പുനര്‍വിവാഹം കഴിക്കുന്നവരെ പുറത്താക്കാന്‍ കത്തോലിക്കാ സഭയ്ക്ക് അവകാശമുണ്ട്: ജര്‍മന്‍ കോടതി
Friday, November 21, 2014 10:13 AM IST
ബര്‍ലിന്‍: കത്തോലിക്കാ സഭയുടെ നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ സ്റേറ്റ് അവരെ അനുവദിക്കണമെന്ന് ജര്‍മന്‍ ഭരണഘടനാ കോടതി അധ്യക്ഷന്‍ ആന്‍ഡ്രിയാസ് വോസ്കുലെ. ഡൈവോഴ്സ് നേടിയ ശേഷം പുനര്‍വിഹാഹം ചെയ്തതിന്റെ പേരില്‍ ജോലി നഷ്ടപ്പെട്ട ആള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി വിധി.

ഡ്യുസല്‍ഡോര്‍ഫിലെ കത്തോലിക്കാ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ചീഫ് ഡോക്ടര്‍, പുനര്‍വിവാഹത്തിന്റെ പേരില്‍ ജോലി പോയതിനെതിരേ ഫെഡറല്‍ ലേബര്‍ കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചിരുന്നു. ഇത് റദ്ദാക്കിയിരിക്കുകയാണ് ഭരണഘടനാ കോടതി.

സഭയുടെ സ്വയംനിര്‍ണയാവകാശം കണക്കിലെടുക്കാതെയാണ് ലേബര്‍ കോടതി വിധി പ്രഖ്യാപിച്ചതെന്നും ഭരണഘടനാ കോടതി നിരീക്ഷിച്ചു. ജര്‍മന്‍ ഭരണഘടനയില്‍ തന്നെ സഭയ്ക്ക് പ്രത്യേക അധികാരങ്ങള്‍ അനുവദിച്ചുകൊടുത്തിട്ടുള്ളതാണ്.

അതേസമയം, ജോലി നഷ്ടപ്പെട്ട ഡോക്ടറുടെ ഭാഗം കോടതി നിരാകരിച്ചിട്ടില്ല. മറിച്ച്, സഭയുടെ അവകാശങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ട് ഡോക്ടറുടെ വാദം ഒരിക്കല്‍ക്കൂടി കേള്‍ക്കാന്‍ ലേബര്‍ കോടതിയോട് നിര്‍ദേശിച്ചിരിക്കുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍