ജര്‍മനിയിലെ തൂറിംഗന്‍ സംസ്ഥാനത്ത് കമ്യൂണിസ്റ് ഭരണം ഉറപ്പായി
Friday, November 21, 2014 10:13 AM IST
ബര്‍ലിന്‍: പൂര്‍വജര്‍മനിയില്‍ കമ്യൂണിസ്റ് ഭരണം അവസാനിച്ചതിനു 25 വര്‍ഷത്തിനു ശേഷം ആദ്യമായി ഒരു ജര്‍മന്‍ സ്റേറ്റില്‍ ഇടതുപക്ഷത്തെ ദി ലിങ്കെയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നു. മുന്‍ കിഴക്കന്‍ ജര്‍മന്‍ സംസ്ഥാനമായ തുറിംഗനില്‍ ഇടതുപാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മുന്നണി ഭരണത്തിന് ധാരണയായി.

ചാന്‍സലര്‍ അംഗലാ മെര്‍ക്കലിന്റെ വിശാല മുന്നണി കൂട്ടുകെട്ടിലെ പങ്കാളിയായ സോഷ്യലിസ്റുകളും (എസ്പിഡിയും) പരിസ്ഥിതി വാദികളായ ഗ്രീന്‍ പാര്‍ട്ടിയുമാണ് ദി ലിങ്കെയെ സര്‍ക്കാര്‍ രൂപീകരണത്തില്‍ സഹായിക്കുക. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടു. ഇതനുസരിച്ച് ജര്‍മന്‍ കമ്യൂണിസ്റ് പാര്‍ട്ടിയായ ദി ലിങ്കെയിലെ ബോഡോ റാമലോ (58) ഡിസംബര്‍ ഒന്നിന് സംസ്ഥാന മുഖ്യമന്ത്രിയായി അനികാരമേല്‍ക്കും. ബര്‍ലിന്‍ മതിലിന്റെ പതനത്തിനുശേഷം ആദ്യമായി ഒരു കമ്യൂണിസ്റ് ഭരണം ജര്‍മനിയില്‍ ഉദയംകൊള്ളുകയാണ്.

ജര്‍മനിയിലെ പല സ്റേറ്റുകളിലെയും സര്‍ക്കാരുകളില്‍ ദി ലിങ്കെ മുമ്പും പങ്കാളിയായിരുന്നു. എന്നാല്‍, ഒരു സര്‍ക്കാരിനെ നയിക്കുന്നത് ഇതാദ്യം. പൂര്‍വ ജര്‍മനി ഭരിച്ചിരുന്ന കമ്യൂണിസ്റ് പാര്‍ട്ടിയുടെ പിന്‍ഗാമിയാണ് ദി ലിങ്കെ.

ഇടതുപക്ഷത്തിന്റെ ലക്ഷ്യം സെന്‍ട്രിസ്റ് വോട്ടുകള്‍ തൂറിംഗനില്‍ സര്‍ക്കാരിനു നേതൃത്വം നല്‍കാന്‍ അവസരം ലഭിച്ച ദി ലിങ്കെ പാര്‍ട്ടി ലക്ഷ്യമിടുന്നത് സെന്‍ട്രിസ്റ് വോട്ടുകളാണ്. എല്ലാം വ്യത്യസ്തമായി ചെയ്യാനായിരിക്കില്ല, കൂടുതല്‍ നന്നായി ചെയ്യാനായിരിക്കും തൂരിംഗനില്‍ സര്‍ക്കാര്‍ ശ്രമിക്കുക എന്നാണ് പാര്‍ട്ടി നേതാക്കളുടെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍.

സോഷ്യല്‍ ഡെമോക്രാറ്റുകളും ഗ്രീന്‍ പാര്‍ട്ടിയുമാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഡൈ ലിങ്കെയ്ക്ക് പിന്തുണ നല്‍കുന്നത്. പൂര്‍വ ജര്‍മനി ഭരിച്ചിരുന്ന പഴയ കമ്യൂണിസ്റ് പാര്‍ട്ടിയുടെ പിന്തുടര്‍ച്ചക്കാരാണ് ഡി ലിങ്കെ.

കമ്യൂണിസ്റ് പാര്‍ട്ടിക്ക് പിന്തുണ നല്‍കുന്നതിനെതിരേ എസ്പിഡിക്കും ഗ്രീന്‍ പാര്‍ട്ടിക്കുമെതിരേ ശക്തമായ പ്രക്ഷോഭങ്ങള്‍ സ്റേറ്റില്‍ നടന്നുകഴിഞ്ഞെങ്കിലും ഒന്നും കാര്യമായി വിലപ്പോയില്ല. സെന്‍ട്രിസ്റ് വോട്ടര്‍മാരെ തങ്ങളുടെ നയത്തിലൂടെ ആകര്‍ഷിച്ച് പ്രതിഷേധം ഇല്ലാതാക്കാമെന്ന പ്രതീക്ഷയിലാണ് ദി ലിങ്കെ നേതാക്കള്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍