ആതിര കാത്തിരിക്കുന്നു; കാരുണ്യത്തിന്റെ കനലണയാത്ത മനുഷ്യസ്നേഹത്തിനായി
Friday, November 21, 2014 10:12 AM IST
ന്യൂഡല്‍ഹി: കൃഷ്ണപ്രിയക്കും വിഷ്ണുപ്രിയക്കും പിന്നാലെ മറ്റൊരു മലയാളി പെണ്‍കുട്ടി കൂടി ദുരിതം പേറി ആശുപത്രി കിടക്കയില്‍. ഇത് കഥ തികച്ചും വ്യത്യസ്തം. കുടുംബത്തിന്റെ ഏക അത്താണിയായ ആതിര എന്ന ഈ കുട്ടിയെ വാഹനാപകടത്തിന്റെ രൂപത്തിലാണ് വിധി വേട്ടയാടിയത്.

എരുമേലി, ഇരുമ്പൂന്നിക്കര പ്ളാമൂട്ടില്‍ വിജയന്റെയും ഓമനയുടെയും മൂത്ത മകള്‍ ആതിര ഗുഡ്ഗാവ് മെദാന്ത മെഡിസിറ്റി ആശുപത്രിയില്‍ ഒരു വര്‍ഷം മുമ്പ് ജോലിക്ക് കയറുമ്പോള്‍ നെയ്തുകൂട്ടിയ സ്വപ്നങ്ങളാണ് കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ എട്ടിന് ആശുപത്രിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ വിധി തട്ടി തെറുപ്പിച്ചത്. സ്വന്തമായി ചെറിയൊരു വീട്, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൃദ്രോഗത്തിന് ചികിത്സയില്‍ കഴിയുന്ന അച്ഛനു നല്ല ചികിത്സ, എട്ടാം ക്ളാസില്‍ പഠിക്കുന്ന സഹോദരന്മാരെ ഉയര്‍ന്ന നിലയില്‍ എത്തിക്കണം, നഴ്സിംഗ് പഠിക്കുവാന്‍ ബാങ്കില്‍ നിന്നുമെടുത്ത പണം തിരിച്ചടക്കണം ഇതൊക്കെ ആയിരുന്നു സ്വപ്നങ്ങള്‍.

തലയ്ക്കു ഗുരുതര പരിക്കുകളേറ്റ് രണ്ടു ദിവസം വെന്റിലേറ്ററില്‍ മരണത്തോടു മല്ലിട്ട് മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആതിരക്കു ആശുപത്രി അധികൃതരുടെ കാരുണ്യത്താല്‍ അടിയന്തരമായി ശസ്ത്രക്രിയ നടത്തിയതു മൂലം ജീവിതം തിരിച്ചു കിട്ടി. പക്ഷെ ആറുമാസമെങ്കിലും കുറഞ്ഞത് വേണം സുഖം പ്രാപിക്കുവാന്‍ എന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്.

നാട്ടിലെ വാടക വീട്ടില്‍ അച്ഛനും അമ്മയും രണ്ടു കുഞ്ഞാങ്ങളമാരും ആതിരക്കു കിട്ടുന്ന തുച്ഛമായ ശമ്പളത്തില്‍ നിന്നും മിച്ചം പിടിച്ച് അയച്ചുകൊടുക്കുന്ന പണം കൊണ്ടാണ് ജീവിതം മുമ്പോട്ടു നീക്കിയിരുന്നത്. ബന്ധുക്കളെല്ലാം ചെറിയ വരുമാനക്കാരാണ്. മകളുടെ ചികിത്സാ ചെലവിനും ദിവസചെലവിനും വിജയന്റെ ചികിത്സക്കും ഇനി എങ്ങനെ പണം കണ്െടത്തും ? കരഞ്ഞു കണ്ണീര്‍ വറ്റിയ ഓമന എന്ന അമ്മയുടെ ഹൃദയ നൊമ്പരം കാരുണ്യത്തിന്റെ കനലണയാത്ത മനുഷ്യസ്നേഹത്തിനായി കാത്തിരിക്കുന്നു.

വിവരം അറിഞ്ഞു ഗുഡ്ഗാവിലെ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സഹായ ഹസ്തവുമായി എത്തിയെങ്കിലും ആശുപത്രി ചെലവു മാത്രം അഞ്ചു ലക്ഷത്തോളം വരുന്ന തുക സ്വരുക്കൂട്ടാന്‍ അവര്‍ക്കാകില്ലല്ലൊ. ദുരിതക്കടലില്‍ കഴിയുന്ന ആതിരയുടെയും കുടുംബത്തിന്റെയും കണ്ണീരൊപ്പാന്‍ വായനക്കാരായ നമുക്കാവില്ലേ ?

അതിനായി പി.വി. ആതിരയുടെ പേരില്‍ ഗുഡ്ഗാവിലെ സെക്ടര്‍ 31ലുള്ള യെസ് ബാങ്കിലെ 000290200155544 എന്ന അക്കൌണ്ട് നമ്പറില്‍ പണം അടക്കാം. കഎടഇ കോഡ് 0000260.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9999981884 ണ്ട 8742999632.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി