സുഷാമോള്‍ സുരേഷ് സ്റേജിലെ നടന വിസ്മയം: മോന്‍സ് ജോസഫ്
Friday, November 21, 2014 8:17 AM IST
മെല്‍ബണ്‍: മെല്‍ബണ്‍ മലയാളികളുടെ സായംസന്ധ്യകളില്‍ സ്റേജില്‍ നടന വിസ്മയം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സുഷാമോള്‍ സുരേഷിന് മുന്‍ മന്ത്രിയും എംഎല്‍എയുമായ മോന്‍സ് ജോസഫ് അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു.

കഴിഞ്ഞ ആറുവര്‍ഷക്കാലമായി ഓസ്ട്രേലിയയിലെ പ്രത്യേകിച്ച് മെല്‍ബണിലെ വിവിധ മലയാളി സംഘടനകള്‍ നടത്തുന്ന കലാപരിപാടികളില്‍ സുഷാമോള്‍ സുരേഷിന്റെ സാന്നിധ്യം മലയാളികള്‍ തിരിച്ചറിഞ്ഞിരുന്നു.

ഗ്ളോബല്‍ മലയാളി കൌണ്‍സില്‍ ഗ്ളോബല്‍ കണ്‍വന്‍ഷന്‍ മെല്‍ബണില്‍ നടത്തിയപ്പോള്‍ വെല്‍ക്കം ഡാന്‍സ് അവതരിപ്പിച്ചുകൊണ്ട് കേരളത്തിന്റെ തനതായ പാരമ്പര്യം മുറുകെ പിടിച്ച് ആദ്യമായി പൊതുവേദിയില്‍ എത്തിയത്. അതിനുശേഷം മെല്‍ബണില്‍ നടന്ന വിവിധ സംഘാടകരുടെ സ്റാര്‍ നൈറ്റ് പരിപാടികളില്‍ എല്ലാം സുഷാമോളുടെയും കുട്ടികളുടേയും സാന്നിധ്യം പ്രകടമായിരുന്നു. ചെറുപ്പം മുതല്‍ നൃത്തത്തോട് താല്‍പര്യം തോന്നുകയും മാതാപിതാക്കളും ഈ കഴിവ് കണ്ട് സുഷാമോളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കലാമണ്ഡലം സരോജിനി പ്രഭയില്‍ നിന്നാണ് നൃത്തത്തിന്റെ ആദ്യാക്ഷരം സുഷാമോള്‍ മനസിലാക്കുന്നത്. തുടര്‍ന്ന് എറണാകുളത്തെ കേന്ദ്രീയ വിദ്യാലയം നേവല്‍ ബേസില്‍ സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് നിരവധി മത്സരങ്ങളില്‍ ഡാന്‍സിന് ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നു. 12-ാം ക്ളാസ് വരെ കേന്ദ്രീയ വിദ്യാലയം നേവല്‍ ബേസിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഡാന്‍സുകാരില്‍ ഒന്നായി സുഷാമോള്‍.

വിവാഹശേഷം മെല്‍ബണില്‍ എത്തിയ സുഷാ സുരേഷ് ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പിടി എന്നിവയില്‍ കഴിവ് തെളിയിച്ചു. 2010 ഒക്ടോബറില്‍ സ്കന്തമാതാ സ്കൂള്‍ ഓഫ് ഡാന്‍സ് ആന്‍ഡ് മ്യൂസിക് എന്ന പേരില്‍ ഡാന്‍സ് സ്കൂള്‍ ആരംഭിക്കുകയും ഇന്ന് നൂറില്‍പരം കുട്ടികളെ വിവിധ തരത്തിലുളള നൃത്തങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. മെല്‍ബണിലെ വിവിധ സ്ഥലങ്ങളില്‍ കുട്ടികളെ ഡാന്‍സ് പഠിപ്പിക്കുവാന്‍ സെന്ററുകളും ആരംഭിച്ചു. പ്രശസ്ത ആര്‍ട്ട് ഡയറക്ടര്‍ സൂര്യ കൃഷ്ണമൂര്‍ത്തി മെല്‍ബണില്‍ നടത്തിയ സൂക് ഫെസ്റിവല്‍ 2012, 2013 സുഷാമോള്‍ സുരേഷിന്റെ നേതൃത്വത്തിലായിരുന്നു നടന്നത്.

പ്രശസ്ത ഡാന്‍സറും നടനുമായ വിനീതും ചേര്‍ന്ന് സ്ക്കന്തമാതാ ഡാന്‍സ് സ്കൂളിന്‍െ ആഭിമുഖ്യത്തില്‍ നടന വിസ്മയം സൃഷ്ടിച്ചു. വിവിധ മലയാളി സംഘടനകളുടെ കലാപരിപാടികളില്‍ കോറിയോഗ്രാഫി ചെയ്ത് സുഷാമോള്‍ സുരേഷ് വ്യത്യസ്തയാകുകയും ചെയ്തു.

പ്രവാസി കേരളാ കോണ്‍ഗ്രസും ഗ്ളോബല്‍ മലയാളി കൌണ്‍സിലും സംയുക്തമായി നടത്തിയ പ്രവാസി കേരളാ കലാസന്ധ്യയില്‍ പ്രശസ്ത സിനിമാതാരം നീനാ കുറുപ്പിനോടൊപ്പം ഒരു സെമി ക്ളാസിക് ഡാന്‍സിലും ഒരു ബോളിവുഡ് ഡാന്‍സിലും സുഷാമോളും കുട്ടികളും തിങ്ങി നിറഞ്ഞ കാണികളുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി. സുഷാമോള്‍ സുരേഷിന്റെ മെല്‍ബണിലെ നൃത്തത്തിലുളള സംഭാവനകളെ കണക്കാക്കിയാണ് സംഘാടകര്‍ അച്ചിവ്മെന്റ് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്. ചടങ്ങില്‍ പങ്കെടുത്ത മോന്‍സ് ജോസഫും നീനാ കുറുപ്പും സുഷാമോള്‍ സുരേഷിന്റെ ഡാന്‍സ് പ്രകടനത്തെ അഭിനന്ദിക്കുയും ചെയ്തു.

പ്രവാസി കേരളാ കോണ്‍ഗ്രസ് ഓസ്ട്രേലിയ പ്രസിഡന്റ് റെജി പാറയ്ക്കന്‍, മെല്‍ബണ്‍ ഘടകം പ്രസിഡന്റ് സെബാസ്റ്യന്‍ ജേക്കബ്, സെക്രട്ടറി തോമസ് വാതപ്പളളി, കോഓര്‍ഡിനേറ്റര്‍ സജി മുണ്ടയ്ക്കല്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. മുന്‍ മന്ത്രിയും എംഎല്‍എയും കേരളത്തിലെ ജനകീയനായ നേതാവുമായ മോന്‍സ് ജോസഫില്‍ നിന്ന ഈ അവാര്‍ഡ് സ്വീകരിക്കാന്‍ സാധിച്ചതില്‍ താന്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നു എന്നും തന്നെ പ്രോത്സാഹിപ്പിച്ച ഏവര്‍ക്കും നന്ദിയും സുഷാമോള്‍ സുരേഷ് അറിയിച്ചു.