊപ്പം മറുനാടും ഒരുങ്ങിയതിന്റെ ശംഖൊലി കേള്‍ക്കയായി.

ദേവന്മാരുടെ ആഗ്രഹപ്രകാരം ശിവവിഷ്ണുമായയില്‍ അവതരിച്ച ഹരിഹര പുത്രന്‍ മഹിഷി നിഗ്രഹമെന്ന അവതാരോദ്ദേശം പൂര്‍ത്തിയാക്കി ശബരിമലയില്‍ കുടികൊള്ളുന്നു എന്നാണ് വിശ്വാസം. കര്‍മ്മ, ഭക്തി, ജ്ഞാനയോഗങ്ങള്‍ സമ്മിശ്രമായി സമന്വയിപ്പിച്ചുള്ള ഒരു സാധനയാണ് മണ്ഡലകാല വൃതവും ശബരിമല തീര്‍ഥാടനവും. ഇവിടെയെത്തുന്ന നാനാജാതി മതസ്ഥരായ ലക്ഷോപലക്ഷം തീര്‍ഥാടകരും ഏകമനസ്കരായി നാടിന്റെ രക്ഷാപുരുഷന്‍ എന്ന നിലയിലാണ് ധര്‍മ്മശാസ്താവിനെ വണങ്ങുന്നത്.

'തത്വമസി' ഞാനും നീയും ഒന്നുതന്നെ, നിന്റെ ഉള്ളിലും എന്റെ ഉള്ളിലുമുള്ള ആത്മചൈതന്യം ഒന്നുതന്നെ എന്ന മഹദ് സന്ദേശത്തിന്റെ പരംപൊരുളായ ശ്രീധര്‍മ്മശാസ്താവിന്റെ ദര്‍ശനസാഫല്യ ദിനത്തിനായി കാത്തിരിക്കുന്ന എല്ലാ അയ്യപ്പഭക്തന്മാര്‍ക്കും ഭക്തിനിര്‍ഭരമായ ഒരു മണ്ഡലകാലം നേര്‍ന്നുകൊണ്ട്, വരും നാളുകളില്‍ എല്ലാ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകുന്നേരം ആറു മുതല്‍ 7020 ആമൃൃശിഴീി ഞീമറ , ഒമ്ിീലൃ ജമൃസ, കഘ 60133 സ്ഥിതിചെയ്യുന്ന ഗീതാമണ്ഡലത്തിന്റെ ആസ്ഥാന മന്ദിരത്തില്‍ പ്രത്യേക പൂജയും ഭജനയും ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം